ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അനുശോചിച്ചു
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) അന്തർദേശീയ ജനറൽ പ്രസിഡന്റായിരുന്ന റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
സഭാരംഗത്തും സുവിശേഷ പ്രവർത്തനങ്ങളിലും വേദശാസ്ത്ര വിദ്യാഭ്യാസ മേഖലയിലും വിലപ്പെട്ട സംഭാവനകൾ നൽകിയ സമുന്നത ആത്മീയ നേതാവായിരുന്നു റവ. ഡോ. ടി. വത്സൻ എബ്രഹാമെന്ന് കൗൺസിൽ അനുസ്മരിച്ചു. സഭയുടെ വളർച്ചയ്ക്കും ഐക്യത്തിനും നേതൃത്വപരമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം ക്രൈസ്തവ സമൂഹത്തിന് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനവുമായി അടുത്ത ആത്മബന്ധം കാത്തുസൂക്ഷിച്ച സഭാനേതാവായിരുന്നു റവ. ഡോ. ടി. വത്സൻ എബ്രഹാം. പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കും മാധ്യമ ശുശ്രൂഷകൾക്കും അദ്ദേഹം എന്നും പ്രോത്സാഹനവും പിന്തുണയും നൽകിയിരുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും ആവശ്യമായ നിർദേശങ്ങൾ നൽകുകയും പ്രസ്ഥാനത്തിന്റെ വിവിധ സംരംഭങ്ങളോട് സഹകരിക്കുകയും ചെയ്തിരുന്നു.
കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നിർവഹിക്കപ്പെട്ടിരുന്നു. അദ്ദേഹവുമായുള്ള വ്യക്തിപരവും പ്രസ്ഥാനപരവുമായ ബന്ധം എന്നും നന്ദിയോടെ സ്മരിക്കുന്നതായി ജനറൽ കൗൺസിൽ അറിയിച്ചു.
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഫിന്നി കാഞ്ഞങ്ങാട്, വൈസ് പ്രസിഡന്റുമാരായ തോമസ് ഫിലിപ്പ്, സ്റ്റാൻലി സാം എബ്രഹാം, ജനറൽ സെക്രട്ടറി ഡോ. പീറ്റർ ജോയി, ജനറൽ ജോയിന്റ് സെക്രട്ടറിമാരായ ഷൈജു മാത്യു, ബ്ലെസ്സൺ ചെറിയനാട്, ജനറൽ ട്രഷറർ ആഷേർ മാത്യൂ, ദിനപത്രം ചീഫ് എഡിറ്റർ ഡോ. ബെൻസി ജി. ബാബു, പബ്ലിക്കേഷൻസ് ഡയറക്ടർ ഷെബുവേൽ മാത്യു, കെ.ഇ. ഓൺലൈൻ ചീഫ് എഡിറ്റർ ബിനു വടക്കാഞ്ചേരി, ഇഗ്നേറ്റർ ചീഫ് എഡിറ്റർ പാസ്റ്റർ റിബി കെന്നത്ത്, മിഷൻസ് & അപ്പർ റൂം ഡയറക്ടർ ജോൺ പി. തോമസ് വെണ്ണിക്കുളം, ശ്രദ്ദ ഡയറക്ടർ ഡാർവിൻ എം. വിൽസൺ, ഓപ്പറേഷൻസ് & പബ്ലിക് റിലേഷൻ ഡയറക്ടർ ജിൻസ് കെ. മാത്യു എന്നിവരും അനുശോചനം അറിയിച്ചു.
ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും ഐപിസി സഭാ സമൂഹത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും ദൈവം ആശ്വാസവും ശക്തിയും നൽകട്ടെയെന്നും ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ പ്രാർത്ഥനാപൂർവം അറിയിച്ചു.

- Advertisement -


Comments are closed.