ബൈബിൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന് പാസ്റ്റർമാർക്കിടയിൽ എ.ഐ കുറിച്ച് ആശങ്ക

അമേരിക്ക: നിർമിതബുദ്ധി (എ.ഐ.) ബൈബിൾ വചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കൻ പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാർക്കിടയിൽ വ്യാപകമായ ആശങ്കയുണ്ടെന്ന് ബാർണ ഗ്രൂപ്പിന്റെ പഠന റിപ്പോർട്ട്. പഠനത്തിൽ പങ്കെടുത്ത പാസ്റ്റർമാരിൽ 94 ശതമാനം പേരും എ.ഐ. തിരുവെഴുത്തുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

News Middle Advt Banner

ബാർണ ഗ്രൂപ്പ്, ഗ്ലൂ (Gloo) യുമായി സഹകരിച്ച് സഭയുടെ അവസ്ഥയെക്കുറിച്ചുള്ള പഠനപരമ്പരയുടെ ഭാഗമായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 2025 ഡിസംബറിൽ 442 അമേരിക്കൻ പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരിൽ നിന്നും 2025 നവംബറിൽ 1,514 അമേരിക്കൻ മുതിർന്ന പൗരന്മാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

എ.ഐ. ബൈബിൾ വ്യാഖ്യാനത്തിൽ തെറ്റുകൾ വരുത്തുന്നതിനെക്കുറിച്ച് പ്രായോഗിക ക്രൈസ്തവരിൽ 83 ശതമാനം പേരും അമേരിക്കൻ മുതിർന്നവരിൽ 74 ശതമാനം പേരും ആശങ്കയുള്ളവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വ്യത്യസ്ത ദൈവശാസ്ത്ര വ്യാഖ്യാനങ്ങളുള്ള ബൈബിൾ ഭാഗങ്ങളെ എ.ഐ. എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യത്തിന് പാസ്റ്റർമാരിൽ 60 ശതമാനം പേരും എല്ലാ പ്രധാന വ്യാഖ്യാനങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും അവതരിപ്പിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, ഏത് വ്യാഖ്യാനമാണ് ശരിയെന്ന് എ.ഐ. തന്നെ അന്തിമമായി പ്രഖ്യാപിക്കണമെന്ന് ആഗ്രഹിക്കുന്ന പാസ്റ്റർമാർ പത്തിൽ ഒരാൾ മാത്രമാണ്.

അതേസമയം, ബൈബിൾ സംബന്ധമായ ചോദ്യങ്ങൾക്ക് എ.ഐ. മറുപടി നൽകുന്നത് പൂർണമായി ഒഴിവാക്കണമെന്ന നിലപാട് സ്വീകരിച്ചവർ അഞ്ച് ശതമാനം മാത്രമാണ്. ദൈവശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളുള്ള വിഷയങ്ങൾ വ്യാഖ്യാനിക്കുന്നതിൽനിന്ന് എ.ഐ.യെ പൂർണമായി മാറ്റിനിർത്തണമെന്ന് അഭിപ്രായപ്പെട്ടത് ഒൻപത് ശതമാനം പേരാണ്.

ബൈബിൾ പഠനത്തിനും വ്യാഖ്യാനത്തിനും എ.ഐ.യെ സഹായകമായ ഉപകരണമായി ഉപയോഗിക്കാമെങ്കിലും തിരുവെഴുത്തുകളുടെ ആധികാരിക വ്യാഖ്യാനത്തിനും ആത്മീയ വിവേചനത്തിനും പകരമായി കാണരുതെന്ന നിലപാടാണ് പഠനത്തിൽ പാസ്റ്റർമാർക്കിടയിൽ പ്രകടമായത്.

ക്രൈസ്തവ ശുശ്രൂഷയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ബൈബിൾ വ്യാഖ്യാനത്തിന്റെ വിശ്വാസ്യതയും ദൈവശാസ്ത്രപരമായ ഉത്തരവാദിത്വവും സംബന്ധിച്ച ചർച്ചകൾക്ക് പഠനഫലങ്ങൾ വഴിതുറക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading