ലേഖനം: നഴ്സ്മാരെ ആര് രക്ഷിക്കും?

ഡഗ്ലസ് ജോസഫ്

 

കേരളത്തിൽ മറ്റൊരു നേഴ്സിങ്  സമരം അലയടിക്കുകയാണ്. ന്യായമായ ശമ്പളം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ( U .N .A ), ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നേഴ്സ്മാർ സമരമുഖത്താണ്. നഴ്സിംഗ് സംഘടനകൾ ആവശ്യപ്പെടുന്നത് 20000 രൂപ മിനിമം  ശമ്പളം  ആണ് എന്നാൽ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ 12000 രൂപയെ നല്കാൻ തയാറുള്ളൂ സമരത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികൾ മാധ്യമങ്ങളിൽ നിറയുന്നു. ഗവണ്മെന്റ്  നഴ്സിങ് മേഖലയിലെ ഈ  പ്രതിസന്ധി  വേണ്ടത്ര ഗൗരവത്തോടെ കാണുന്നോ എന്നത് സംശയകരമാണ്. ഹോസ്പിറ്റൽ മാനേജ്മെന്റുകൾ നിഷേധനിലപാട് തുടരുന്നു. നഴ്സുമാർ നേരിടുന്ന തൊഴിൽ  പ്രതിസന്ധിക്ക് കാരണം എന്ത്? എന്തുകൊണ്ട് നഴ്സുമാർക്ക് കൂലിപ്പണിക്കാർക്ക് കിട്ടുന്ന വേതനം പോലും ലഭിക്കുന്നില്ല? ജീവൻ രക്ഷാ സേവനമായതിനാൽ അവശ്യ സർവീസിൽ പെടുന്ന നഴ്സുമാർ പണിമുടക്കി സമരം നടത്താനുള്ള കാരണം എന്ത്? ഈ പ്രതിസന്ധിക്ക് ഉത്തരവാദി ഹോസ്പിറ്റൽ മാനേജ്മെന്റ്കൾ മാത്രമാണോ?  പലരും  ശരിയായ ധാരണ ഇല്ലാതെയാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത് . ആയതിനാൽ    നേഴ്സിങ്  പ്രതിസന്ധിയുടെ ഒരു സമഗ്ര വിശകലനമാണ് ഞാൻ ഉന്നം വയ്ക്കുന്നത്.

സമരം എന്തിന്?

സുപ്രീം കോടതി വിധി

2011 ൽ സുപ്രീം കോടതിയിൽ  പ്രൈവറ്റ്  ഹോസ്പിറ്റലിൽ  ജോലി  ചെയ്യുന്ന നഴ്സുമാർക്ക് ന്യായമായ ശമ്പളം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരു ഹർജിയിൽ നിന്നാണ് തുടക്കം. സുപ്രീം കോടതി വിഷയം  പഠിച്ചു നിർദേശങ്ങൾ നല്കാനായി ഒരു സ്പെഷ്യൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി .  കമ്മിറ്റിയുടെ നിർദേശങ്ങൾ  പ്രകാരം 2016 ജനുവരിയിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. എല്ലാ സ്റ്റേറ്റ് ഗവണ്മെന്റ്കളോടും  അൻപതു  ബെഡിൽ കൂടുതലുള്ള പ്രൈവറ്റ്  ഹോസ്പിറ്റലുകളിൽ  ജോലി  ചെയ്യുന്ന നഴ്സുമാർക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ  ജോലി  ചെയ്യുന്ന നഴ്സുമാർക്ക് തുല്യമായ  അടിസ്ഥാന ശമ്പളം ( basic  pay )  ഉറപ്പുവരുത്താൻ നിർദ്ദേശിച്ചു. എന്നാൽ 95 ശതമാനം പ്രൈവറ്റ് ഹോസ്പിറ്റലുകളും ഈ വിധി നടപ്പാക്കിയില്ല.

2013 ലെ സമരത്തിലെ ഒത്തുതീർപ്പ്

ഇപ്പോഴത്തെ സമരത്തിനു മുൻപ്  2013 ൽ നേഴ്സ്മാർ യൂ . ൻ .എയുടെ നേതൃത്വത്തിൽ സമരകൊടുംകാറ്റ് അഴിച്ചു വിട്ടിരുന്നു. അന്ന് ഗവണ്മെന്റ്  ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരം 9500 രൂപ മിനിമം ശമ്പളം നല്കാൻ ധാരണ ആയിരുന്നു. ഇപ്പോഴത്തെ സമരത്തിനു മുൻപ്  2013 ൽ നേഴ്സ്മാർ യൂ . ൻ .എയുടെ നേതൃത്വത്തിൽ സമരകൊടുംകാറ്റ് അഴിച്ചു വിട്ടിരുന്നു. അന്ന് ഗവണ്മെന്റ്  ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരം 9500 രൂപ മിനിമം അടിസ്ഥാന  ശമ്പളം നല്കാൻ ധാരണ ആയിരുന്നു. പക്ഷേ പല പ്രൈവറ്റ് ഹോസ്പിറ്റലുകളും ഇതിനു പുല്ലു വില പോലും കല്പിച്ചില്ല. അവർ തുച്ഛ വേതനം നൽകി നേഴ്സ്മാരെ ചൂഷണം ചെയ്‌തുകൊണ്ടേയിരിക്കുന്നു.

നേഴ്സ്മാരുടെ ഇപ്പോഴത്തെ അവസ്ഥ

കേരളത്തിൽ വന്ന് കൂലിപ്പണി ചെയ്യുന്ന ബംഗാളികൾക്ക് ഒരു ദിവസം 600 മുതൽ 800 വരെ കിട്ടുമ്പോൾ നേഴ്സ്മാർക്ക് കിട്ടുന്നത്  300  മുതൽ 400 വരെ മാത്രമാണ്.  മൂന്ന് നാല് വർഷം പഠിച്ചു പ്രൊഫഷണൽ ഡിപ്ലോമയും, ഡിഗ്രിയും കരസ്ഥമാക്കിയ നഴ്സുമാർക്ക് അവിദഗ്ധ ജോലിക്കാരുടെ വേതനം പോലും കിട്ടുന്നില്ല  എന്ന് സാരം.ഇപ്പോഴും പല ഹോസ്പിറ്റലുകളിലും 5000 രൂപയാണ് മാസ  ശമ്പളം. ഗവൺമെന്റ് സർവീസിൽ ജോയിൻ ചെയ്യുന്ന ഒരു നേഴ്സിനു 27000 രൂപ തുടക്കത്തിൽ  ശമ്പളം ലഭിക്കുന്നു എന്നോർക്കണം. നാലും അഞ്ചും ലക്ഷം രൂപ ലോൺ എടുത്താണ് നിർധന കുടുംബങ്ങളിൽ നിന്നും, മിഡിൽ  ക്ലാസ് കുടുംബങ്ങളിൽ നിന്നും ഉള്ള കുട്ടികൾ നഴ്സിങ് പഠിച്ചു പാസ്സാകുന്നത്. ജോലി ലഭിച്ചിട്ടു ലോൺ തിരിച്ചടക്കാമെന്ന മോഹം ഒരു  അതിമോഹമായി മാറി. പ്രായം ചെന്ന മാതാപിതാക്കളെ സംരക്ഷിക്കേണ്ട ,  ഇളയ സഹോദരങ്ങളുടെ പഠനം മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യത ഇതിനു പുറമെയാണ് , 5000 മുതൽ 10000 വരെ കിട്ടിയാൽ ചിലവിന് തികയില്ല. പലർക്കും ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചതിനാൽ ഉള്ള കിടപ്പാടം നഷ്ടപെടുന്ന അവസ്ഥ.  നഴ്സ്മാർക്ക്‌ ഇത്ര മോശം ശമ്പളം നൽകുന്ന ഒരു ദേശം ഇന്ത്യയല്ലാതെ ലോകത്ത്‌ വേറെയില്ല.

നഴ്സിങ് ദുരന്തത്തിനുള്ള കാരണങ്ങൾ

അറബിപൊന്നും, സായിപ്പിന്റെ ഡോളറും

1960 കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റം നഴ്സ്മാരെ സംബന്ധിച്ചടുത്തോളം ഒരു ചാകരയായിരുന്നു. ലക്ഷക്കണക്കിന് മലയാളി നഴ്സ്മാർ ഗൾഫിൽ പോയി. കുവൈറ്റ്, യു. എ . ഇ ,  ഖത്തർ സൗദി , ഒമാൻ , ബഹറിൻ തുടങ്ങിയ ജി .സി .സി രാജ്യങ്ങളിലും ലിബിയ, യമൻ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളത്തോടെ മലയാളി നഴ്സ് മാർ ജോലി നേടി. ആദ്യ കാലങ്ങളിൽ നഴ്സിങ്ങിനു പോകുന്ന പെൺകുട്ടികൾ കുറവായിരുന്നു. ഗൾഫ് പണം കണ്ടതോടെ കൂട്ടത്തോടെ പെൺകുട്ടികളെ  നഴ്സിങ്ങിനു വിട്ടു. കർണാടകം, ആന്ധ്ര , തമിഴ് നാട് തുടങ്ങിയ  സംസ്ഥാനങ്ങളും  ബോംബെ , ഡൽഹി തുടങ്ങിയ മഹാ നഗരങ്ങളും ഇതു മുതലാക്കി നഴ്സിങ് കോളേജുകൾ തുടങ്ങി. കേരളത്തിൽ നിന്ന് ആയിരങ്ങൾ പഠനത്തിനായി വണ്ടി കയറി .  ഇന്ന് ഗൾഫ് സ്വപ്നങ്ങൾ തീരെ ഇല്ലാതായിരിക്കുന്നു. ഒരു കാലത്തു എന്ന ആയിരക്കണക്കിന് നഴ്‌സ്മാർക്ക് അത്താണിയായ സൗദി അറേബ്യ ‘നിതാഖത് ‘ എന്ന സ്വദേശിവൽക്കരണ പരിപാടി തുടങ്ങിയതോടെ നിരവധി  നഴ്‌സ്മാർക്ക് ജോലി നഷ്ടപ്പെട്ടു. ലോക കമ്പോളത്തിൽ എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയായി.  എണ്ണ വരുമാനം കുറഞ്ഞതോടെ യു. എ . ഇ ,ഖത്തർ , ഒമാൻ , ബഹറിൻ തുടങ്ങിയ രാജ്യങ്ങളും റിക്രൂമെന്റ് നിർത്തി. നിരവധി പേർക്ക് ജോലി നഷ്ടമായി. ഇപ്പോൾ ജോലി ഉള്ളവർ എപ്പോൾ ജോലി പോകും എന്ന ആധിയിലാണ്.

ഗൾഫ് റിക്രൂമെന്റ് പ്രൈവറ്റ് ഏജൻസികൾക്ക് നിരോധനം

സ്വദേശിവൽക്കരണം, എണ്ണ വിലയിടിവ്, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ മൂലം നഴ്സ്മാരുടെ തൊഴിൽ സാധ്യതകൾ കുറഞ്ഞതു കൂടാതെ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുന്നതുപോലെ   30 ഏപ്രിൽ 2015 മുതൽ ഇൻഡ്യ ഗവണ്മെന്റ് പ്രൈവറ്റ് ഏജൻസി വഴിയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സസ്  റിക്രൂമെന്റ് നിരോധിച്ചു. 1200 ഓളം വരുന്ന പ്രൈവറ്റ് ഏജൻസികൾ പതിനായിരക്കണക്കിന് നേഴ്സ്മാരെ ഗൾഫിലേക്കയച്ചിരുന്നു. ആ വഴിയാണ് അടഞ്ഞത്. പകരം കേരളത്തിലെ നോർക്ക റൂട്സ് , ഒഡെപെക് തുടങ്ങിയ 6  സർക്കാർ ഏജൻസികളെ  റിക്രൂമെന്റ് ഏല്പിച്ചു. പതിനായിരക്കണക്കിന് നഴ്സുമാർ ഗൾഫിലേക്ക് പറന്നിരുന്ന സ്ഥാനത്തു നൂറോ അഞ്ഞൂറോ നഴ്സ് മാർ പോയാലായി .

കുടിയേറ്റ വിരുദ്ധ നിയമങ്ങൾ കർക്കശമാക്കിയതോടെ അമേരിക്ക , യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വാതിലുകൾ നഴ്‌സ്മാരുടെ മുമ്പിൽ അടഞ്ഞു തുടങ്ങി. ഒരു പത്തു വർഷം മുൻപ് സി. ജി . ഫ് .ൻ .സ് നാട്ടിൽ നിന്നും പാസ്സായി അമേരിക്കയിലേക്ക് നഴ്സ് മാരെ കൊണ്ടുപോകുന്ന നൂറുകണക്കിന് ഏജൻസികൾ ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ ഉണ്ടായിരുന്നു.യൂ.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നഴ്സിങ് മേഖലക്ക് നിയന്ത്രണങ്ങൾ എർപെടുത്തി. വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യൻ പള്ളികൾ കേന്ദ്രികരിച്ചു നഴ്സിംഗ് പഠിച്ച നിരവധി പെൺകുട്ടികളെ ജർമനിക്കും, ഇറ്റലിക്കും കൊണ്ടുപോയിരുന്നു . അത്തരം വാതിലുകൾ എന്നേ അടഞ്ഞു.

നഴ്സുമാർ ശമ്പള വർദ്ധനവ് തേടാനുള്ള കാരണം

വിദേശ രാജ്യങ്ങൾ ലാക്കാക്കി നഴ്സിങ് പഠിച്ച ലക്ഷകണക്കിന് കുട്ടികളാണ് ഇന്ന് വാതിലുകൾ അടഞ്ഞതോടെ നാട്ടിൽ കുടുങ്ങിയത്. ഇത്ര വേഗം ഗൾഫ്, യൂറോപ്യൻ, അമേരിക്കൻ തൊഴിൽ വിപണി ചതിക്കുമെന്നു ആരും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഒരു പത്തു വർഷം മുൻപ്‌ വരെ, ജനറൽ നഴ്സിംഗ് പാസായി നാട്ടിലെ ഏതെങ്കിലും ഹോസ്പിറ്റലിൽ   രണ്ടു വർഷത്തെ എക്സ്പീരിയൻസ് നേടാനായി ജോലി ചെയ്തിരുന്നു. ശമ്പളമായി എന്തെങ്കിലും തന്നാൽ മതി എന്നതായിരുന്നു നഴ്സ്മാരുടെ നിലപാട്. ഇത് ഹോസ്പിറ്റലുകൾ നന്നായി ചൂഷണം ചെയ്തു. ശമ്പളം തന്നില്ലെങ്കിലും എക്സ്പീരിയൻസ് സർട്ടിഫിക്കറ് മതിയായിരുന്നു നഴ്സുമാർക്ക്. രണ്ടു വർഷത്തെ ജോലി പരിചയം നേടി ഗൾഫിലേക്കോ, അമേരിക്കയിലേക്കോ പറക്കുമായിരുന്നു.പതിനായിരവും, ലക്ഷണങ്ങളും സമ്പാദിച്ചു ചുരുങ്ങിയ കാലയളവിൽ കുടുംബം പച്ച പിടിച്ചിരുന്നു. നാട്ടിൽ കുടുങ്ങിപ്പോയ നഴ്സ്മാർ അതും പഠിക്കാനായി എടുത്ത ലോണിന്റെ കടഭാരം തലയിലായ അവർ ഇനി നാട്ടിലെ ഹോസ്പിറ്റലിൽ തന്നെ തങ്ങളുടെ ഭാവി കരുപിടിപ്പിക്കണം എന്ന ഗതിയിലായി. നേരത്തെ  തുച്ഛമായ ശമ്പളത്തിൽ നഴ്‌സ്മാരെ ജോലിക്ക് വച്ച് തടിച്ചു കൊഴുത്ത പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ്കൾ ഇപ്പോൾ നഴ്‌സ്മാർ ചോദിക്കുന്ന ശമ്പളം നല്കാൻ കൂട്ടാക്കുന്നില്ല.

മാതാപിതാക്കളും ഉത്തരവാദികൾ

ഇന്നത്തെ നഴ്സിങ് ദുരന്തത്തിനു  ഒരു കാരണം കുട്ടികളുടെ അഭിരുചിയോ ഇഷ്ടമോ നോക്കാതെ ഏതാണ്ട് 80 ശതമാനം പെൺകുട്ടികളെയും, എഞ്ചിനീയറിംഗ് ഭ്രാന്ത് വരുന്നതിനുമുമ്പ് നിരവധി ആൺകുട്ടികളെയും നഴ്സിങ്ങിനു തള്ളിവിട്ടതാണ്.  സാമ്പത്തിക ശാസ്ത്രത്തിലെ ഒരു നിയമം ആണ് ലോ ഓഫ് സപ്ലൈ ( Law of Supply )ഏതൊരു വസ്തുവിന്റേയും ലഭ്യത ( Supply )  കൂടിയാൽ അതിന്റെ വില കുറയും.  സാധാരണ  നൂറു രൂപ വിലയുള്ള  മാങ്ങാ സീസൺ കാലയളവിൽ  കിലോക്ക്   പത്തു രൂപക്ക് കിട്ടും. എന്നതുപോലെ വിദേശത്തുപോകാൻ സാധിക്കാതെ നാട്ടിൽ പെട്ടുപോയ പതിനായിരക്കണക്കിന് നഴ്സ്മാർ തൊഴിൽ മാർക്കറ്റിൽ ലഭ്യമായപ്പോൾ  ലോ ഓഫ് സപ്ലൈ ( Law of Supply )യുടെ ആനുകൂല്യം പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ്കൾക്ക് കിട്ടുന്നു. അമിതമായ ലഭ്യത നഴ്സുമാരുടെ വിലപേശൽ ശേഷി കുറയ്ക്കുന്നു. ഇതിന് ഒരു പരിഹാരം ഗവണ്മെന്റ് നിയമനിർമാണം .ണ്. പക്ഷേ 2016 ലെ  സുപ്രീം കോടതി വിധി പോലും നടപ്പാക്കാത്ത, 2013 ലെ സർക്കാർ മിനിമം പേ കൊടുക്കാത്ത പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ്കളെ നിലക്ക് നിർത്താൻ ഇച്ഛാ ശക്തിയുള്ള സർക്കാർ വേണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.