ലേഖനം: അത്യുന്നതന്റെ മറവിൽ വസിച്ചാൽ | റോജി തോമസ്, ചെറുപുഴ

“അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ…” (സങ്കീർത്തനങ്ങൾ 91:1).

News Middle Advt Banner

ദൈവത്തോട് അടുത്തുനിൽക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്യുന്ന അത്ഭുതകരമായ സംരക്ഷണം, കരുതൽ, വിശ്വസ്തത, അനുഗ്രഹങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന വാഗ്ദാനത്തോടെയാണ് സങ്കീർത്തനം ആരംഭിക്കുന്നത്. ഇടയ്ക്കിടെ ദൈവത്തിന്റെ സാന്നിധ്യം തേടുന്ന വ്യക്തിയെക്കുറിച്ചല്ല, മറിച്ച് അവിടെ നിത്യം വസിക്കുന്ന വ്യക്തിയെക്കുറിച്ചാണ് പതിപാദിക്കുന്നത് എന്നത് ശ്രദ്ധിക്കുക. ഒരു വീട് സന്ദർശിക്കുന്നതും ആ വീട്ടിൽ സ്ഥിരം താമസിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുപോലെ, ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മാത്രം ദൈവത്തെ തേടുന്നതും, താനുമായി നിരന്തരബന്ധം നിലനിർത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അത്യുന്നതിലെ മറവിടവും നിഴലിങ്കലെ വാസവും ദൈവവുമായുള്ള അടുപ്പം, പ്രാർത്ഥന, അനുസരണം, വിശ്വാസം, പൂർണ്ണ ആശ്രയം എന്നിവയെ സൂചിപ്പിക്കുന്നു. ദൈവത്തിങ്കൽ നമ്മുടെ വാസസ്ഥലമാക്കുമ്പോൾ, ലോകത്തിന് നൽകാൻ കഴിയാത്ത അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കും.

“അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു” (സങ്കീർത്തനങ്ങൾ 91:3-4). ദൈവത്തിന്റെ സാന്നിധ്യത്തിൽ വസിക്കുന്നതിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് അവിടുത്തെ ദിവ്യസംരക്ഷണമാണ്. ദൈവത്തിന്റെ സംരക്ഷണത്തെ രണ്ട് മനോഹരമായ രീതികളിൽ വിവരിക്കുന്നു; ഒന്നാമത്, തന്റെ ചിറകുകൾക്കടിയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു പക്ഷിയെപ്പോലെ, ദൈവം തന്റെ സ്നേഹനിർഭരമായ പരിചരണത്താൽ തന്റെ മക്കളെ മൂടുന്നു. ര−ാമത്, തന്റെ പരിചയ്ക്ക് പിന്നിൽ; ജീവിതത്തിലെ ആക്രമണങ്ങൾക്കും അപകടങ്ങൾക്കുമെതിരെ ദൈവം നമ്മുടെ പ്രതിരോധമായി മാറുന്നു. ചിലപ്പോൾ നമുക്ക് ചുറ്റുമുള്ള അപകടങ്ങൾ നാം അറിഞ്ഞെന്നിരിക്കാം, എന്നാൽ ചിലപ്പോൾ ദൈവം നമ്മെ സംരക്ഷിച്ച അപകടങ്ങളെക്കുറിച്ച് നാം അറിയണമെന്നുമില്ല. ദൈവത്തിന്റെ സംരക്ഷണം എന്നതിനർത്ഥം നാം ഒരിക്കലും ബുദ്ധിമുട്ടുകൾ നേരിടുകയില്ല എന്നല്ല. നാം ഒരിക്കലും അവിടുത്തെ സംരക്ഷണത്തിന് പുറത്തല്ലെന്നും ഒരു സാഹചര്യത്തിനും അവിടുത്തെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ കഴിയില്ലെന്നുമത്രേ.

“രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല” (സങ്കീർത്തനങ്ങൾ 91:5-6); ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹം. ദൈവത്തിന്റെ സാന്നിധ്യത്തിൽ വസിക്കുന്ന ഒരു വ്യക്തിക്ക് ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിൽപ്പോലും സമാധാനവും ആത്മവിശ്വാസവും ലഭിക്കുന്നു. ഇവിടെ ചില വ്യത്യസ്ത തരത്തിലുള്ള ഭയത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. രാത്രിയിലെ ഭീകരത; അജ്ഞാതവും അദൃശ്യമായ ഇരുളിന്റെ വാഴ്ച്ചയെക്കുറിച്ചുള്ള ഭയം. പകൽ പറക്കുന്ന അസ്ത്രം; ദൃശ്യമായ ആക്രമണങ്ങളും അപകടങ്ങളും എന്നിവയാലുള്ള ഭയം. ഇരുട്ടിലെ മഹാമാരി; മറഞ്ഞിരിക്കുന്ന സർവ്വനാശ ഭീഷണികളാൽ ഭയം. ഉച്ചസമയത്തും നശിപ്പിക്കുന്ന സംഹാരം; പെട്ടെന്നുള്ള ദുരന്തങ്ങൾ. അങ്ങനെ രാവും പകലും നമ്മുടെ ജീവിതത്തിൽ ഒാരോ ഭയകാരണ നിമിഷങ്ങൾ.

ഭയം നമ്മുടെ സമാധാനത്തെ നശിപ്പിക്കുകയും നമ്മുടെ തീരുമാനങ്ങളെ ബാധിക്കുകയും നമ്മുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. എന്നാൽ ദൈവത്തിൽ ആശ്രയിക്കുമ്പോൾ, ഭയത്താൽ നിയന്ത്രിക്കപ്പെടാതെ നമുക്ക് നാളെയെ അഭിമുഖീകരിക്കാൻ പറ്റുന്നു. ഈ ആത്മവിശ്വാസത്തിന്റെ രഹസ്യം നാളെയെക്കുറിച്ച് എല്ലാം നാം മനസ്സിലാക്കുന്നു എന്നതല്ല, മറിച്ച് നാളെയെ ഉൾക്കൊള്ളുന്ന ദൈവത്തെ നാം അറിയുന്നു എന്നതാണ്. ദൈവം നമ്മുടെ അഭയസ്ഥാനമാകുമ്പോൾ, ഭയം നമ്മുടെ ഹൃദയങ്ങളെ ഭരിക്കേണ്ടതില്ല.

“നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും” (സങ്കീർത്തനങ്ങൾ 91:7-8); ദൈവത്തിന്റെ പ്രതേ്യക പരിചരണത്തിന്റെ അനുഗ്രഹം. ഈ വാക്യങ്ങൾ ദൈവികശക്തിയുടെ മഹത്വവും ചുറ്റും നാശം സംഭവിക്കുമ്പോഴും തന്നിൽ ആശ്രയിച്ചവരെ പരിപാലിക്കാനുള്ള തന്റെ കഴിവും വെളിപ്പെടുത്തുന്നു. ഇതിനാൽ ദൈവത്തിന്റെ മക്കൾക്ക് അവിടുത്തെ പരമാധികാര പരിചരണത്തിൽ തുടർന്നും വിശ്വസിക്കാൻ കഴിയും.

ചില കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് എല്ലായ്പ്പോഴും മനസ്സിലാകണമെന്നില്ല, പക്ഷേ ദൈവം ഒരിക്കലും തന്റെ മക്കളെ ഉപേക്ഷിക്കുന്നില്ലെന്ന് നമുക്ക് വിശ്വസിക്കാം. നമ്മുടെ സുരക്ഷ നിർണ്ണയിക്കുന്നത് നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങളല്ല, മറിച്ച് നാം ആശ്രയിക്കുന്ന ദൈവമാണ്. എബ്രായ ചെറുപ്പക്കാർ തീച്ചൂളയിൽ തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ വിസമ്മതിച്ചു. ദൈവം അവരോടൊപ്പം അഗ്നിയിലുണ്ടായിരുന്നു, അവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

“യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല” (സങ്കീർത്തനങ്ങൾ 91:9-10); നമ്മുടെ വാസസ്ഥലത്തിന്മേലുള്ള ദൈവത്തിന്റെ സാന്നിധ്യവും സംരക്ഷണവും. നമ്മുടെ ജീവിതത്തിൽ വെറുമൊരു സന്ദർശകനാകാൻ ദൈവം ആഗ്രഹിക്കുന്നില്ല. നമ്മുടെ ജീവിതത്തിന്റെയും വാസസ്ഥലങ്ങളുടെയും കേന്ദ്രമാകാൻ താൻ ആഗ്രഹിക്കുന്നു.

91-ാം സങ്കീർത്തനം 2 മുതൽ 16 വരെ ഉള്ള വാഗ്ദാനങ്ങളും സംരക്ഷണയും നമുക്കു ലഭിക്കണമെങ്കിൽ ഒന്നാം വാക്യം നാം ആദ്യമായി അനുവർത്തിക്കണം. അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്താൽ തുടർന്ന് വരുന്നവ ലഭ്യമാകും. ഒരു കുടുംബം ദൈവത്തെ അതിന്റെ അഭയസ്ഥാനമാക്കുമ്പോൾ പ്രാർത്ഥന കുടുംബജീവിതത്തിന്റെ ഭാഗമായി മാറുന്നു. ദൈവവചനം ഹൃദയങ്ങളിൽ നിറയുകയും നമ്മെ സമാധാനം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. നമ്മുടെ വീടുകൾ അവിടുത്തെ സാന്നിധ്യം ആദരിക്കപ്പെടുകയും തന്റെ നാമം മഹത്വപ്പെടുകയും ചെയ്യുന്ന സ്ഥലങ്ങളായി മാറട്ടെ. ആമേൻ.

റോജി തോമസ്, ചെറുപുഴ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading