പറയാതെ വയ്യ: പെന്തക്കോസ്ത് നേതാക്കൾ ഇത്രക്കും ‘സ്വാർത്ഥരോ?’

സുവിശേഷകനെതിരെ പീഡനക്കേസിലെ പ്രതി എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചിട്ടും, സാമ്പത്തിക വിതരണം നടത്തി മതപരിവർത്തനം എന്ന വ്യാജ വാർത്ത പരത്തിയിട്ടും സഭാനേതൃത്വങ്ങൾ മൗനത്തിലാണ്. നേതാക്കളുടെ ഈ മൗനത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്

സുവിശേഷ പ്രതി വിതരണം ചെയ്ത സുവിശേഷകനെ കോട്ടയം മെഡിക്കൽ കോളേജിൽ തടയുകയും ഇറക്കിവിടുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവം ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു പെന്തക്കോസ്ത് നേതാവ് പോലും നിയമപരമായി ഈ സംഭവത്തെ നേരിടുവാൻ രംഗത്തെത്തിയിട്ടില്ല എന്നുള്ളത് ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യാമഹാരാജ്യത്തെ പൗരൻ എന്ന നിലയിലും ക്രൈസ്തവ വിശ്വാസി എന്ന നിലയിലുമുള്ള നിയമപരിരക്ഷ ഉറപ്പാക്കുവാൻ സഭാനേതാക്കൾ മുന്നിട്ടിറങ്ങാത്തത് അപലപനീയമാണ്. നിയമപരമായ് നീങ്ങുന്നില്ല, പ്രാർത്ഥന മാത്രമേ പരിഹാരമായി കാണുന്നുള്ളൂ എന്ന ‘ആത്മീയ മറുപടി’യാണ് എങ്കിൽ ഈ അവസരത്തിൽ ആ വാദത്തിന് പ്രസക്തിയില്ല. കാരണം സഭാ രാഷ്ട്രീയം കളിച്ചുള്ള എത്രയോ കേസുകൾക്ക് നേതാക്കൾ കോടതി കയറിയിറങ്ങുന്നു. അത് മാത്രമല്ല പെന്തക്കോസ്ത് സഭകളുടെ ഈ വിശ്വാസികളുടെയും സംരക്ഷണത്തിനായി നിരവധി സംഘടനകൾ ഉണ്ടായിട്ടും കേവലം സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ മാത്രം പ്രതിഷേധം ഒതുങ്ങിതീരുന്നത് ദു:ഖകരമാണ്. പ്രസ്തുത സുവിശേഷകനുമായി ലൈവിൽ വന്ന് സംഭവത്തിന്റെ വിശദീകരണം നല്കിയ MPFT എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് മുന്നിട്ടിറങ്ങിയത് പ്രശംസനീയമാണ്. ക്രൈസ്തവ എഴുത്തുപുര, മിഡിലീസ്റ്റ് യൂത്ത് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ സജീവമായി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പ്രതികരിച്ച ഒരു മാധ്യമത്തിനെതിരെ കേസുമായി പോകുവാനും ബി.ജെ.പി തയ്യാറായിട്ടുണ്ട്. പ്രതികൾ തന്നെ വാദികൾ ആകുന്ന അപൂർവമായ കാഴ്ച കണ്ടുനിൽക്കാനേ പെന്തക്കോസ് നേതാക്കൾക്ക് ആവുന്നുള്ളൂ.

പ്രസ്തുത സുവിശേഷകനെതിരെ പീഡനക്കേസിലെ പ്രതി എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചിട്ടും, സാമ്പത്തിക വിതരണം നടത്തി മതപരിവർത്തനം എന്ന വ്യാജ വാർത്ത പരത്തിയിട്ടും സഭാനേതൃത്വങ്ങൾ മൗനത്തിലാണ്. നേതാക്കളുടെ ഈ മൗനത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. സാമ്പത്തിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകാം എന്നുള്ളതാണ് ഇതിൽ പ്രധാനപ്പെട്ടത്. മടിയിൽ കനമുള്ളവനേ മാത്രമേ വഴിയിൽ പേടിക്കേണ്ട ആവശ്യമുള്ളൂ! പലവിഷയങ്ങളിൽ സഭകളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാക്കളോടും സഹായം അഭ്യർത്ഥിക്കാനുള്ള പ്രാഗല്ഭ്യം ഇന്ന് പെന്തക്കോസ്ത് നേതാക്കൾക്ക് ഇല്ല. സഹായിച്ചവരെ തിരിച്ച് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഉപദ്രവിക്കാൻ ശ്രമിച്ച ചില നേതാക്കളുടെ സ്വാർത്ഥ നിലപാടുകളാണ് ഇതിന്റെ പിന്നിൽ. രാഷ്ട്രീയ നേതാവും സ്ഥാനാർത്ഥിയുമായ വ്യക്തിയുടെ ഭാര്യക്ക് ആത്മീയ വേദികൾ ഒരുക്കി കൊടുക്കുമ്പോഴും, ചില ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് തിരുവല്ലയിൽ രഹസ്യ സൽക്കാരം നടത്തുമ്പോഴും, അത് പരസ്യം ആകുമെന്നും, നേതാക്കൾ നഷ്ടപ്പെടുത്തിയത് തങ്ങളുടെ അപകടത്തിൽ സഹായിച്ചവരുമായുള്ള സ്നേഹബന്ധമാണെന്നും ഓർക്കണമായിരുന്നു.

‘സമദൂരം’ പാലിക്കേണ്ടയിടത്ത് അത് പാലിക്കുക തന്നെ വേണം.
നേതാക്കളുടെ അപക്വമായ രാഷ്ട്രീയ നിലപാടുകൾ മൂലം നഷ്ടം വരുന്നത് വിശ്വാസ സമൂഹത്തിന് മാത്രം. ഒരു ബി.ജെ.പി ജില്ലാ നേതാവ് ഭീഷണി മുഴക്കിയപ്പോൾ മുട്ടുമടക്കുന്നതാണ് നേതാക്കളുടെ ചങ്കൂറ്റം എങ്കിൽ എന്തിനാണ് സഭയ്ക്ക് ഇങ്ങനെ ഒരു നേതൃത്വം?? എന്ത് നിലപാടുകളാണ് ആണ് നേതൃത്വത്തിൽ നിന്നും വിശ്വാസികൾ പ്രതീക്ഷിക്കേണ്ടത്? ലക്ഷങ്ങൾ മുടക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും സഭയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്നവർ ഒരു വെള്ളപേപ്പറിൽ ഒരു പരാതി എഴുതി കൊടുക്കുവാൻ പോലും തയ്യാറാകാത്തതിന് സമൂഹത്തോട് വിശ്വാസികളോടും മാപ്പ് പറയേണ്ടിയിരിക്കുന്നു.

കേരളത്തിലെ പ്രസക്തമായ ഒരു ജനസമൂഹത്തിനെതിരെ നിയമം കൈയിലെടുത്തു ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കുവാൻ ശ്രമിക്കുമ്പോൾ നേതൃത്വങ്ങളുടെ നിശബ്ദത അപലപനീയമാണ്. സഭയെ കുറിച്ച് പറയുമ്പോൾ സംഘടനയാണ് ഇലെക്ഷൻ വേണം എന്നൊക്കെ പറയുന്ന സംഘടന നേതാക്കന്മാരും ജീവനോടെ ഇവിടെയൊക്കെ തന്നെയുണ്ടല്ലോ.. അല്ലെ??

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.