അക്ഷരനഗരിയിൽ ചർച്ച് ഓഫ് ഗോഡ് കേരള റീജിയന്റെ പുതിയ ഓഫീസ് സമുച്ചയം
നിർമ്മാണ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 12ന് തുടക്കം
കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10.30ന് കോട്ടയം നാട്ടകം പാക്കിലിൽ തുടക്കം കുറിക്കും. അക്ഷരനഗരിയുടെ തിരുമുറ്റത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ് പ്രാർത്ഥിച്ച് തുടക്കം കുറിക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് നേതൃത്വം നൽകും.

1975-ൽ ദീർഘവീക്ഷണത്തോടെ മുൻഗാമികൾ സ്വന്തമാക്കിയ സ്ഥലത്താണ് പുതിയ ഓഫീസ് സമുച്ചയം ഉയരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി റീജിയൻ സമൂഹം കാത്തിരുന്ന ഈ പദ്ധതിക്ക് ഇപ്പോൾ സാക്ഷാത്കാരമാകുകയാണ്.
രണ്ട് നിലകളിലായി നിർമിക്കുന്ന സമുച്ചയത്തിൽ ഗ്രൗണ്ട് ഫ്ലോർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾക്കും, ഒന്നാം നില ബൈബിൾ കോളേജിനും, രണ്ടാം നില പ്രാർത്ഥനാ യോഗങ്ങൾക്കും കോൺഫറൻസുകൾക്കുമായി മിനി ഓഡിറ്റോറിയമായും ഉപയോഗിക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ അനുമതികളും ഇതിനകം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ദൈവത്തിന്റെ കൃപയാൽ തലമുറകളായി കാത്തിരുന്ന ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന ചരിത്രനിമിഷത്തിൽ വിശ്വാസ സമൂഹത്തിന്റെയും ദൈവദാസന്മാരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ദിവസം എല്ലാവരും സ്ഥലത്ത് എത്തിച്ചേരണമെന്ന് ബോർഡിനുവേണ്ടി ഡയറക്ടർ ബ്രദർ സാമുവൽ ജോണും സെക്രട്ടറി ബ്രദർ ഷിബു പാറയിലും അറിയിച്ചു.

- Advertisement -


Comments are closed.