ലേഖനം:വേർപാട് | ഷൈല മാത്യു

”പ്രലോഭനങ്ങൾ”, പ്രകോപനങ്ങൾ”, ”ഭീഷണികൾ” മുതലായവയാണ്‌ അവന്റെ കൈയിലെ പ്രധാന ആയുധങ്ങൾ.

KE-01പെന്തക്കോസ്തു സമൂഹങ്ങളിൽ സാധാരണ ഉപയോഗിച്ച് വരുന്നതും ഇതര ക്രിസ്തീയ സമൂഹങ്ങളിൽ അൽപ്പം ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നതുമായ ഒരു പദം ആണ് ”വേർപാട്”. ആരാണ് വേർപാടുകാർ? എന്താണ് വേർപാട്??? എന്തെങ്കിലും ഒന്നിൽ നിന്ന് “അകന്നു നിൽക്കുക”. “മാറി നിൽക്കുക” ,”അതിനോട് ബന്ധമില്ലാതിരിക്കുക” എന്നൊക്കെ ഈ പദത്തെ പൊതുവായി അർത്ഥമാക്കാം . പാപിയായ ഒരു മനുഷ്യൻ യേശുക്രിസ്തുവിൽ നിന്നും പാപമോചനം പ്രാപിച്ചു അവിടുത്തെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടു കഴിയുമ്പോൾ പിശാചിന്റെ കർതൃത്വത്തിൽ നിന്നും അവനു ” വേർപാട്” ഉണ്ടാകുന്നു . പിശാചിന്റെ അധീനതയിൽ നിന്നും വേർവിടുവിക്കപ്പെട്ടു യേശുകർത്താവിന്റെ കർതൃത്വത്തിൻ കീഴിൽ ആയിരിക്കുമ്പോഴും അക്ഷരാർഥത്തിൽ അവൻ പാപ സാമീപ്യമുള്ള ഒരു ലോകത്തിൽ തന്നെയാണ് ആയിരിക്കുന്നത്.

രക്ഷിക്കപ്പെട്ട അഥവാ യേശുക്രിസ്തുവിന്റെ രക്തത്താൽ പാപമോചനവും വീണ്ടെടുപ്പും പ്രാപിച്ച ഒരുവനെ സംബന്ധിച്ചിടത്തോളം അവൻ ”വേർപാട്” കാത്ത് സൂക്ഷിക്കേണ്ടത് ഏതു വിധേനെയും തന്റെ വിശുദ്ധിയിൽ നിന്നും വീഴ്ത്തുവാൻ അവന്റെ മേൽ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന ”പാപസാമീപ്യത്തോടാണ്”. ഇവിടെ ‘വേർപെട്ടിരിക്കുക’ എന്നതിന് ”വിശുദ്ധിയിൽ നിലനിൽക്കുക” എന്നു അർഥമാക്കാം . രക്ഷിക്കപ്പെട്ട ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം പിശാച് പല തരത്തിൽ അവനെ പാപത്തിൽ വീഴിക്കുവാൻ അഥവാ അവന്റെ ദൈവസ്നേഹത്തിൽ കുറവ് വരുത്തുവാൻ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരിക്കും.”പ്രലോഭനങ്ങൾ”, പ്രകോപനങ്ങൾ”, ”ഭീഷണികൾ” മുതലായവയാണ്‌ അവന്റെ കൈയിലെ പ്രധാന ആയുധങ്ങൾ. ഇവ ഒരു വിശ്വാസിയുടെ ഉള്ളിൽ ചലനങ്ങൾ ഉണ്ടാക്കത്തക്കവിധം അവന്റെ ഇന്ദ്രിയങ്ങൾക്ക് മുന്നിൽ നിരത്തി വെയ്ക്കുക എന്നതാണ് പിശാചിന്റെ ആദ്യ പ്രവർത്തന പടി. ഇവിടെയാണ് നമ്മുടെ ഹൃദയമാകുന്ന മാംസപ്പലകയിൽ പലകയിൽ എഴുതപ്പെട്ടിരിക്കുന്ന ദൈവ വചനത്തിന്റെ പ്രസക്തി. ഉദാ: ”ഞാനെന്റെ കണ്ണുമായി ഒരു നിയമം ചെയ്തിരിക്കുന്നു… പിന്നെ ഞാൻ ”അത്” നോക്കുന്നതെങ്ങിനെ??” ( ഇയ്യോ ;31 ;1 ) ഇതേ വചനം നമ്മുടെ നാവിനോട്, കാതിനോട്, മൂക്കിനോട്, ത്വക്കിനോട്… ഓരോ ഇന്ദ്രിയങ്ങളോടും ബന്ധിപ്പിച്ച് കൊണ്ട് നമുക്ക് പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയണം.

അതെ… നമ്മുടെ ഇന്ദ്രിയങ്ങളുടെ മേൽ ഒരു ”അരിപ്പ” എന്ന പോലെ ദൈവ വചനത്തെ നമുക്ക് ചേർത്ത് വെക്കാം… എന്നാൽ പലപ്പോഴും ഒഴിഞ്ഞുപോകാൻ കഴിയാത്തവിധം നാം നിത്യവും സഞ്ചരിക്കുന്ന, ഇടപഴകുന്ന മേഖലകളിലൂടെ (ഓഫീസ്, കോളേജ്, സഭ, അയൽക്കാർ, etc ) പ്രലോഭനകരമായതും പ്രകോപനകരമായതുമായുള്ള ഉദ്ദീപനങ്ങളെ നമുക്ക് മുന്നിൽ പിശാച് കൊണ്ടുവരാം . ഇന്ദ്രിയങ്ങളിലൂടെ ദേഹിയിലേക്കു കടന്നുവരുന്ന ഈ കാഴ്ചകൾ ,കേൾവികൾ, ഗന്ധങ്ങൾ, സ്പർശനങ്ങൾ,രുചികൾ മുതലായ പാപ പ്രേരകങ്ങൾ ദേഹിയിൽ ബലഹീന മനുഷ്യന്റെ വികാരങ്ങളെ സ്വാധീനിക്കുവാൻ സാധ്യത ഏറെയാണ്. ഉള്ളിൽ ഉയർന്നു വരുന്ന പാപചിന്തകളെ പാപത്തോടു ചായ്‌വുള്ള അവന്റെ ദേഹി താലോലിക്കാൻ തുടങ്ങുന്നു. ദേഹത്തെപാപത്തിലേക്കു തള്ളിയിടും വരെ ദേഹിയെ പിശാച് സ്വാധീനിച്ചുകൊണ്ടേയിരിക്കും. ഇവിടെയാണ് ”വേർപാട് ” എന്നതിന്റെ പ്രസക്തി. ഒരു വിശ്വാസിയെ പാപത്തിലേക്കു തള്ളിവിടുവാൻ പരാപ്തമായ ഇന്ദ്രിയ സംവേദനങ്ങളെ താലോലിക്കുവാനായി ദേഹിയിലേക്കു അവയെ കൈമാറുവാൻ കഴിയാത്ത വിധം ദേഹത്തിനും ദേഹിക്കും ഇടയിൽ പാപസംബന്ധമായി ഒരു വേർപാട് ആവശ്യം.

ഈ വേർപാട് ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ഒന്നാണ്. ഒരു മനുഷ്യനിൽ ദേഹം ,ദേഹി, ആത്മാവ് എന്നീ മൂന്നു ഘടകങ്ങൾ അടങ്ങിയിരിക്കുന്നു .ഇതിൽ ദേഹം, ദേഹി ഇവക്കു ആത്മാവുമായി അഥവാ ആത്മാവിന്റെ ഹിതവും ചിന്തകളുമായി വിഘടിച്ച് നിൽക്കുവാനുള്ള ഒരു പ്രവണത ശക്തമായി നിലനിൽക്കുന്നു. ആത്മാഭിലാഷം ജഡത്തിനും ജഡാഭിലാഷം ആത്മാവിനും വിരോധമായിരിക്കുന്നു. (ഗലാ : 5 :17) . ദേഹം, ദേഹികൾക്കു എപ്പോഴും ഒന്ന് ചേർന്ന് വസിക്കുവാനുള്ള ഈ പ്രവണതയെ മാനുഷിക ശക്തിക്കോ ,ബുദ്ധിക്കോ അവനിൽ നിന്നും വേർപെടുത്താൻ കഴിയുന്നതല്ല . മഹോന്നതനായ ദൈവം ഒരു യോഗ്യതയും പറയുവാനില്ലാത്ത ഈ മൺകൂടാരങ്ങളിൽ പകർന്ന അത്യന്ത ശക്തിയുടെ വലുപ്പവും പ്രാധാന്യവും നാം തിരിച്ചറിയേണ്ട ഒരു മണ്ഡലമാണിത്. മനുഷ്യന്റെ ഉള്ളിലേക്ക് കടന്നു വരുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ് മനുഷ്യാത്മാവുമായി ചേർന്ന് വസിക്കുവാൻ ശക്തമായി ആഗ്രഹിക്കുന്നു. എന്നാൽ മനുഷ്യന് ദൈവം നൽകിയിരിക്കുന്ന ഇച്‌ഛാശക്തി ദൈവത്തിന്റെ ഈ ആഗ്രഹത്തിന് അനുസൃതമായോ അല്ലാതെയോ അവനു ആയിരിക്കുവാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ദൈവഹിതത്തിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്ന ഒരു വ്യക്തിയുടെ ഉള്ളിൽ ദൈവാത്മാവും മനുഷ്യാത്മാവും തമ്മിലുള്ള ബന്ധം ദൃഢമായിത്തീരുന്നു. ഈ ബോണ്ടിങ്ങിന്റെ ശക്തി അവന്റെ ദേഹിയിലും ദേഹത്തിലും വ്യാപരിക്കുന്നു. ഈ വ്യാപാര ശക്തിയാൽ ദേഹം, ദേഹികളുടെ മേൽപ്പറയപ്പെട്ട വേർപാട് അനായാസം സാധ്യമായിത്തത്തീരുന്നു. ജഡത്തിന്റെ ഇച്ഛകളെ പിടിച്ചടക്കുവാൻ തക്കവിധം മനുഷ്യമാത്മാവു ദൈവാത്മാവിനാൽ ബലപ്പെടുന്നു. ദേഹം, ദേഹി, ആത്മാക്കളുടെ നിയന്ത്രണം പരിശുദ്ധാത്മാവ് ഏറ്റെടുക്കുന്നു .നമ്മിൽ ക്രിസ്തുവിന്റെ ഭാവം ധരിക്കപ്പെടുന്നു… ഇപ്രകാരം ആത്മാവ് നടത്തുന്ന, അഥവാ യാഥാർഥമായും ”വേർപെട്ട” ഒരു ജീവിതത്തിനുടമയായിത്തീരുന്ന ഒരുവൻ ഏതൊരു ചുറ്റുപാടിൽ ആയിത്തിത്തീർന്നാലും തന്റെ ദൈവസ്നേഹത്തിനോ വിശുദ്ധിക്കോ ഒരു കുറവും വരാതെ, ലോകത്തിന്റെ കളങ്കം തട്ടാതെ ജീവിതത്തെ സൂക്ഷിക്കുവാൻ അവനു സാധിക്കും. പാപസംബന്ധമായി വേർപെട്ട അവസ്ഥയിൽ ദേഹം, ദേഹി, ആത്മാക്കൾ കാക്കപ്പെടുമ്പോൾ തന്നെ ദൈവസംബന്ധമായി ഇവ മൂന്നും ഒന്നായിരിക്കണമെന്നു കർത്താവ് ആഗ്രഹിക്കുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു, നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണാത്മാവോടും പൂർണ മനസോടും കൂടെ സ്നേഹിക്കേണം… പ്രിയ വേർപെട്ട ദൈവമക്കളേ, ദൈവസ്നേഹത്തിൽ നിന്നും നമ്മെ അകറ്റുവാൻ ശ്രമിക്കുന്ന ഈ ലോകത്തോട്…, പാപത്തോടു…, നമ്മൾ എത്രത്തോളം വേർപ്പെട്ടിരിക്കുന്നു??ഇനിയും ഏതൊക്കെ മേഖലകളിൽ ഒരു വേർപാട് നമുക്ക്ആവശ്യമായിരിക്കുന്നു?? ഒരു സ്വയം ശോധനക്കു തയ്യാറാകാം…

വേർപാട് എന്നതിനെ വെറും പ്രഹസനങ്ങളിൽ ഒതുക്കി നിർത്താതെ നമ്മുടെ ജീവിത മൂല്യങ്ങളെ കാത്ത് സൂക്ഷിച്ചു കൊണ്ട് ഒരു വിജയകരമായ ക്രിസ്തീയ ജീവിതത്തിനായി നമ്മെ ഒരുക്കുന്ന ഒരു വിജയമന്ത്രമാകട്ടെ അത്… ലോകത്തിൽ നിന്നും നിങ്ങളെ എടുത്തിരിക്കയാൽ ഇനി നിങ്ങൾ ലോകത്തിനുള്ളവരല്ല… നാം കർത്താവിന്നുള്ളവരത്രെ.. അവിടുത്തെ വരവ് ഏറ്റവും ആസന്നമായിരിക്കയാൽ ഒന്ന് കൂടെ ഒരുങ്ങാൻ, ഉണരാൻ ഈ അവസരത്തെ നമുക്ക് വിനിയോഗിക്കാം. അതിനായി ദൈവാത്മാവ് നമ്മെ സഹായിക്കട്ടെ… ആമേൻ.

-ഷൈല മാത്യു

-ADVERTISEMENT-

-ADVERTISEMENT-

You might also like