അനുഭവങ്ങൾ: പതിറ്റാണ്ടുകളുടെ ഓർമ്മത്താളുകളിലെ മഷിത്തണ്ടുകൾ | രാജൻ പെണ്ണുക്കര
ക്രൈസ്തവ എഴുത്തുപുരയുടെ വിജയഗാഥയിൽ ഒരുമാത്രയെങ്കിലും ആകാൻ എനിക്കും അവസരം ലഭിച്ചത് ജീവിതത്തിലെ സൗഭാഗ്യമായും അഭിമാനമായും മാത്രമാണ് ഞാൻ കരുതുന്നത്.

പല അനുഭവങ്ങളും ഗുണപാഠങ്ങളും അയവിറക്കുമ്പോൾ, എനിക്ക് പ്രത്യേകമായൊരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച മുപ്പത്തിയെട്ട് വർഷത്തെ പ്രതിരോധസേനയിലെ സേവനവും ഔദ്യോഗിക പദവികളും ചിട്ടകളും അനുഭവങ്ങളും, കൂടാതെ കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലെ മുംബൈ ജീവിതവും, അതിനോടൊപ്പം ചേർത്തുവെച്ച ആത്മീയയാത്രയിലെ മറക്കാനാവാത്ത പലതരത്തിലും നിറത്തിലുമുള്ള ജീവിതാനുഭവങ്ങളും എന്നെ പലവിധത്തിലുള്ള ഗുണപാഠങ്ങൾ പഠിപ്പിച്ചു.
ശുദ്ധജലത്തിൽ മീനുകൾ താരതമ്യേന കുറവായിരിക്കും; എന്നാൽ കലങ്ങിമറിഞ്ഞ വെള്ളത്തിൽ അവയെ ധാരാളമായി കാണാൻ കഴിയുമെന്നാണ് ഒരു തത്ത്വം.
അതുപോലെതന്നെ, സത്യസന്ധമായും ശുദ്ധഹൃദയത്തോടെയും ജീവിക്കുന്ന ഒരാൾക്ക് പലപ്പോഴും അത്രത്തോളം ഒറ്റപ്പെടേണ്ടിവരുമെന്നും, എന്നാൽ അൽപ്പം കളവും ചതിയും ഉള്ളവർക്ക് ധാരാളം കൂട്ടുകാരെയും അംഗീകാരത്തെയും എവിടെയും ലഭിക്കുമെന്നും ലോകം പഠിപ്പിക്കുന്ന പാഠമാണിത്.
ആർക്കും ഒരു ദോഷവും ചെയ്യാതിരുന്നാലും, ഒരുവൻ സത്യത്തിനും ന്യായത്തിനും നീതിക്കും വേണ്ടി അടിയുറച്ചുനിന്നാൽ, സംസാരിച്ചാൽ, പ്രതികരിച്ചാൽ, തൂലികയെടുത്താൽ കല്ലേറുണ്ടാകുമെന്നും ഒറ്റപ്പെടേണ്ടിവരുമെന്നും തിരിച്ചറിഞ്ഞ നാളുകൾ.
മിത്രങ്ങളെക്കാൾ അധികം ശത്രുക്കൾ എല്ലാ മേഖലകളിലും ഉണ്ടാകാമെന്നും, ആത്മീയരെന്ന ലേബലുള്ളവർപോലും സത്യത്തെയും നീതിയെയും ന്യായത്തെയും അവരവരുടെ ഇഷ്ടത്തിനും പ്രയോജനത്തിനുംവേണ്ടി ദുർവ്യാഖ്യാനം ചെയ്ത് വളച്ചൊടിച്ച് മറിച്ചുകളയുമെന്നും കാലവും അനുഭവങ്ങളും എപ്പോഴും പഠിപ്പിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നാളുകൾ.
നീതിയും ന്യായവും സത്യവും ചവിട്ടിമെതിക്കപ്പെടുകയും അനീതിയും അന്യായവും അസത്യവും വിജയിക്കുകയും ചെയ്യുന്ന ലോകത്ത് പലരും മൗനം പാലിക്കുമ്പോഴാണ് തൂലികയുടെ പ്രാധാന്യം അനിവാര്യമാകുന്നത്.
തൂലിക വാളിനേക്കാൾ മൂർച്ചയുള്ളതും ശക്തിയുള്ളതുമാണ്. ആയുധങ്ങളേക്കാൾ കൂടുതൽ സ്വാധീനശക്തി അറിവിനും ആശയങ്ങൾക്കുമുണ്ട്.
ബാല്യകാലസ്മരണകൾ അയവിറക്കുമ്പോൾ, 1975-ൽ ആദ്യമായി ബാലരമയ്ക്ക് അയച്ച കഥ ഏതാനും ദിവസങ്ങൾക്കുശേഷം പോസ്റ്റ്മാൻ തിരിച്ചുകൊണ്ടുവന്നപ്പോൾ ലജ്ജയോടെ അത് ഏറ്റുവാങ്ങിയ സന്ദർഭം ഇന്നും മായാതെ ഓർമയിലുണ്ട്.
എങ്കിലും നിരാശനാകാതെ അന്ന് പലതും കുറിച്ചുവെച്ചു. എന്നാൽ അവയെല്ലാം ഗർഭം അലസിപ്പോയി കുഴിച്ചിട്ട പിണ്ഡങ്ങളെപ്പോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളെപ്പോലെയും ആയിത്തീർന്നു.
എന്നാൽ നമ്മുടെ ആഗ്രഹം ന്യായമാണെങ്കിൽ, അതെല്ലാം കുറിച്ചുവെച്ച്, “തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും” എന്ന് തെളിയിക്കുന്ന വിശ്വസ്തനായ ദൈവം എന്നെയും കടാക്ഷിച്ചു.
അങ്ങനെ, 1999-ൽ ആത്മീയജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവന്ന ഒരു വിഷയം വീണ്ടും ഉണങ്ങിവറ്റിയ എന്റെ പേനയിൽ മഷിത്തുള്ളികൾ നിറയ്ക്കാൻ എന്നെ നിർബന്ധിതനാക്കി.
അങ്ങനെ എന്റെ ആദ്യകാല രചനകളായി പിറന്ന “ദാരിദ്ര്യന്റെ നീതിയും ന്യായവും”, “ആപ്പൂസ് മാങ്ങായും വിശ്വാസിയും”, “ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യൻ” എന്നീ ലേഖനങ്ങളിലെ വരികൾ പതിറ്റാണ്ടുകൾക്കുശേഷവും ഈയിടെ ഒരാൾ അയവിറക്കിയത് ഞാൻ ഓർക്കുന്നു. നിലച്ചുപോയ എന്റെ എഴുത്തുയാത്രയുടെ തുടക്കമായിരുന്നു അത്.
ഉദ്യോഗത്തിന്റെ ഭാഗമായി, ഓർക്കാപ്പുറത്ത് 2002-ൽ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലേക്കുണ്ടായ സ്ഥലംമാറ്റം ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറിയെന്ന് വേണം കരുതാൻ.
ആത്മീയ കൂട്ടായ്മയുടെ അഭാവവും ആരെയും മുൻപരിചയമില്ലാത്ത സ്ഥലത്തേക്കുള്ള യാത്രയും സൃഷ്ടിച്ച മാനസികസംഘർഷങ്ങൾ നിറഞ്ഞ കന്നിയാത്രയായിരുന്നു അത്.
കടൽമാർഗം മദ്രാസിൽനിന്ന് ഏകദേശം 1,200 യാത്രക്കാരുമായി 1,500 കിലോമീറ്ററോളം കിഴക്കുദിക്കിലേക്ക് ലക്ഷ്യമിട്ട് സ്വരാജ്ദ്വീപ് എന്ന കപ്പൽ നടത്തുന്ന യാത്ര പൂർത്തിയാക്കാൻ സാധാരണയായി മൂന്നു ദിവസമെടുക്കും.
എല്ലാ ആഴ്ചയും വെള്ളിയാഴ്ച പുറപ്പെടുന്ന കപ്പൽ ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെയോ തുറമുഖത്ത് അടുക്കും.
അപരിചിതരായ സഹയാത്രക്കാർ. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മറയാൻ പോകുന്നു. സന്ധ്യയുടെ മയക്കത്തിൽ കപ്പലിന്റെ മുൻഭാഗത്തെ മുകൾത്തട്ടിലേക്ക് ഇരുട്ട് പതിയെ പടർന്നുകയറുന്നു.
ശനിയാഴ്ച വൈകിയ വേളയിൽ, പിറ്റേന്ന് ഞായറാഴ്ചയായതിനാൽ ആരാധന നഷ്ടപ്പെടുമല്ലോ എന്ന വ്യാകുലതയോടെ അരണ്ട വെളിച്ചത്തിൽ ബൈബിൾ വായിച്ചിരിക്കുമ്പോഴാണ് എവിടെനിന്നോ “പ്രെയ്സ് ദ ലോർഡ്” എന്ന അപരിചിതശബ്ദം കേട്ടത്. മുൻപരിചയമില്ലായിരുന്നെങ്കിലും ആ മുഖത്തെ ഭാവങ്ങൾ ആ വ്യക്തി ഒരു ദൈവപൈതലാണെന്ന് പറയാതെ പറയുന്നതുപോലെ തോന്നിച്ചു. പിന്നീട് ചില കുശലാന്വേഷണങ്ങളും നടന്നു.
പിറ്റേന്ന് എനിക്ക് ലഭിച്ച ‘A’ ക്യാബിനിൽവെച്ച് ഗോൾഗർ, പോർട്ട് ബ്ലെയർ സഭയുടെ മുൻശുശ്രൂഷകനും കൺവെൻഷൻ പ്രാസംഗികനുമായ പാസ്റ്റർ ബാബു എബ്രഹാം കോഴിക്കോടും തമിഴ് സംസാരിക്കുന്ന കുറെ സഹോദരങ്ങളുമൊത്ത് നടുക്കടലിലെ ആദ്യത്തെ ആരാധന നടന്നു.
തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ പടുകൂറ്റൻ കപ്പൽ ഹാഡോ ജെട്ടിയിൽ നങ്കൂരമിട്ടു.
പോർട്ട് ബ്ലെയറിലെ ബ്രിച്ഗഞ്ചിൽ, വയോവൃദ്ധനായ മാത്യൂസ് അങ്കിൾ (പോലീസ് അപ്പച്ചൻ) ഉൾപ്പെടെ വലിയൊരു വിശ്വാസിസമൂഹം കർത്തൃദാസനെ സ്വീകരിക്കാനായി തുറമുഖത്ത് എത്തിയിരുന്നു. അവരുടെ സ്നേഹനിർഭരമായ വരവേൽപ്പും വിശ്വാസപൂർണമായ സാന്നിധ്യവും ആ കൂടിക്കാഴ്ചയെ ഏറെ ഹൃദ്യവും അവിസ്മരണീയവുമാക്കി. സ്നേഹവും ആദരവും നിറഞ്ഞ ആ സ്വീകരണം ഹൃദയത്തിൽ മായാത്ത ഒരോർമയായി നിലകൊണ്ടു.
എന്നാൽ, വലിയ മനസ്സിന്റെ ഉടമയായ പാസ്റ്റർ ബാബു എബ്രഹാം ആ സ്വീകരണം ഏറ്റുവാങ്ങുന്നതിനുമുമ്പുതന്നെ എന്നെ അവിടെ കൂടിയിരുന്നവർക്ക് പരിചയപ്പെടുത്തി.
എനിക്കിവിടെ ആരുമില്ലല്ലോ എന്ന തോന്നലിന് വിരാമമിട്ടുകൊണ്ട് എനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ജനിപ്പിച്ച ആ നിമിഷം ഇന്നും ഓർമയിലുണ്ട്.
അതിനെയാണ് സ്വർഗീയ കരുതലെന്ന് തിരിച്ചറിഞ്ഞ ദിനം.
തുടർന്നുള്ള ദിവസങ്ങളിൽ നടന്ന “ഗോൾഗർ ഐ.പി.സി.” യുടെ കൺവെൻഷനിൽ എനിക്ക് പാടുവാനും അവസരം ലഭിച്ചു. അന്നുമുതൽ സുനാമിക്ക് ഏതാനും നാളുകൾക്കുമുമ്പ് സ്ഥലംമാറി മുംബൈയിലേക്ക് തിരിച്ചുവരുന്നതുവരെ, ഏകദേശം രണ്ടര വർഷക്കാലം, ബേർഡ്ലൈനിലെ (Birdline) വീയപുരം ജോയി അങ്കിളിന്റെയും സൂസി ആന്റിയുടെയും വീട്ടിലെയും ബേർഡ്ലൈൻ സഭയുടെ ഒരംഗമായി കഴിയാനും അനേകരോട് സുവിശേഷം പറയാനും ഒട്ടേറെ അനുഭവങ്ങൾ പങ്കുവെക്കാനും അവസരം ലഭിച്ചു.
പലപ്പോഴും മെസ്സിൽ ഏകനായിരിക്കുമ്പോൾ അന്ന് കുത്തിക്കുറിച്ച ചിന്തകളും വാക്കുകളും ആശയങ്ങളും പിന്നീട് ലേഖനങ്ങളായും കവിതകളായും പാട്ടുകളായും രൂപാന്തരപ്പെട്ടു.
അങ്ങനെയിരിക്കെയാണ് ഗുഡ്ന്യൂസിലെ മാത്യൂസ് അങ്കിൾ ആൻഡമാൻ സന്ദർശിച്ചത്. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി മാറി. ജോയി അങ്കിളിന്റെ വീട്ടിൽ അവരോടൊപ്പമുള്ള താമസവും മീറ്റിങ്ങുകളും പിക്നിക്കുകളും മറ്റും ഞങ്ങളുടെ ആത്മീയബന്ധത്തെ കൂടുതൽ ദൃഢമാക്കി.
അങ്ങനെ, അന്ന് ഞാൻ എഴുതിയ ലേഖനങ്ങൾ മാത്യൂസ് അങ്കിൾ ഗുഡ്ന്യൂസിൽ പ്രസിദ്ധീകരിച്ചു.
അതോടൊപ്പം ഹാലേലൂയ്യ, സദ്വാർത്ത മുംബൈ എന്നീ അച്ചടിമാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതാൻ അവസരം നൽകിയവരുടെ കൂട്ടത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് പാസ്റ്റർ കെ. ഒ. സ്റ്റീഫൻ പത്തനാപുരം.
2020 ഏപ്രിലിൽ, ഭീതിപ്പെടുത്തിയ കൊറോണയുടെ മൂർധന്യാവസ്ഥയിൽ, ഏതു നിമിഷവും മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് വിറങ്ങലിച്ചുകഴിയുമ്പോൾ വെറുതെ എഴുതിക്കുറിച്ച ഏതാനും വരികൾ ഞാൻപോലും അറിയാതെ ഒരു ദിവസം ക്രൈസ്തവ എഴുത്തുപുരയിൽ പ്രത്യക്ഷപ്പെട്ടു. അത് കണ്ടപ്പോഴുണ്ടായ അനുഭൂതിയും സന്തോഷംകൊണ്ട് അന്ന് തുള്ളിച്ചാടിയ നിമിഷങ്ങളും ഇന്നും മറക്കാനാവാത്തവയാണ്.
അത് വീണ്ടും വീണ്ടും എഴുതാനുള്ള പ്രേരണയും ഊർജവുമായി മാറി.
അന്നുവരെ ഒരു മുൻപരിചയവുമില്ലാതിരുന്ന, ഇന്നുവരെ പരസ്പരം കണ്ടിട്ടില്ലാത്ത, എന്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റാൻലി അടപ്പനംകണ്ടത്തിൽ എന്നെ അന്ന് ടെലിഫോണിൽ വിളിച്ച് പരിചയപ്പെട്ട നിമിഷങ്ങളും ഇന്നും ഓർക്കുന്നു.
അന്നും ഇന്നും എന്റെ വളർച്ചയ്ക്ക് വഴികാട്ടിയും എഴുത്തിൽ മാർഗനിർദേശം നൽകുന്നവനുമായി നിലകൊള്ളുന്ന പാസ്റ്റർ സജി പീച്ചിയുടെ പ്രോത്സാഹനം ഏറെ വിലപ്പെട്ടതാണ്. അതുപോലെ, ഇന്നുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും, പ്രിയപ്പെട്ട ബിനു വടക്കാഞ്ചേരിയുടെയും പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാടിന്റെയും പ്രോത്സാഹനവും പിന്തുണയും എനിക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. അവരുടെ വാക്കുകളും സ്നേഹപൂർവമായ പ്രോത്സാഹനവും എന്റെ തൂലികയ്ക്ക് വളക്കൂറേകുകയും എഴുത്തിന്റെ വഴിയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ കരുത്തുപകരുകയും ചെയ്തു എന്നു വേണം പറയാൻ.
ക്രൈസ്തവ എഴുത്തുപുരയോടു ചേർന്നുതുടങ്ങിയ ഈ ജൈത്രയാത്രയിൽ, കഴിഞ്ഞ ആറുവർഷത്തിനിടെ ആത്മപ്രേരണയാൽ കോർത്തിണക്കി കുറിച്ചുവെച്ച ഓരോ ആശയങ്ങളും വരികളും ചേർന്ന് നൂറ്റിനാൽപ്പത്തിയഞ്ച് ലേഖനങ്ങളും കവിതകളും ജീവൻപൂണ്ടു.
എന്നാൽ, ഒരുവാക്കുകൊണ്ടുപോലും യഥാർഥത്തിൽ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന സത്യം തുറന്നുപറയുമ്പോഴും പലരിലും അസഹിഷ്ണുതയുണ്ടാകുന്നത് തികച്ചും സ്വാഭാവികമെന്നോ യാദൃച്ഛികമെന്നോ കരുതാം. എങ്കിലും ആത്മീയയാത്രയിൽ കാണുന്ന ചില സത്യങ്ങളും യാഥാർഥ്യങ്ങളും പറയാതിരിക്കാനും കഴിയില്ല.
ക്യാമറയുടെ കണ്ണുകൾ അസത്യം പറയില്ല എന്നതുപോലെ, കൺമുന്നിൽ കാണുന്ന തെറ്റുകൾക്കും പോരായ്മകൾക്കും നേരെയുള്ള നമ്മുടെ മൗനം ദൈവസന്നിധിയിൽ കണക്കുപറയേണ്ടിവരുന്ന പാപമായിത്തീരുമെന്ന തിരിച്ചറിവ് എല്ലാവർക്കും ആവശ്യമാണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്.
ഒരിക്കലും നാഥാൻ പ്രവാചകനാകാൻ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തെപ്പോലെയാകാൻ ഒരു ശ്രമമെങ്കിലും നടത്തണം.
പല സത്യങ്ങളും തുറന്നെഴുതുന്നതിനേക്കാളും വരച്ചുകാട്ടുന്നതിനേക്കാളും ഏറെ പ്രാധാന്യമുള്ളത്, അവയ്ക്ക് ഒട്ടും അംഗവൈകല്യമോ മൂല്യച്യുതിയോ വരുത്താതെ ആവശ്യമായ പ്രാണനും ജീവനും നൽകി, അവയെ അതേപടി ജീവനോടെ വായനക്കാരിലേക്ക് എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ അധ്വാനവും ധൈര്യവുമാണ്. അത് ഏറ്റവും ശ്ലാഘനീയമാണ്.
ഇതൊരു കൂട്ടായ പ്രവർത്തനമാണ്. ഇതിലൂടെ ഒരാൾക്കെങ്കിലും പ്രയോജനമുണ്ടാകുന്നുവെങ്കിൽ ദൈവനാമം മഹിമപ്പെടും.
സകല മാനവും മഹത്വവും കർത്താവിന് അർപ്പിച്ചുകൊണ്ട് നമുക്ക് ഒരുമിച്ച് കർത്താവിന്റെ വയൽപ്രദേശത്ത് ഇനിയും അധ്വാനിക്കാം.
രാജൻ പെണ്ണുക്കര

- Advertisement -


Comments are closed.