ലേഖനം:നമ്മുടെ തലമുറ എങ്ങോട്ട് ? | ജെറിൻ ജൊ ജെയിംസ്

മത്തായി 21:12,13- യേശു ദൈവാലയത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു അവരോടു: “എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.

അടുത്തിടെ നടന്ന ഒരു ക്രിസ്തീയ പരിപാടിയുടെ ഒരു വീഡിയോ ശകലം കാണുവാനും അതിൽ പോയി പങ്കെടുക്കുവാൻ ഭാഗ്യം ലഭിച്ച എന്റെ പ്രിയ ഭാര്യാ സഹോദരിയുടെ വാക്കുകൾ കേൾക്കുവാനും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വന്ന ചർച്ചകളും അതിലുപരിയായി സത്യ ദൈവത്തെ വിറ്റു കാശാക്കാതെ മാന്യമായി ദൈവത്തിനും പ്രമാണത്തിനും വേണ്ടി നിന്നു കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട വല്യപ്പച്ചന്മാരുടെ ഒരു കൊച്ചു മകനുമെന്ന നിലയ്‌ക്കുമാണ് ഈ പോസ്റ്റ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

എല്ലാറ്റിനും ഉപരിയായി ഒന്ന് പറഞ്ഞു കൊള്ളട്ടെ “നമ്മുടെ കർത്താവിന്റെ വരവ് വാതിൽക്കലായിരിക്കുന്നു”. പ്രിയ തലമുറയെ ഇങ്ങനെയുള്ള പല വിഷയങ്ങളും നമ്മെ വിഷമപ്പെടുത്തിയേക്കാം എന്നാൽ ചഞ്ചലപ്പെടാതെ ബുദ്ധിയുള്ള ആരാധനയായി നമ്മെത്തന്നെ യാഗമായി യേശുവിനായി സമർപ്പിച്ചാൽ നമുക്കു നിത്യത ഉറപ്പാണ്.

ഒരു സ്റ്റേജും നല്ല മ്യൂസിക് സിസ്റ്റവും കുറെ തട്ടു പൊളിപ്പൻ ‘ചങ്ക് ‘ സംഗീതജ്ഞന്മാരും പിന്നെ പാട്ടിൽ അല്പം പോപ്പും റോക്കും തിരുകി കയറ്റിയാലും ഒന്നും ഒരിക്കലും ജീവനുള്ള ദൈവത്തിനു സുഗ്രാഹ്യമായ ആരാധനയാകില്ല ,അത്തരത്തിലുള്ളവയെല്ലാം പാരായണ സുഖത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ.ആരാധന ഹൃദയത്തിൽ നിന്നാണ് വരേണ്ടത്. അല്ലാതെ നാവിനും ജീവിതത്തിനും വിശുദ്ധിയുടെ അംശം തൊട്ടു നൽകാതെ ആരാധന എന്ന് പറഞ്ഞു സിനിമാ ഗാനങ്ങളുടെ ശൈലിയിൽ പാടിയാൽ ഒരു പക്ഷെ അന്നേരത്തെ ഒരു ‘ഓളത്തിനു’ ന്യൂ ജനറേഷൻ പിള്ളാര് കയ്യടിച്ചെന്നും ചിരിച്ചെന്നും ഒക്കെ വരാം. ക്രിസ്തുവിന്റെ ചൂടടയാളം വഹിക്കുന്ന ഒരു ദൈവ പൈതലിനും അത് ദഹിക്കുകയില്ല. യേശുവിന്റെ നാമം ഉയർത്താതെ ഹിന്ദിയിലെ ഒരു പ്രസിദ്ധ നടന്റെ ആരാധകരുടെ എണ്ണം എടുത്തും അദ്ദേഹത്തിന്റെ ശൈലിയിൽ ഗാനങ്ങൾ പാടുകയും അതിലൊക്കെ ഉപരിയായി യേശുവിന്റെ ക്രൂശു മരണത്തെ അധിക്ഷേപിച്ചു കൊണ്ട് ആ നടൻ യേശു ക്രൂശിൽ കിടന്നതു ഒരു സ്റ്റെപ് ആയി എടുത്തു എന്ന പരാമർശവും – സഹോദരാ -ഒന്നെനിക്കു പറയാൻ കഴിയും – സ്വർഗ്ഗത്തിലെ ദൈവം താങ്കൾക്ക് നല്ല ബുദ്ധി നൽകട്ടെ. യഥാർത്ഥമായി ആ ക്രൂശിനെ പിൻ പറ്റിയവർക്കും കാൽവരിയിലെ യേശുവിന്റെ സ്നേഹം മനസിലാക്കിയവർക്കും ഇങ്ങനെയൊന്നും പറയുവാൻ കഴിയില്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കാതിരിക്കുവാൻ ദൈവം താങ്കളെ പ്രാപ്തനാക്കട്ടെ. ദൈവാലയത്തിൽ നടക്കുന്ന എല്ലാത്തരം വില്പനകളും യേശു കണ്ടിട്ട് എല്ലാവരെയും പുറത്താക്കിക്കൊണ്ടു എല്ലാ വ്യാപാര വസ്തുക്കളും മറിച്ചിട്ടുകൊണ്ട്‌ യേശു ഇപ്രകാരം പറഞ്ഞു “എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു”. പ്രിയ ദൈവ മക്കളെ, യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് അതല്ലേ. നമ്മുടെ പല മീറ്റിങ്ങുകളും, പ്രത്യേകിച്ച് യുവ ജനങ്ങളുടെ മീറ്റിങ്ങുകൾ കേവലം “എന്റർടൈൻമെന്റ് ” ആയി മാറിയിരിക്കുന്നു. യഥാർത്ഥ ആത്മീയതയിലേക്ക് ഈ തലമുറ ജയിച്ചു മുന്നേറാൻ നമുക്ക് പ്രാർത്ഥിക്കാം.

ഒടുവിലായി – പ്രിയ സഹോദരാ ഇന്നും ക്രിസ്തീയ സമൂഹം ആത്മാവിൽ പാടി ആരാധിക്കുന്ന ആ രണ്ടു സമർപ്പണ ഗാനങ്ങൾ എഴുതിയ താങ്കളുടെ വായിൽ നിന്നു ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ക്രിസ്തു നിങ്ങളെ വീണ്ടും സ്വതന്ത്രനാക്കട്ടെ എന്നും സത്യം മനസിലാക്കി അനേകരെ ക്രിസ്തുവിലേക്കു നേടാൻ കർത്താവ് നിങ്ങൾക്കു കൃപ നൽകുവാൻ ഞാനും പ്രാർത്ഥിക്കാം.
സർവ്വ മഹത്വവും വലിയവനായ യേശുവിൽ സമർപ്പിച്ചുകൊണ്ട്
എന്ന് ക്രിസ്തുവിൽ –

ജെറിൻ ജൊ ജെയിംസ് 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.