ക്രൈസ്തവ എഴുത്തുപുരയ്ക്ക് ലിഫ്റ്റ് കാനഡ “എംപവറിംഗ് ദ നെക്സ്റ്റ് ജനറേഷൻ” അവാർഡ് ലഭിച്ചു
കാനഡ: മാധ്യമപ്രവർത്തനം, കൂട്ടായ്മ, കായികരംഗം എന്നിവയിലൂടെ യുവതലമുറയെ ശാക്തീകരിക്കുകയും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ക്രൈസ്തവ എഴുത്തുപുരയ്ക്ക് ലിഫ്റ്റ് കാനഡയുടെ പുരസ്കാരം ലഭിച്ചു. ‘അടുത്ത തലമുറയെ ശാക്തീകരിക്കുന്നതിനുള്ള പുരസ്കാരം’ എന്ന പ്രത്യേക ബഹുമതിയാണ് ക്രൈസ്തവ എഴുത്തുപുരയ്ക്ക് സമ്മാനിച്ചത്.
കാനഡയിൽ നടന്ന ലിഫ്റ്റ് കാനഡയുടെ പ്രത്യേക സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറർ ആഷർ മാത്യു, ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ ഡോ. ബെൻസി ജി. ബാബു, പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ഷെബു തരകൻ, ഒന്റാറിയോ ചാപ്റ്റർ പ്രസിഡന്റ് ബിജു പി. സാം എന്നിവർ ചേർന്ന് കനേഡിയൻ പാർലമെന്റ് അംഗം ഡോ. മാറ്റ് സ്ട്രോസിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ക്രൈസ്തവ എഴുത്തുപുര കാനഡ ഒന്റൊരിയോ ചാപ്റ്റർ ഭാരവാഹികളായ ഗ്രേസൺ സണ്ണി, മെൽവിൻ മാത്യു ഫിലിപ്പ്, ജോനാഥൻ ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിശ്വാസത്തിലും ലക്ഷ്യബോധത്തിലും നേതൃത്വപാടവത്തിലും അധിഷ്ഠിതമായ പുതുതലമുറയെ വാർത്തെടുക്കുന്നതിനും യുവാക്കൾക്ക് അർഥവത്തായ ഇടപെടലുകൾ നടത്താനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരങ്ങൾ ഒരുക്കുന്നതിനും ക്രൈസ്തവ എഴുത്തുപുര നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.
യുവതലമുറയിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും തുടർന്നും പ്രവർത്തിക്കുമെന്ന് ക്രൈസ്തവ എഴുത്തുപുര ഭാരവാഹികൾ അറിയിച്ചു. ഈ നേട്ടത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിച്ച ഭാരവാഹികൾ പുരസ്കാരത്തിന്റെ എല്ലാ മഹത്വവും ദൈവത്തിന് സമർപ്പിക്കുന്നതായും വ്യക്തമാക്കി.
ക്രൈസ്തവ എഴുത്തുപുരയുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെയും ഷാർജ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെയും ആദരവുകൾ മുൻപും ലഭിച്ചിട്ടുണ്ട്.
പുതിയ പുരസ്കാരം ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനവും ഉത്തരവാദിത്വവും നൽകുന്നതാണെന്ന് ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഫിന്നി കാഞ്ഞങ്ങാട് അറിയിച്ചു.

- Advertisement -


Comments are closed.