എഡിറ്റോറിയൽ: റവ. ഡോ. റ്റി. വൽസൻ എബ്രഹം: വേദശാസ്ത്ര വിദ്യാഭ്യാസത്തിലും ഭാരത സുവിശേഷീകരണത്തിലും മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിത്വം
ചില വ്യക്തികൾ കാലത്തിനപ്പുറത്തേക്ക് വളരുന്നത് അവർ പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും രൂപപ്പെടുത്തിയെടുത്ത നേതൃത്വങ്ങളിലൂടെയുമാണ്. റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ ജീവിതവും ശുശ്രൂഷയും അത്തരമൊരു ആത്മീയ പൈതൃകത്തിന്റെ അടയാളമാണ്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ പെന്തെക്കോസ്ത് സമൂഹത്തിന് നഷ്ടമായത് ഒരു ആത്മീയ നേതാവിനെ മാത്രമല്ല, സുവിശേഷ വ്യാപനത്തിനും വേദശാസ്ത്ര വിദ്യാഭ്യാസത്തിനും പുതിയ ദിശാബോധം നൽകിയ ദീർഘവീക്ഷണമുള്ള വ്യക്തിയെകൂടിയാണ്.

ഇന്ത്യാ ഗോസ്പൽ ഔട്ട്റീച്ചിന്റെ സ്ഥാപക പ്രസിഡന്റും ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റുമായിരുന്ന അദ്ദേഹം, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സുവിശേഷ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കി. പഞ്ചാബ്, ഡാർജിലിങ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലെ ബൈബിൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും മിസോറാം, ഹിമാചൽ പ്രദേശ്, കർണാടക, മാർത്താണ്ഡം തുടങ്ങിയ പ്രദേശങ്ങളിലെ വേദശാസ്ത്ര പരിശീലന പ്രവർത്തനങ്ങളുടെ വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങൾക്കപ്പുറം സുവിശേഷം എത്തിക്കണമെന്ന വിശാലമായ ദർശനമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ആയിരക്കണക്കിന് സുവിശേഷ പ്രവർത്തകരെയും സഭാ സ്ഥാപകരെയും പരിശീലിപ്പിച്ച് ശുശ്രൂഷയ്ക്കായി അയച്ചതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സഭാ വളർച്ചയ്ക്ക് അദ്ദേഹം സംഭാവന നൽകി.
വേദശാസ്ത്ര വിദ്യാഭ്യാസത്തെ കേവലം അക്കാദമിക യോഗ്യത നേടാനുള്ള മാർഗമായി കാണാതെ, ദൈവവിളിയുള്ളവരെ ശുശ്രൂഷയ്ക്കായി സജ്ജരാക്കുന്ന ദൗത്യമായാണ് അദ്ദേഹം കണ്ടത്. സെറാംപൂർ സർവകലാശാലയുടെ അംഗീകാരമുള്ള ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയിലൂടെ 14,000-ത്തിലധികം ആത്മീയ നേതാക്കൾ പരിശീലനം നേടി ശുശ്രൂഷയ്ക്കായി അയക്കപ്പെട്ടിട്ടുണ്ട്. 34 ഭാഷകളെ പ്രതിനിധീകരിച്ച് ഇന്ത്യയിലെയും അയൽരാജ്യങ്ങളിലെയും വിദ്യാർഥികൾ ഇവിടെ പരിശീലനം നേടുന്നു എന്നത് അദ്ദേഹത്തിന്റെ ദർശനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനപ്പുറം, അവയിലൂടെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വമികവ്. സ്വന്തം കാലഘട്ടത്തിലെ നേട്ടങ്ങളിൽ ഒതുങ്ങാതെ, തനിക്കുശേഷവും സുവിശേഷ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തരായ ശുശ്രൂഷകരെ സജ്ജമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു ശുശ്രൂഷാ അധ്യായം അവസാനിച്ചെങ്കിലും അദ്ദേഹം പകർന്നുനൽകിയ ദർശനം അവസാനിക്കുന്നില്ല. പരിശീലനം നേടിയ ശുശ്രൂഷകരിലൂടെയും സ്ഥാപിതമായ സഭകളിലൂടെയും വളർന്നുവരുന്ന വേദശാസ്ത്ര സ്ഥാപനങ്ങളിലൂടെയും ആ പൈതൃകം മുന്നോട്ടുപോകണം. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തിനും അധ്വാനത്തിനും നൽകാവുന്ന ഏറ്റവും വലിയ ആദരവ്.
വ്യക്തി വിടവാങ്ങുന്നു; ദർശനം തലമുറകളിലൂടെ മുന്നേറുന്നു. ഇന്ത്യൻ പെന്തെക്കോസ്ത് സമൂഹത്തിന്റെ ചരിത്രത്തിൽ റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
ഫിന്നി കാഞ്ഞങ്ങാട്, മാനേജിങ് എഡിറ്റർ

- Advertisement -


Comments are closed.