പ്രളയത്തിൽ നശിച്ച വീടുകൾക്കുള്ള സഹായ ധനം അപര്യാപ്തം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ

എടത്വാ: പ്രളയത്തിൽ നശിച്ച വീടുകൾക്ക് അനുവദിക്കപെട്ടിട്ടുള്ള സഹായ ധനം അപര്യാപ്തമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ. വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വീണ്ടും സർവ്വേ നടത്തി അർഹർക്ക് ആവശ്യമായ പരിഗണന നൽകണമെന്നും ലിസ്റ്റിൽ കയറി കൂടിയിട്ടുള്ള അനർഹരെ ഒഴിവാക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപെട്ടു.സംസ്ഥാന ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ കലക്ടർക്കും പരാതി അയച്ചു.

നാല് വിഭാഗമായിട്ടാണ് നഷ്ടപരിഹാരം തരം തിരിച്ചിരിക്കുന്നത്. 75% ന് മുകളിൽ നഷ്ടം സംഭവിച്ചവർക്ക് 4 ലക്ഷം രൂപയും 60 മുതൽ 74% വരെ 2.50 ലക്ഷം രൂപയും 30 മുതൽ 59 % വരെ 1.25 ലക്ഷം രൂപയും 16% മുതൽ 29 % വരെ 60,000 രൂപയും ആണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. എന്നാൽ 15% വരെ നഷ്ടം സംഭവിച്ചവർക്ക് ഉള്ള സഹായത്തിന് യാതൊരു വ്യക്തതയുമില്ല.16% നഷ്ടപെട്ടവർക്ക് 60,000 രൂപ അനുവദിക്കപെടുമ്പോൾ 15% ഉള്ളവർക്ക് ആനുപാതികമായി സഹായം നൽകണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്.

നഷ്ടം വിലയിരുത്തുവാൻ എത്തിയവർ യാതൊരു മുൻപരിചയമില്ലാത്തവരും വിദഗ്ദ്ധരും അല്ലായിരുന്നുവെന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു.പ്രളയത്തിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ ആണ് വീടിന്റെ നാശനഷ്ടം രേഖപെടുത്താൻ സർവ്വേ നടത്തിയത്. വീടിനുള്ളിൽ ഒന്നര മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിൽ വെള്ളം കയറി ഫർണീച്ചറുകൾ ഉൾപ്പെടെ സർവ്വവും നഷ്ടപെട്ടവർ പോലും ഉണ്ട്.അതിന്റെ ഒന്നും കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല.പല വീടുകളും പൂർവ്വസ്ഥിതിയിലേക്ക് ഇതിനോടകം മാറ്റപ്പെട്ടു കഴിഞ്ഞു. എന്നാൽ പൂർണ്ണമായി തകർന്ന വീടുകളും ധാരാളം ഉണ്ട്.ഏറ്റവും കൂടുതൽ ആലപ്പുഴ ജില്ലയിലും രണ്ടാമത് എറണാകുളത്തും ആണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള
4 ലക്ഷം രൂപ കൊണ്ട് നിർമ്മാണം പൂർത്തിയാക്കുവാൻ വിവിധ ഏജൻസികളും താത്പര്യം കാണിക്കാത്ത സാഹചര്യത്തിൽ പ്രളയത്തിൽ നശിച്ച വീടുകളുടെ പുനർനിർമ്മാണവും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് സെക്രട്ടറി ജനറൽ അഡ്വ. അമ്പലപ്പുഴ കെ. ശ്രീകുമാർ പറഞ്ഞു.

ലിസ്റ്റ് പ്രസിദ്ധികരിച്ചതോട് കൂടി പരാതികളുമായി ജനം ഓഫിസുകൾ കയറി ഇറങ്ങുകയാണ്. കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ മാത്രം നൂറ് കണക്കിന് പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.