യുഎഇയിൽ മുസ്ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം
അബുദാബി: യുഎഇയിലെ മുസ്ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങളും സാമ്പത്തിക പിഴകളും വ്യവസ്ഥ ചെയ്യുന്ന പുതിയ ഭരണപരമായ ചട്ടങ്ങൾ പ്രാബല്യത്തിൽ. അനുമതിയില്ലാത്ത ധനസമാഹരണം, വിദേശ സംഘടനകളുമായുള്ള ബന്ധം, നിശ്ചിത ആരാധനാലയങ്ങൾക്ക് പുറത്തുള്ള മതപരമായ ചടങ്ങുകൾ തുടങ്ങി 24 വിഭാഗങ്ങളിലുള്ള നിയമലംഘനങ്ങൾക്കാണ് നടപടി വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 5,000 ദിർഹം മുതൽ 7,50,000 ദിർഹം വരെ പിഴ ചുമത്താം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ആരാധനാലയങ്ങളുടെ പ്രവർത്തനം മൂന്നുമാസം വരെ താൽക്കാലികമായി നിർത്തിവയ്ക്കാനും വ്യവസ്ഥയുണ്ട്.

2023-ലെ മുസ്ലിം ഇതര ആരാധനാലയങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഫെഡറൽ നിയമത്തിന്റെയും അതിന്റെ നിർവഹണ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ മന്ത്രിസഭാ പ്രമേയം. 2026 ഒക്ടോബർ മധ്യത്തോടെ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് നിലവിലുള്ള നിയമങ്ങളുടെ നടത്തിപ്പും മേൽനോട്ടവും കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമാണ്.
യുഎഇക്ക് പുറത്തുള്ള വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ മുൻകൂർ അനുമതിയില്ലാതെ സംഭാവനകൾ, ഗ്രാന്റുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ സ്വീകരിക്കുന്നതിന് ആദ്യ ലംഘനത്തിന് ഒരു ലക്ഷം ദിർഹവും രണ്ടാമത്തേതിന് 2.5 ലക്ഷം ദിർഹവും മൂന്നാമത്തേതിന് അഞ്ചുലക്ഷം ദിർഹവും പിഴ ചുമത്തും. വിദേശത്തേക്ക് അനുമതിയില്ലാതെ പണം കൈമാറുന്നതിനും 50,000 മുതൽ 2.5 ലക്ഷം ദിർഹം വരെ പിഴയുണ്ട്.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ അനുമതിയില്ലാതെ സംഭാവനകൾ അഭ്യർഥിക്കുകയോ പിരിവ് നടത്തുകയോ ചെയ്യുന്നതിനും കനത്ത പിഴ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദ്യ ലംഘനത്തിന് ഒരു ലക്ഷം ദിർഹവും തുടർന്നുള്ള ലംഘനങ്ങൾക്ക് യഥാക്രമം 2.5 ലക്ഷം, അഞ്ചുലക്ഷം ദിർഹവും പിഴ ചുമത്താം.
വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ അനുമതിയില്ലാതെ ബന്ധം സ്ഥാപിക്കുക, വിദേശത്ത് യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുക, നയതന്ത്ര-ഔദ്യോഗിക സ്ഥാപനങ്ങളുമായി അനധികൃത ബന്ധം പുലർത്തുക തുടങ്ങിയവയ്ക്കാണ് ഏറ്റവും ഉയർന്ന പിഴയായ 7.5 ലക്ഷം ദിർഹം വരെ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ലൈസൻസ് പുതുക്കാതിരിക്കൽ, ഔദ്യോഗികമായി നിയോഗിച്ച സൂപ്പർവൈസർ ഇല്ലാതെ പ്രവർത്തിക്കൽ, സ്ഥാപനത്തിന്റെ അംഗീകൃത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കെട്ടിടം ഉപയോഗിക്കൽ, നിശ്ചിത ബാങ്ക് അക്കൗണ്ടുകൾ വഴിയല്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തൽ തുടങ്ങിയവയും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.
അംഗീകൃത ആരാധനാലയങ്ങൾക്ക് പുറത്തുള്ള മതപരമായ ചടങ്ങുകൾക്കും 1,00,000 മുതൽ 4,00,000 ദിർഹം വരെ പിഴ ചുമത്താം. ആവർത്തിച്ചുള്ള ഗുരുതരമായ നിയമലംഘനങ്ങൾക്ക് പ്രവർത്തനാനുമതി താൽക്കാലികമായി റദ്ദാക്കാനും കഴിയും.
അതേസമയം, അധികൃതർ ചുമത്തുന്ന പിഴകൾക്കും നടപടികൾക്കുമെതിരെ അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികൾക്ക് അപ്പീൽ നൽകാൻ ആരാധനാലയങ്ങൾക്ക് അവസരമുണ്ട്. യുഎഇയിലെ വിവിധ ക്രൈസ്തവ സഭകളും മറ്റ് മുസ്ലിം ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും പുതിയ വ്യവസ്ഥകൾ പാലിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്.

- Advertisement -


Comments are closed.