ബറ്റാലയിൽ പാസ്റ്റർ ബൽവിന്ദർ പാൽ കൊല്ലപ്പെട്ടു
ബറ്റാല: പഞ്ചാബിലെ ബറ്റാല ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ (ലാഡി) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽവച്ചാണ് ആക്രമണം നടന്നത്. വീട്ടിൽ ചർച്ച് പ്രവർത്തിപ്പിച്ചുവരികയായിരുന്ന പാസ്റ്റർ ബൽവിന്ദർ പാലിനെ ചിലർ വീട്ടിൽ അതിക്രമിച്ചുകയറി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ ബൽവിന്ദർ പാലിനെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്ക് മുമ്പുതന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗാന്ധി ക്യാമ്പ് സ്വദേശിയായ നരേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രദേശത്തെ തർക്കവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീട്ടിൽ സഭാ ശുശ്രൂഷ നടത്തിവന്നിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. അദ്ദേഹത്തിന് ആരുമായും വ്യക്തിപരമായ ശത്രുത ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
കൊലപാതകത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ ബറ്റാലയിലെ ക്രൈസ്തവ സമൂഹത്തിൽ ദുഃഖവും ആശങ്കയും ഉയർന്നിട്ടുണ്ട്.

- Advertisement -


Comments are closed.