മതപരിവർത്തന ആരോപിച്ച് തെലങ്കാനയിൽ ക്രൈസ്തവ യുവതികൾക്ക് നേരെ ക്രൂര ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

ഹൈദരാബാദ്: മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് തെലങ്കാനയിൽ രണ്ട് ക്രൈസ്തവ യുവതികളെ പരസ്യമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

News Middle Advt Banner

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അൽമാസ്ഗുഡയിൽ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡോ. ബി.ആർ. അംബേദ്കർ പ്രതിമയ്ക്കു സമീപമാണ് സംഭവം. ഓഗസ്റ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ നവംബർ മൂന്നിനാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

സ്കൂൾ കുട്ടികൾക്ക് ചോക്ലേറ്റുകൾ നൽകി മതപരിവർത്തനത്തിന് പ്രേരിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഒരു സംഘം യുവതികളെ തടഞ്ഞുനിർത്തിയത്. എന്നാൽ, തങ്ങൾ പരിചയമുള്ള ഒരു സ്ത്രീയുടെ വീട്ടിലേക്ക് വന്നതാണെന്നും ആന്റിയെ കാണാനാണ് എത്തിയതെന്നും യുവതികൾ വിശദീകരിക്കുന്നതു വീഡിയോയിൽ കേൾക്കാം.

ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ യുവതികളുടെ മുഖത്ത് തുടർച്ചയായി അടിക്കുകയും അസഭ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പിടിച്ചുവാങ്ങാനും പരിശോധിക്കാനും ശ്രമിക്കുന്നതും കാണാം. ഭയന്നുവിറച്ച് തങ്ങളെ വെറുതെ വിടണമെന്ന് യുവതികൾ അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മീർപേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലക്ഷ്മി നാരായണൻ, ശശിവർധൻ എന്നിവരാണ് അറസ്റ്റിലായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 74, 196(1) വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും റിപ്പോർട്ടുകളുണ്ട്.മുൻ തെലങ്കാന മന്ത്രിയും ഭാരത് രാഷ്ട്ര സമിതി എംഎൽഎയുമായ സബിത ഇന്ദ്ര റെഡ്ഡി സംഭവത്തെ അപലപിച്ചു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ പരാതിപ്പെടുകയാണ് വേണ്ടതെന്നും സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അവർ പ്രതികരിച്ചു. പ്രതികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവർ പൊലീസിനോട് ആവശ്യപ്പെട്ടു.

ദലിത് ക്രൈസ്തവ സംഘടനകളും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മീർപേട്ട് പൊലീസ് സ്റ്റേഷനു സമീപം പ്രതിഷേധം നടന്നു. ഇതേത്തുടർന്ന് വ്യത്യസ്ത സംഘടനകളിൽപ്പെട്ടവരും സ്ഥലത്ത് തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നേരിയ ലാത്തിച്ചാർജ് നടത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading