ജെ. വി. പീറ്റർ – സാങ്കി പീറ്റർ സ്മരണാഞ്ജലി ‘സ്വർഗ്ഗീയ തീവണ്ടി’ നവംബർ 8ന് ഡാളസിൽ

ഡാളസ്: മലയാള ക്രൈസ്തവ സംഗീതലോകത്ത് തലമുറകളുടെ ഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയ ഗാനങ്ങളിലൂടെ മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും സംഗീതജീവിതവും ശുശ്രൂഷയും അനുസ്മരിക്കുന്ന സംഗീതസായാഹ്നം ‘സ്വർഗ്ഗീയ തീവണ്ടി’ നവംബർ 8 ഞായറാഴ്ച ഡാളസിൽ നടക്കും. ക്രൈസ്തവ സംഗീതസംഘമായ ക്രോസ്‌റിവർ വോയ്‌സ് ഡാളസിന്റെ നേതൃത്വത്തിൽ റൗലറ്റിലെ ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

News Middle Advt Banner

മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പിതാവിന്റെയും മകന്റെയും ഓർമകൾക്ക് സംഗീതത്തിലൂടെ ആദരമർപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇരുവരുടെയും അനശ്വര ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതാവിഷ്കാരത്തോടൊപ്പം ആ ഗാനങ്ങളുടെ പിറവിക്കുപിന്നിലെ അനുഭവങ്ങളും ജീവിതസാക്ഷ്യങ്ങളും പങ്കുവെക്കുന്നതിനും വേദിയൊരുക്കും. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള പ്രത്യേക സംഗീതവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

മലയാള പെന്തക്കോസ്ത് സംഗീതചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള ജെ. വി. പീറ്റർ നൂറുകണക്കിന് ആത്മീയ ഗാനങ്ങളുടെ രചയിതാവാണ്. വിശ്വാസജീവിതത്തിന്റെ വിവിധ അനുഭവങ്ങളെയും ആത്മീയ ചിന്തകളെയും ലളിതവും ഹൃദയസ്പർശിയുമായ വരികളിലൂടെ ഗാനങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. ‘എണ്ണി എണ്ണി സ്തുതിക്കുവാൻ’, ‘നീയെൻ സ്വന്തം നീയെൻ പക്ഷം’, ‘നിനക്കായ് കരുതും അവൻ’, ‘പിളർന്നതാം പാറയേ’, ‘മറുകരയിൽ നാം കണ്ടിടും’, ‘സ്വർഗ്ഗീയ തീവണ്ടി വേഗം പോകും വണ്ടി’, ‘സ്തുതിക്കും ഞാൻ എന്നും സ്തുതിക്കും ഞാൻ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വിവിധ സഭകളിലും ആരാധനാകൂട്ടായ്മകളിലും വിശ്വാസികൾ ഏറ്റുപാടുന്നവയാണ്.

ഗാനരചനയിൽ മാത്രമല്ല, ക്രൈസ്തവ സംഗീതപ്രതിഭകളെ വളർത്തിയെടുക്കുന്നതിലും ജെ. വി. പീറ്റർ നിർണായക പങ്കുവഹിച്ചു. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാർത്തെടുത്ത ‘ഗോസ്പൽ ട്യൂണേഴ്സ്’ എന്ന സംഗീതസംഘത്തിന്റെ സാരഥിയെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സംഗീതത്തെ കേവലം കലാപ്രകടനമായി കാണാതെ ആത്മീയ ശുശ്രൂഷയുടെ ഭാഗമായി വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വളർന്നുവന്ന നിരവധി കലാകാരന്മാർ പിന്നീട് ക്രൈസ്തവ സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.

പിതാവിന്റെ സംഗീതപാരമ്പര്യം പിന്തുടർന്ന് സാങ്കി പീറ്ററും ക്രൈസ്തവ സംഗീതരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇരുവരുടെയും ഗാനങ്ങളും സംഗീതശുശ്രൂഷയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം മലയാള ക്രൈസ്തവ സംഗീതത്തിന്റെ സമ്പന്നമായ പൈതൃകം വീണ്ടെടുക്കുന്നതിനും ഈ സ്മരണാഞ്ജലി സഹായകമാകും.

‘ഗോസ്പൽ ട്യൂണേഴ്സു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും സംഗീതജ്ഞരും കലാകാരന്മാരും പരിപാടിയിൽ പങ്കുചേരും. പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ഓർമകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഈ സംഗീതസായാഹ്നം കേൾവിക്കാർക്ക് ഗൃഹാതുരമായ ആത്മീയാനുഭവം സമ്മാനിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ക്രൈസ്തവ ക്ലാസിക്കൽ സംഗീതത്തിന് പ്രാധാന്യം നൽകുന്ന ക്രോസ്‌റിവർ വോയ്‌സ് ഡാളസാണ് പരിപാടിയുടെ സംഘാടകർ. മലയാള ക്രൈസ്തവ സംഗീതത്തിന്റെ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് തലമുറകളുടെ സംഭാവനകളെ ഒരേ വേദിയിൽ അനുസ്മരിക്കുന്ന ഈ പരിപാടി സംഗീതപ്രേമികൾക്കും പഴയകാല ആത്മീയ ഗാനങ്ങളെ സ്നേഹിക്കുന്നവർക്കും വേറിട്ട അനുഭവമായിരിക്കും.

ജോൺസ് പി. മാത്യൂസ്, മാത്യു കോശി .എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading