ഭാവന: അവസാന യാത്രയിലെ നിശബ്ദ സാക്ഷി | ദീന ജയിംസ്

പല നിറത്തിലുള്ള പൂക്കൾ കോർത്തിണക്കി മനോഹരമായി ഒരുക്കിയ എന്റെ ജീവിതം തുടങ്ങുന്നത് ഒരു മരണവാർത്ത കേൾക്കുമ്പോഴാണ്. ആരുടെയോ വേർപാടിന്റെ വാർത്തയെത്തുമ്പോൾ എന്നെ ഒരുക്കാനുള്ള തിരക്കുകളാരംഭിക്കുന്നു. പൂക്കൾ തിരഞ്ഞെടുക്കപ്പെടുന്നു, അവ ഭംഗിയായി കോർത്തിണക്കപ്പെടുന്നു. ഒടുവിൽ വർണശബളമായ ഒന്നായി ഞാൻ രൂപം കൊള്ളുന്നു. ഒടുവിൽ ഒരു ജീവിതത്തിന്റെ അവസാനയാത്രയ്ക്ക് അകമ്പടിയാകാൻ ഞാൻ തയ്യാറാകുന്നു.

News Middle Advt Banner

ഇന്ന് ഞാൻ ഒരാളുടെ അന്ത്യയാത്രയ്ക്ക് അകമ്പടി സേവിക്കുകയാണ്. എന്റെ ചുറ്റും ആളുകളുടെ തിരക്കാണ്. ചിലരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ചിലർ നിശ്ശബ്ദരായി നിൽക്കുന്നു. മറ്റു ചിലർ ചടങ്ങുകളുടെ തിരക്കിലാണ്. ഫോട്ടോകൾ എടുക്കുന്നു, അനുശോചനങ്ങൾ അറിയിക്കുന്നു, പൂക്കൾ അർപ്പിക്കുന്നു. ആ തിരക്കിനിടയിൽ ഞാൻ മാത്രം നിശ്ശബ്ദമായി ആ മൃതശരീരത്തെ നോക്കിക്കിടക്കുന്നു.

എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ജീവിച്ചിരുന്നപ്പോൾ ഈ മനുഷ്യന് എത്രയോ സ്വപ്നങ്ങളുണ്ടായിരുന്നിരിക്കാം! ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മോഹങ്ങളും ഉണ്ടായിരുന്നിരിക്കാം. ഒരു നല്ല വാക്കിനായി, ഒരു ചേർത്തുപിടിക്കലിനായി, ഒരു കരുതലിനായി അയാൾ കാത്തിരുന്നിട്ടുണ്ടാകാം. പക്ഷേ അന്നൊന്നും ആരും അതിനായി സമയം കണ്ടെത്തിയില്ലായിരിക്കാം.

ഇന്ന് നോക്കൂ… എത്ര പൂക്കളാണ് അയാൾക്കായി കൊണ്ടുവന്നിരിക്കുന്നത്! എത്ര മനോഹരമായ റീത്തുകൾ! ജീവിച്ചിരുന്നപ്പോൾ ഒരു പൂവ് സമ്മാനിക്കാൻ മടിച്ചവർ ഇന്ന് പൂക്കളുടെ മല തീർക്കുന്നു. അയാളുടെ സന്തോഷത്തിൽ പങ്കുചേരാൻ സമയമില്ലാതിരുന്നവർ ഇന്ന് അന്ത്യയാത്രയിൽ പങ്കെടുക്കാൻ ഓടിയെത്തുന്നു. ഒരു ഫോൺവിളിക്ക് പോലും സമയമില്ലാതിരുന്നവർ ഇന്ന് മണിക്കൂറുകളോളം അരികിൽ നിൽക്കുന്നു.

എന്നെ നിർമ്മിച്ച പൂക്കളെല്ലാം ഒരിക്കൽ ചെടികളിൽ വിരിഞ്ഞുനിന്നവയായിരുന്നു. അവയ്ക്ക് സൂര്യപ്രകാശമുണ്ടായിരുന്നു, മഴയുണ്ടായിരുന്നു, കാറ്റിന്റെ തലോടലുണ്ടായിരുന്നു. അവയ്ക്ക് സ്വന്തം ജീവിതമുണ്ടായിരുന്നു. ഇന്ന് അവയെല്ലാം ഒരുമിച്ച് എന്നിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. പക്ഷേ അധികം വൈകാതെ അവ വാടിത്തുടങ്ങും. എന്റെ നിറം മങ്ങും, സുഗന്ധം നഷ്ടപ്പെടും. ഒടുവിൽ എന്നെയും ചവറ്റുകുറ്റയിൽ,ചിലപ്പോൾ മരിച്ചവനോടൊപ്പം ഉപേക്ഷിക്കും. അതാണ് എന്റെ വിധി.

എന്നാൽ എന്നെക്കാൾ വേദനിക്കുന്ന മറ്റൊരു കാഴ്ചയുണ്ട്. ജീവനുള്ള മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പൂക്കൾ വാടിക്കൊണ്ടിരിക്കുന്നു. അസൂയയും അഹങ്കാരവും പകയും സ്വാർത്ഥതയും ബന്ധങ്ങളുടെ സുഗന്ധം കെടുത്തിക്കൊണ്ടിരിക്കുന്നു. പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാതെ വിധിക്കാനും കുറ്റപ്പെടുത്താനും മനുഷ്യർക്ക് ധാരാളം സമയമുണ്ട്. എന്നാൽ ഒരാളുടെ കണ്ണീരൊപ്പാൻ ഒരു നിമിഷം പോലും മാറ്റിവെക്കാൻ കഴിയുന്നില്ല.

മരണവീട്ടിൽ എത്തുന്ന ഓരോ റീത്തും ഒരു നിശ്ശബ്ദ സന്ദേശം നൽകുന്നുണ്ട്. ജീവിതം എത്ര ക്ഷണികമാണെന്ന്, മനുഷ്യബന്ധങ്ങൾ എത്ര വിലപ്പെട്ടതാണെന്ന്, സ്നേഹം പ്രകടിപ്പിക്കാൻ നാളെയിലേക്ക് മാറ്റിവയ് ക്കരുതെന്ന്. കാരണം നാളെ എന്നത് എല്ലാവർക്കും ഉറപ്പുനൽകപ്പെട്ട ഒന്നല്ല.സ്നേഹവാക്കുകൾക്ക് മരണത്തിന്റെ നിശ്ശബ്ദത വരെ കാത്തിരിക്കേണ്ടിവരരുത്.

എന്റെ ആഗ്രഹം ഇനി ഒരിക്കലും ഒരു മരണവാർത്ത കേട്ട് എന്റെ ജനനം ഉണ്ടാകാതിരുന്നെങ്കിൽ! ഒരാളുടെ ജന്മദിനത്തിൽ സന്തോഷത്തോടെ സമ്മാനിക്കപ്പെടുന്ന പൂക്കളാകാൻ എനിക്കാഗ്രഹമുണ്ട്. ഒരാളുടെ വിജയത്തിൽ അഭിനന്ദനമായി നൽകപ്പെടുന്ന പൂക്കളാകാൻ ആഗ്രഹമുണ്ട്. ജീവിതത്തിൽ തളർന്നുപോയ ഒരാൾക്ക് പ്രതീക്ഷയുടെ അടയാളമായി നൽകപ്പെടുന്ന പൂക്കളാകാൻ ആഗ്രഹമുണ്ട്.

ഒരു റീത്ത് എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇത്രമാത്രം: മരിച്ചവർക്കായി പൂക്കൾ വാങ്ങുന്നതിനു മുമ്പ് ജീവിച്ചിരിക്കുന്നവർക്കായി ഒരു പൂവെങ്കിലും കരുതിവെക്കൂ. കാരണം മരണശേഷം ലഭിക്കുന്ന ആയിരം റീത്തുകളേക്കാൾ വിലയുള്ളതാണ് ജീവിച്ചിരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹം.

എന്റെ ജനനം തന്നെ വേണ്ടിവരാത്ത ഒരു ലോകമായിരിക്കും ഏറ്റവും മനോഹരമായ ലോകം… അവിടെ മരണശേഷം പൂക്കൾകൊണ്ട് സ്നേഹം പ്രകടിപ്പിക്കേണ്ടിവരില്ല; ജീവിച്ചിരിക്കുമ്പോൾ സ്നേഹത്താൽ മനുഷ്യർ പരസ്പരം പൂക്കളാകും.
ഇതാണ് എന്റെ സ്വപ്നം!!

ജീവിച്ചിരിക്കുമ്പോൾ നൽകാതെ പോയ സ്നേഹത്തെക്കുറിച്ച് വിലപിക്കുന്ന ഒരു നിശ്ശബ്ദ സാക്ഷി. (റീത്ത്)

ദീന ജെയിംസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading