കഥ : രൂപാന്തരങ്ങള്‍ l സുനില്‍ വര്‍ഗ്ഗീസ് ബാംഗ്ലൂര്‍

ര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫിനെ പറ്റി നേര്‍ത്ത ഒരോര്‍മ്മ അയാളില്‍ എഴുന്നു വന്നു. പണ്ടൊക്കെ ഏതു വിഷമതകളും അവര്‍ പങ്കുവെച്ചിരുന്നു. അന്യോന്യം സ്വാന്ത്വനിപ്പിച്ചിരുന്നു. ഒരാള്‍ അപരനായി ഉണര്‍ന്നിരുന്നു. ഒരുമിച്ചാണവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബൈബിള്‍ കോളജിലെ ചാപ്പലില്‍ ഇരിക്കുമ്പോള്‍ പറയാറുണ്ടായിരുന്നതു പോലെ, സുവിശേഷം കേട്ടിട്ടും അടിച്ചമര്‍ത്തപ്പെട്ടവരായി ലോകത്തില്‍ കഴിയുന്നവരെ, ഒറ്റപ്പെട്ടവരെ തേടി അവര്‍ ചെന്നു. ആദ്യനാളുകളില്‍ കഠിന ക്ലേശങ്ങള്‍ അവര്‍ സഹിച്ചു. ക്രിസ്തു അവരുടെ ജീവിതത്തില്‍ ഇഴചേര്‍ന്നു കിടന്നിരുന്നു. അവരുടെ ചൈതന്യ പൂര്‍ണ്ണവും പ്രശാന്തവുമായ പെരുമാറ്റം ചുറ്റുപാടുകളില്‍ മാറ്റത്തിന്‍റെ കാറ്റുളവാക്കി.

യേശുവിനെ ഇരുളില്‍ കിടന്ന ഒരു ജനത അറിഞ്ഞു തുടങ്ങിയപ്പോള്‍, ജോസഫിലും അവ്യക്തമായ എന്തോ അടിഞ്ഞു കൂടുന്നതായി അയാള്‍ക്ക് തോന്നി. ഒരു സന്ധ്യയ്ക്ക് അവശനായി റൂമിലെത്തിയ അയാള്‍ കണ്ടത് തന്‍റേതായ എല്ലാം ഒരു ബാഗിലാക്കുന്ന ജോസഫിനെയാണ്. റൂമില്‍ മറ്റ് രണ്ടു പേരുണ്ടായിരുന്നു. അവര്‍ സ്വയം പരിചയപ്പെടുത്തി. ഒന്നും ഉരിയാടാതെ ഇടുങ്ങിയ റൂമില്‍ നിന്ന് ജോസഫ് ഇറങ്ങിയപ്പോള്‍ തങ്ങളുടെ ഇടയില്‍ നൂറ്റാണ്ടുകളായി അപരിചിതത്വം ഉണ്ടായിരുന്നുവെന്ന് അയാള്‍ക്ക് തോന്നി.

‘തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചത് ജോസഫ് പറഞ്ഞിരുന്നില്ലേ?’ അവരില്‍ ഒരാള്‍ ചോദിച്ചു. ജോസഫില്‍ ഒരു വിളറിയ പുഞ്ചിരി ഉണ്ടായിരുന്നുവെന്ന് സ്വയം വിശ്വസിക്കാനയാള്‍ ശ്രമിച്ചു. ജോസഫില്ലാത്ത ദിനങ്ങളില്‍ ഭയാനകമായ അരക്ഷിതാവസ്ഥ ആ ഇടുങ്ങിയ മുറിയില്‍ പടരുന്നുവെന്ന് തോന്നി. അയാള്‍ ജോസഫിനായി വെമ്പല്‍ കൊണ്ടു.

ഒരിക്കലറിഞ്ഞു ജോസഫിന്‍റെ വിവാഹം കഴിഞ്ഞുവെന്ന്… പിന്നീടൊരിക്കല്‍ നഗരത്തിലുള്ള ഒരു പഴയ സുഹൃത്തിന്‍റെ അരികില്‍ എന്തിനോ എത്തിയപ്പോള്‍, ജോസഫ് ഓള്‍ഡ് ടെസ്റ്റുമെന്‍റില്‍ MTh. ചെയ്യുകയാണെന്നറിഞ്ഞു. സന്തോഷം തോന്നി. പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളുമായി നടന്ന അയാളില്‍, ജോസഫ് മറവിയിലേക്ക് പോയി.

നഗരത്തില്‍ ജോസഫ് ഒരു വലിയ ചര്‍ച്ചിന്‍റെ സീനിയര്‍ പാസ്റ്ററാണെന്ന് കേട്ടപ്പോള്‍ അയാള്‍ ദൈവത്തെ സ്തുതിച്ചു. ജോസഫ് എഴുതുന്ന പുസ്തകങ്ങള്‍ അയാളും വാങ്ങി വായിച്ചു.

കാരണങ്ങളില്ലാതെയാണ് അയാളുടെ പ്രവര്‍ത്തന മേഖലയില്‍ തകര്‍ച്ചയുണ്ടായത്. മറ്റിടങ്ങളിലൊക്കെ സംഭവിച്ചിട്ടുള്ളതു പോലെ ഇവിടെയും സഭ പിളരുമോ..? അയാള്‍ ശങ്കിച്ചു. ജോസഫുമായി ഈ പ്രദേശത്ത് ആദ്യമായി വന്നതും പ്രാരംഭ നാളുകളിലെ ക്ലേശങ്ങളും അയാള്‍ ഓര്‍ത്തു. രാജന്‍ ബ്രദര്‍ പറഞ്ഞത് ശരിയാണെങ്കില്‍ അയാള്‍ സഭയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. എവിടെയാണ് പിഴവ് പറ്റിയത്?

സഭയിലെ അധികാരികളായി വളര്‍ന്നു വന്നവരുടെ തെറ്റായ നടപടികള്‍ക്കെതിരെ ശബദമുയര്‍ത്തിയതോ? അവര്‍ സഭയില്‍ പിളര്‍പ്പിന്‍റെ കലാപം ഉണ്ടാക്കാന്‍ തുടങ്ങുകയായിരുന്നുവല്ലോ. അവര്‍ക്ക് അലങ്കരിച്ച ശവക്കോട്ടയും കൂറ്റന്‍ ആലയവുമാണ് വേണ്ടത്. വിശ്വാസികളെ പിഴിയാന്‍ അയാളുടെ മന:സാക്ഷി സമ്മതിച്ചില്ല. അങ്ങനെയാണ് ജോസഫിന്‍റെ സഹായം തേടാമെന്ന് അയാള്‍ക്ക് തോന്നിയത്. അവന്‍റെ ഇപ്പോഴത്തെ നില വെച്ച് നോക്കിയാല്‍, ഒരു പക്ഷേ ഇവിടെ ശാന്തത പരത്താന്‍ അവന് കഴിഞ്ഞേക്കും.

പിറ്റേന്നയാള്‍ നഗരത്തിലേക്ക് പോയി. സൂര്യന്‍റെ കനത്ത കരങ്ങള്‍ വരള്‍ച്ച പടര്‍ത്തുമ്പോള്‍ അയാള്‍ റോഡില്‍ നിന്ന് ആ വലിയ ഇരുനില മാളിക കണ്ടു. കാവല്‍ക്കാരനുള്ള കൂറ്റന്‍ ഇരുമ്പു ഗേറ്റിനരികിലായി ജോസഫിന്‍റെ പേര് സുവര്‍ണ്ണ ലിപിയില്‍ കൊത്തി വെച്ചിരിക്കുന്നു.

ഗേറ്റ് കീപ്പര്‍ പറഞ്ഞറിഞ്ഞു, ജോസഫ് ഏതോ കണ്‍വന്‍ഷന് പോയിരിക്കുകയാണെന്ന്. റോഡരികിലുള്ള തണല്‍ മരച്ചുവട്ടില്‍ അയാള്‍ കാത്തിരുന്നു. ഗേറ്റ് കീപ്പര്‍ തന്‍റെ ഇരിപ്പിടത്തിലേക്ക് തിരിച്ചു പോകുന്നു. അയാളില്‍ നിസംഗത നുരച്ചു. മദ്ധ്യാഹ്നം കഴിഞ്ഞപ്പോള്‍ വിശപ്പു തോന്നി. പതിയെ കണ്ണുകളടച്ചു. ഒരു നാണയം തറയില്‍ വീഴുന്ന ശബ്ദം കേട്ടാണ് അയാള്‍ കണ്ണുകള്‍ തുറന്നത്. ഒരു തടിച്ച സ്ത്രി നടന്നു പോകുന്നു.

അയാള്‍ തൊട്ടു മുന്‍പിലായി വട്ടം കറങ്ങി വീഴുന്ന ഒരു രൂപായുടെ നാണയം. നിര്‍വികാരതയോടെ അയാള്‍ വീണ്ടും കണ്ണുകളടച്ചു. അതിനു മുന്‍പായി അടഞ്ഞു കിടക്കുന്ന ഗേറ്റിലേക്ക് നോക്കാന്‍ അയാള്‍ മറന്നില്ല.

സന്ധ്യ ചിറകു വിരിച്ചു തുടങ്ങിയപ്പോള്‍ റോഡിലൂടെയുള്ള ആള്‍ സഞ്ചാരമേറി. നാണയങ്ങള്‍ ഇനിയും വീഴാതിരിക്കാന്‍ അയാള്‍ തെരുവിലൂടെ വെറുതേ നടന്നു. അപ്പോഴും സഭയിലെ പ്രശനമായിരുന്നു പ്രധാന ആകുലത. രാത്രി കുറേ ആയപ്പോള്‍ ജോസഫിനെ കാണേണ്ട എന്നും തിരിച്ചു പോയേക്കാം എന്നും അയാള്‍ തീരുമാനിച്ചു. ഒരിക്കല്‍ കൂടി ആ വലിയ ഗേറ്റു കടന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിലേക്ക് തിരിയാന്‍ തുടങ്ങിയപ്പോഴാണ് താടിയുള്ള മെലിഞ്ഞ ഗേറ്റ് കീപ്പര്‍ അയാള്‍ക്ക് അഭിമുഖമായി വന്നത്.

‘ സാര്‍ വന്നിട്ടുണ്ട് ‘

അയാള്‍ ഒരു നിമിഷം പതറി. പിന്നെ ജോസഫിനെ കാണാനുള്ള വ്യഗ്രതയേറി. നിയോണ്‍ വിളക്കുകള്‍ വെളിച്ചം പടര്‍ത്തുന്ന വഴിത്താരയിലൂടെ, മാസ്മരീക ലോകത്തിലേക്ക് എന്നവണ്ണം അയാള്‍ ചെന്നു. സിറ്റൗട്ടില്‍ ആരുമില്ലായിരുന്നു. കോളിങ് ബെല്ലില്‍ വിരലമര്‍ന്നു. അകത്തെവിടെയോ ഒരു പ്രാവ് കുറുകിയതായി തോന്നി.

സിറ്റൗട്ടില്‍ അയാള്‍ കാത്തു. കുറേ കഴിഞ്ഞപ്പോള്‍ ഡോറിന്‍റെ ബോള്‍ട്ടു തിരിയുന്ന ശബ്ദം. മുഖമുയര്‍ത്തിയപ്പോള്‍ നെറ്റി ചുളിച്ച് ഒരു സ്ത്രീ നോക്കുന്നു.

അവരുടെ കണ്ണുകളില്‍ ചോദ്യം. ഗേറ്റ് കീപ്പറെ പരതി ആ കണ്ണുകള്‍ ചലിച്ചു തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു;

‘ ജോസഫിനെ കാണാന്‍ വന്നതാ….ജോസഫ്..?’

ആ സ്ത്രീയില്‍ ചോദ്യത്തിന്‍റെ ശക്തി കൂടുന്നു. പിന്നെ അവര്‍ ഉള്‍വലിയുന്നു. അയാള്‍ ഹൃദയത്തിനുള്ളില്‍ വരള്‍ച്ച പടരുന്നതറിഞ്ഞ് പിന്നേയും കാത്തു നില്‍പു തുടര്‍ന്നു. സ്വയമറിയാതെ കര്‍മ്മത്തില്‍ വ്യാപൃതരായിരിക്കുന്നവരില്‍ ഉള്ളതു പോലെ ഒരു നനുത്ത ഭാവം അയാളില്‍ അപ്പോള്‍ പ്രകടമായിരുന്നു. കുറേ കഴിഞ്ഞ് പടവുകള്‍ ഇറങ്ങുവാന്‍ തുടങ്ങിയപ്പോഴാണ് വാതില്‍ തുറക്കുന്നത് കേട്ടത്. തിരിഞ്ഞു നോക്കി. എന്തോ ചവച്ചു കൊണ്ട് വരുന്നയാള്‍ ജോസഫാണെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് സമയമെടുക്കെണ്ടി വന്നു. ആ മുഖത്ത് തെളിമ. നന്നായി തടിച്ചിട്ടുണ്ട്. അവനെ സന്തോഷാധിക്യത്താല്‍ ചുംബിക്കാന്‍ തോന്നി.

അതിനായി മുന്‍പോട്ട് ആഞ്ഞപ്പോഴേക്കും ‘ഹലോ’ എന്നു പറഞ്ഞ് അവന്‍ കസേര ചൂണ്ടി കാട്ടി അടുത്തുകിടന്ന സോഫയിലേക്ക് അമര്‍ന്നിരുന്നത് അയാളില്‍ അമ്പരപ്പുളവാക്കി.

‘ എടാ, നീ ആളാകെ…’ അയാള്‍ക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.

‘ ആരാ, മനസ്സിലായില്ല..?’ ജോസഫിന്‍റെ ശബ്ദം തണുത്തിരുന്നു.

‘ എടാ, ഇത് ഞാനാടാ അലക്സ്..’ അയാള്‍ മുഴുമിപ്പിക്കും മുന്‍പ് ജോസഫിന്‍റെ ജുബയുടെ കീശയില്‍ നിന്ന് മൊബൈലിന്‍റെ ചിലമ്പല്‍ ഉണര്‍ന്നു.

‘ എക്സ്ക്യൂസ് മീ…’ ജോസഫ് അയാള്‍ക്ക് മുഖം കൊടുകാതെ ഫോണെടുത്തു.

‘ യാ, റെവറണ്ട് ജോസഫ് മാത്യു ഹിയര്‍..ഓ ഹലോ… എപ്പോള്‍.. ഇല്ല, മൈ ജീസസ് ഞാനറിഞ്ഞില്ല….പറയൂ യെസ് കേള്‍ക്കട്ടെ…അത് ഒരു കണ്‍വന്‍ഷന്‍ ഉണ്ടായിരുന്നു…അതെ മെയിന്‍ മെസ്സെജ്….’ പൊട്ടിച്ചിരിക്കൊപ്പം സോഫ ചിമുറുന്നത് അയാള്‍ കേട്ടു.

അയാളിലെ പ്രതീക്ഷയുടെ വിളക്ക് മങ്ങി തുടങ്ങി. മുന്‍പിലിരുന്നയാള്‍ പഴയ ജോസഫാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഇരുമ്പു ഗേറ്റിനപ്പുറം വഴിവിളക്കിന്‍റെ വെളിച്ചത്തില്‍ പാഞ്ഞകലുന്ന വാഹനങ്ങളെ അയാള്‍ നോക്കിയിരുന്നു.

അയാള്‍ക്ക് കരയണമെന്നുണ്ടായിരുന്നു. ഏറെ നേരത്തിനു ശേഷം ‘ഗുഡ് നൈറ്റ് ‘ പറഞ്ഞ് ജോസഫ് എഴുന്നേറ്റുകൊണ്ട് മൊബൈല്‍ പോക്കറ്റിലിട്ടു. ജോസഫിലെ ഭാവങ്ങള്‍ അയാള്‍ക്ക് പിടികിട്ടി തുടങ്ങിയിരുന്നു.

‘ ഓക്കെ ദെന്‍, എന്താ പേരു പറഞ്ഞത്, ഓ അലക്സ്. മിസ്റ്റര്‍ അലക്സ് രാവിലെ വരൂ, ഞാനിന്ന് ടയേടാണ്. ഒരു കണ്‍വന്‍ഷന്‍ കഴിഞ്ഞുള്ള വരവാണ് ഇനിയൊന്ന് ഫ്രഷാവണം’ ജോസഫില്‍ നിര്‍മ്മിക്കപ്പെട്ട ചിരി ഉണ്ടായിരുന്നു.

എന്തോ പറയാനായി അയാള്‍ തുനിഞ്ഞതാണ്. പെട്ടന്ന് വലിയോരു ശാന്തത തോന്നി. ഹൃദയം നിറഞ്ഞ അയാള്‍ പുഞ്ചിരിച്ചു. ജോസഫ് വാതില്‍ പാളിക്കപ്പുറം മറയുന്നു.

ഗേറ്റ് കീപ്പര്‍ ഗേറ്റ് തുറന്നു തന്നു. വെളിച്ചത്തില്‍ മുങ്ങി കിടക്കുന്ന ആ വീടിനെ അയാള്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി.

പഴയ ബസ് സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ വളരെ പണ്ട് ശലഭങ്ങള്‍ നിറഞ്ഞ കുറേ സ്വപ്നങ്ങളും ജോസഫും കൂടെയുണ്ടായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു.

*********************
സുനില്‍ വര്‍ഗ്ഗീസ് ബാംഗ്ലൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.