ലേഖനം: വിജയിക്കുന്ന ദ’ലീല’കൾ

ജസ്റ്റിൻ ജോർജ് കായംകുളം

വിരൽ തുമ്പിൽ പുതിയ വിസ്ഫോടനങ്ങൾ തീർക്കുന്ന കാലചക്ര ശീഘ്രഗമനം..ലോകം മുഴുവൻ കൈക്കുമ്പിളിൽ ഒതുക്കി എന്ന് അവകാശപ്പെടുന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു..ആക്ഷരീകമായ വളർച്ചയേക്കാൾ ഇന്റർനെറ്റ് യുഗത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ നെട്ടോട്ടമോടുന്ന അഭിഷിക്തന്മാർ….വേദപുസ്തകത്തിനും പ്രമാണങ്ങൾക്കും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ കൊണ്ട് തർക്ക സൂത്രങ്ങൾ രചിക്കുന്നു….ശാസ്ത്രം പുരോഗമിക്കുന്നു..ആവിഷ്കാര സ്വാതന്ത്ര്യവും… വീണ്ടു വിചാരവും ദൈവ സ്നേഹവും എങ്ങോ പോയ് മറഞ്ഞത് പോലെ….കാലത്തിനൊത്ത് കോലം മാറുന്ന ദൈവ സഭകളും അഭിഷിക്തൻമാരും….ഒരു തെറ്റിനെ മറയ്ക്കാൻ നൂറു നൂറു തെറ്റുകൾ ചെയ്‌ത്‌ കൂട്ടുന്നു….എറിഞ്ഞു വീഴ്ത്താൻ കൈകളിൽ കല്ലുകളേന്തി പരീശ പ്രമാണികൾ ചുറ്റും കൂടുന്നു…. നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ എന്ന നാഥന്റെ വാക്കുകൾ എവിടെയോ പ്രതിധ്വനിച്ചു മറയുന്നു.. മറയുന്നു..സ്വന്ത തെറ്റിനെ ഉടുതുണി ഉടുപ്പിക്കുന്നവർ അന്യന്റെ തെറ്റിനെ അനാവൃതമാക്കുന്നു…..വീണു പോയവനെ ചവിട്ടി താഴ്ത്തിയവർ തന്നെ അവനെ കുഴിയിൽ നിന്ന് കയറ്റാൻ പൊതു മധ്യത്തിൽ പ്രത്യക്ഷപ്പെടുന്നു..അറിഞ്ഞു കൊണ്ട് ദലീലയുടെ മടിയിൽ തല വെച്ച് സ്വയം അപഹാസ്യരാകുന്നു..സൂര്യനെപ്പോലെ എന്ന് അർത്ഥമുള്ള പേരിന്റെ ഉടമസ്ഥൻ, വേദപുസ്തക ചരിത്രത്തിലെ അതികായൻ..ജനിക്കുന്നതിന് മുന്നേ തിരഞ്ഞെടുക്കപ്പെട്ടവൻ….ദൈവ നിയോഗത്തിന്റെ വാഗ്ദത്തവുമായി വന്നവൻ…മറ്റാരുമല്ല ‘ശിംശോൻ’ ‘ ജഡീക സ്നേഹത്തിന്റെ മടിയിൽ തല ചായ്ച്ചുറങ്ങി നിയോഗം നഷ്ടപ്പെടുത്തിയ അഭിഷേകം നഷ്ടപ്പെട്ട ശുശ്രുഷകൻ….ഇന്നത്തെയെന്നല്ല എന്നാളുമുള്ള അഭിഷിക്തന്മാർ ഭയത്തോടെ ഉറ്റു നോക്കേണ്ട ജീവിതം…. ശുശ്രുഷ കാലയളവിൽ കർത്താവിനു വേണ്ടി അത്ഭുതങ്ങളും അടയാളങ്ങളൂം ചെയ്തവർ സാഹചര്യത്തെ പഴി പറഞ്ഞു ജഡീക അഭിലാഷത്തിന്റെ മടിയിൽ തല വെച്ചുറങ്ങുകയാണ് ….സ്ഥാനമാന സാമ്പത്തിക അധികാര വിഭ്രമ ദലീലയുടെ മടിയിൽ അഭിഷേകവും ആത്മീയവും പണയപ്പണ്ടമാകുന്നു …പാപത്തിന്റെ സുഖം ജഡത്തെ കീഴ്പ്പെടുത്തിയാൽ നാം ആരാണെന്നുള്ള ബോധം നഷ്ടപ്പെടുന്നു… പതിറ്റാണ്ടുകൾ ദൈവീക ശുശ്രുഷയിൽ പ്രയോജനപ്പെട്ടവർ ദലീലയുടെ മുന്നിൽ പരാജയപ്പെട്ടു രഹസ്യങ്ങൾ വെളിപ്പെടുത്തി വിശ്വാസത്യാഗികൾ ആയിത്തീരുന്നു.. കുടുങ്ങിപ്പോയി എന്ന് തിരിച്ചറിഞ്ഞിട്ടും തന്റെ പ്രതിജ്ഞയെ വിലമതിക്കാതെ ഒന്നിലധികം പ്രാവശ്യം രക്ഷപ്പെടുവാൻ അവസരം ലഭിച്ചിട്ടും പുർവാധികം ആഗ്രഹത്തോടെ അതേ മടിത്തട്ടിൽ തലവെച്ചുറങ്ങുകയാണ്…ദൈവ നിയോഗം ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ദൈവ നാമത്തെ ഉയർത്തേണ്ടവൻ ക്ഷേത്ര മുറ്റത്തു കണ്ണ് കുത്തിപ്പൊട്ടിക്കപ്പെട്ടവനായി ജാതികൾക്കു കാഴ്ച വസ്തു ആയിത്തീർന്നിരിക്കുന്നു…എന്തൊക്കെയൊ കാട്ടിക്കൂട്ടി എന്നവകാശപ്പെട്ട് കൊണ്ട് ലോകത്തിന്റെ മടിത്തട്ടു തേടി പോകുന്നവർക്ക് മുന്നറിയിപ്പായി സ ശിംശോൻ നമുക്ക് മുന്നിൽ വരച്ചു കാണിക്കപ്പെട്ടിരിക്കുന്നു..
കാൽവറി ക്രൂശിന്റെ ദർശനം ഉള്ളിന്നുള്ളിൽ ആഴമായി ദർശിക്കപ്പെടട്ടേ..ദലീലമാർ പ്രലോഭനത്തിന്റെ മധുരഭാഷണവുമായി വരുമ്പോൾ ഉറക്കത്തിന്റെ ആലസ്യം നമ്മെ പുണരാൻ അനുവദിക്കരുത്.. നിങ്ങൾക്ക് ചുറ്റും പൊങ്ങുന്ന മതിലുകൾ നിങ്ങളുടെ കാലുകൾക്ക് വീഴുന്ന ചങ്ങലകൾ കണ്ണിനു നേരേ വരുന്ന ആയുധങ്ങൾ ഓർക്കുക ….ഉറക്കം മതിയാക്കുക..കർത്താവിന്റെ നാമത്തിൽ ഉണരുക…വീണിടത് നിന്നും എഴുന്നേൽക്കുന്നവനാണ് വിജയത്തിന്റെ കിരീടം…

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.