ലേഖനം: സ്വപ്നത്തിൽ നിന്നും ഉയർച്ചയിലേക്ക്

ജെ പി വെണ്ണിക്കുളം

യാക്കോബിന്‌ തന്റെ മക്കളിൽ ഏറ്റവും പ്രിയം യോസേഫിനോടായിരുന്നു. ഇത് മറ്റു മക്കൾക്ക്‌ സഹിക്കാൻ പറ്റില്ലായിരുന്നു. എന്തിനേറെ സമാധാനമായി സംസാരിക്കാൻ പോലും അവർക്കു കഴിഞ്ഞില്ല. ഇതിനിടെയിലാണ് യോസേഫ് ഒരു സ്വപ്നം കാണുന്നത്. അത് സഹോദരന്മാർക്ക് അവനോടുള്ള പക വർധിക്കുന്നതിന് കാരണമായി. കറ്റയെ സംബന്ധിച്ചുള്ള യോസേഫിന്റെ സ്വപ്നം കേട്ടിട്ട് സഹോദരന്മാർ ചോദിച്ചു; നീ ഞങ്ങൾക്ക് രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ? (ഉല്പത്തി 37:8). യോസേഫ് വീണ്ടും സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവനെ നമസ്കരിക്കുന്നു! ഇക്കാര്യം അപ്പനോടും സഹോദരന്മാരോടും പറഞ്ഞപ്പോൾ അപ്പൻ അവനെ ശാസിച്ചു. ഞങ്ങൾ നിന്നെ നമസ്കരിക്കാൻ വരുമോ? ഇതു കേട്ട സഹോദരന്മാർക്ക് അവനോടു അസൂയ തോന്നിയെങ്കിലും അപ്പൻ ഈ വാക്കുകൾ മനസ്സിൽ സംഗ്രഹിച്ചു (വാക്യം 11). അവർ അവനെ നശിപ്പിക്കുവാനുള്ള പദ്ധതികൾ തയ്യാറാക്കുവാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് ആടുകളെ മേയ്ക്കാൻ പോയ സഹോദരന്മാരുടെ ക്ഷേമവിവരം അന്വേഷിക്കാൻ അപ്പൻ യോസേഫിനെ അയച്ചത്. യോസേഫിനെ കണ്ട സഹോദരന്മാർ അവൻ അടുക്കൽ എത്തും മുന്നേ അവനു വിരോധമായി ദുരാലോചന ചെയ്തു. അവനെ ‘സ്വപ്നക്കാരൻ’ എന്ന് വിളിച്ചു കൊന്നു കുഴിയിൽ ഇട്ടുകളയുവാൻ പദ്ധതിയിട്ടു. എന്നാൽ രൂബേന്റെ സമയോചിതമായ ഇടപെടൽ അവനെ കൊല്ലുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചു. അവനെ അവർ പൊട്ടകിണറ്റൽ ഇട്ടു. യഹൂദയുടെ ഇടപെടൽ ആണ് അവനെ കൊല്ലാതെ യിശ്മായേല്യ കച്ചവടക്കാർക്ക് വിൽക്കാൻ പ്രേരിപ്പിച്ചത്. യോസേഫിനെ ദുഷ്ടമൃഗം തിന്നുകളഞ്ഞു എന്ന് അപ്പനെ വിശ്വസിപ്പിക്കാൻ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു യോസേഫിന്റെ അങ്കി രക്തത്തിൽ മുക്കി. അപ്പൻ എറിയനാൾ മകനെച്ചൊല്ലി ദുഃഖിച്ചു. എന്നാൽ മിദ്യാന്യർ അവനെ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫറിന് വിറ്റു.

യഹോവ യോസേഫിനോട് കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ കൃതാർത്ഥനായി (39:2). ദൈവകൃപയുള്ളവനെ പോത്തീഫർ തിരിച്ചറിഞ്ഞു. എന്നാൽ അരുതാത്ത ചിന്തകളുമായി നടന്ന അവന്റെ ഭാര്യ യോസേഫിനെ പാപം ചെയ്യാൻ നിർബന്ധിച്ചു. പ്രലോഭനങ്ങളിൽ വീഴാതെ യോസേഫ് തന്നെത്തന്നെ സൂക്ഷിച്ചു. ഭാര്യ പറഞ്ഞ കള്ളത്തരങ്ങൾ വിശ്വസിച്ച പോത്തീഫർ യോസേഫിനെ കാരാഗൃഹത്തിൽ ആക്കി. എന്നാൽ ദൈവം യോസേഫിനോട് കൂടെ ഉണ്ടായിരുന്നു. അവിടെയും അവൻ വിചാരകനായി.

മിസ്രയീം രാജാവിന്റെ പാനപാത്ര വാഹകനും അപ്പക്കാരുടെ പ്രമാണിയും കുറ്റവാളികളായി യോസേഫ് കിടന്ന അതെ തടവറയിൽ വന്നു. ഇരുവരുടെയും സ്വപ്നം വ്യാഖ്യാനിച്ചു യോസേഫ് അവിടെയും തന്റെ ദൈവത്തിലുള്ള ആശ്രയം വെളിപ്പെടുത്തി. പിന്നീട് ഫറവോൻ കണ്ട സ്വപ്നവും യോസേഫ് വ്യാഖ്യാനിച്ചു. ഫറവോന്റെ സ്വപ്നം വ്യാഖ്യാനിച്ചതിലൂടെ യോസേഫിന്റെ ചരിത്രം മാറുകയായിരുന്നു. ” നീ എന്റെ ഗൃഹത്തിന് മേലധികാരിയായിരിക്കും; നിന്റെ വാക്കു എന്റെ ജനം എല്ലാം അനുസരിച്ചു നടക്കും. സിംഹാസനം കൊണ്ട് മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” ഫറവോൻ പറഞ്ഞു (41:40).

ഭൂതലത്തിൽ ഒക്കെയും ക്ഷാമം ഉണ്ടായപ്പോൾ യോസേഫിന്റെ ബുദ്ധിപരമായ നീക്കത്തിന്റെ ഫലം മിസ്രയേമ്യർ അനുഭവിച്ചു. സകല ദേശക്കാരും ധാന്യം വാങ്ങുവാൻ മിസ്രയീമിൽ വന്നു. അക്കൂട്ടത്തിൽ യാക്കോബിന്റെ പുത്രന്മാരും വന്നു. വർഷങ്ങൾക്കു മുൻപ് യോസേഫ് കണ്ട സ്വപ്നം അതോടെ നിറവേറി. സഹോദരന്മാർ അവനെ സാഷ്ടാംഗം നമസ്കരിച്ചു(42:6).

യോസേഫ് കണ്ട സ്വപ്നമാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ഇടക്കാലത്തു ജീവിതത്തിൽ സംഭവിച്ചതൊന്നും അത്ര സുഖകരമായ കാര്യങ്ങൾ അല്ലായിരുന്നെങ്കിലും ഏറ്റുവാങ്ങിയ ഓരോ നിന്ദയ്ക്കും കണ്ണുനീരിനും പ്രാർത്ഥനയ്ക്കും ദൈവം മറുപടി നൽകി. മിസ്രയീമിൽ ഉന്നതനായപ്പോൾ വേണമെങ്കിൽ എല്ലാറ്റിനും പകരം വീട്ടാമായിരുന്നു, എന്നിട്ടും അതു ചെയ്തില്ല. അല്പകാലത്തെക്കുള്ള നിന്ദകളെ ഉരുട്ടിക്കളയുന്ന ഒരു ദൈവം ഉയരത്തിലുണ്ട്. അവൻ നിന്നെയും മാനിക്കും.

അതെ ആ സ്വപ്നമെല്ലാം യാഥാർഥ്യമായി. അപ്പോഴും യോസേഫ് പറയും…

ഉല്പത്തി 50:20 നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.