- Advertisement -

ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ കഴിയാത്തവര്‍ മറ്റു മതസ്ഥരോട് സുവിശേഷം പറയരുത്‌

എഡിറ്റോറിയൽ:-

Download Our Android App | iOS App

ലോകമെങ്ങും യേശുവിന്‍റെ സാക്ഷികള്‍ ആകുവാനാണു യേശു കര്‍ത്താവിന്റെ ഉത്തരവ്. ഒരു വ്യക്തി പോലും നശിക്കാതെ സകല മനുഷ്യരും ക്രിസ്തുവില്‍ വിശ്വസിക്കണം. പക്ഷേ നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു സാധാരണ കാര്യം പറയാതെ തരമില്ല. മറ്റു മത വിഭാഗങ്ങളില്‍ ജനിച്ചു വളര്‍ന്നവരെ സുവിശേഷം പറഞ്ഞു പെന്തകൊസ്തില്‍ ചേര്‍ക്കാന്‍ ദൈവദാസന്മാര്‍ക്ക് നല്ല ഉത്സാഹമാണ്. പക്ഷെ പിടിച്ചു മുക്കി കഴിഞ്ഞാല്‍ മിക്ക സുവിശേഷകരും തങ്ങളുടെ പണി കഴിഞ്ഞെന്നാണ് കരുതുന്നത്. കൂടും വീടും വിട്ടും, വീട്ടുകാരേം നാട്ടുകാരേം പിണക്കിയും വിശ്വാസത്തിനു വേണ്ടി നിലകൊണ്ട കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ശരിയായ അഗ്നി പരീക്ഷയെ അഭിമുഖീകരികുന്നത് മക്കളുടെ കല്യാണ പ്രായം ആകുമ്പോള്‍ ആണ്. ഇവരെ പിടിച്ചു മുക്കിയ സുവിശേഷകന്‍ ഉള്‍പ്പെടെ സുറിയാനി ക്രിസ്ത്യാനികളുടെ മക്കളെ തങ്ങളുടെ മക്കള്‍ക്ക്‌ തിരഞ്ഞു പിടിക്കുമ്പോള്‍ പലപ്പോഴും മറ്റു മതത്തില്‍ നിന്നും വന്നവരില്‍ നല്ലൊരു ശതമാനവും കല്യാണ പ്രായം കഴിഞ്ഞിട്ടും വരനെയോ വധുവിനെയോ കിട്ടാതെ മൂത്ത് നരച്ചു നില്‍ക്കുന്നു. ഇത് വല്ലാത്തൊരു പ്രവണതയാണ്. ഒരു വ്യക്തിയെ സ്നാനപ്പെടുത്തി സ്വന്ത മതത്തിലേക്ക് ചേര്‍ക്കുന്നവര്‍ അവരുടെ ഭാവി സംബന്ദമായ കാര്യങ്ങളിലും ഉത്തരവാദിത്വം കാണിക്കണം. യോഗ്യമായ ഒരു കുടുംബ ജീവിതത്തിലേക്ക് അവരെ കൈ പിടിച്ചു നടത്താന്‍ കഴിയണം. അങ്ങനെ സാധിക്കാത്തവര്‍ മറ്റുള്ളവരെ മുക്കാന്‍ പോകരുത്.

post watermark60x60

അന്യമതത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു വന്നു വിശ്വാസത്തിനു വേണ്ടി വീറോടെ നിലകൊണ്ട ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. 35 വയസ് വരെ അവള്‍ക്ക് നല്ലൊരു ആലോചന ലഭിക്കും എന്ന് കരുതി അവളും അവളുടെ വീട്ടുകാരും പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ ഹിന്ദു പശ്ചാത്തലത്തില്‍ നിന്നും വന്ന തങ്ങളുടെ മകളെ നസ്രാണി കൊച്ചന്മാര് കെട്ടില്ല എന്നറിഞ്ഞു നിവര്‍ത്തികെട്ടു മനസില്ല മനസോടെ ആ മാതാപിതാക്കള്‍ തങ്ങളുടെ മകളെ ഒരു ഹിന്ദുവിന് തന്നെ കല്യാണം കഴിപ്പിച്ച് കൊടുത്തു. കല്യാണത്തിനു ശേഷം അദ്ദേഹവും രക്ഷിക്കപ്പെട്ടുവരും എന്നുള്ള വീട്ടുകാരുടെ പ്രതീക്ഷ വെറുതെ ആയിരുന്നു. അവന്‍ ഒരു തീവ്ര ഹിന്ദുവായ്‌. ശേഷം വിശ്വാസത്തിനു വേണ്ടി തീഷ്ണതയോടെ നിന്നിരുന്ന ഈ സഹോദരിയും ഒടുവില്‍ തന്‍റെ ഭര്‍ത്താവിന്റെ ഇംഗിതത്തിനു വഴങ്ങി മാതൃ വിശ്വാസത്തെ വീണ്ടും പുണര്‍ന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുമ്പോള്‍ അവനു ആവശ്യമായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു സഭയ്ക്ക് അല്ലെങ്കില്‍ തന്റെ വിശ്വാസ പിതാവിന് കഴിയുന്നില്ല എങ്കില്‍ അവര്‍ ആ നിലയില്‍ ഒരു പരാജയമാണ്.

ദൈവദാസന്മാരെ നിങ്ങളോടൊരു ചോദ്യം, എത്ര അന്യ മതസ്ഥരെ നിങ്ങള്‍ ഇതിനോടകം പെന്തകൊസ്തു വിശ്വാസത്തിലേക്ക് ചേര്‍ത്തു. അതില്‍ എത്ര പേര്‍ നല്ലരീതിയില്‍ കല്യാണം കഴിച്ചു പോയ്‌. നിങ്ങള്‍ അവരുടെ ആവശ്യങ്ങളില്‍ ഒരു ചെറു വിരല്‍ എങ്കിലും അനക്കിയോ? ഇല്ല എങ്കില്‍ നിങ്ങള്‍ എന്തിനു വീണ്ടും മറ്റു മതസ്ഥരെ മുക്കാന്‍ വെമ്പി നടക്കുന്നു?. ദയവു ചെയ്തു അവരെ ഇരട്ടി ശിക്ഷവിധിക്കു യോഗ്യരക്കരുതേ….

അപ്പന്റെ ഹൃദയം ഉള്ള സുവിശേഷകരെയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...