ലേഖനം: തബീഥാ – സത്പ്രവൃത്തികളാൽ ഓർമ്മിക്കപ്പെട്ടവൾ | രാജി ബെന്നി, അബുദാബി
അപ്പൊസ്തല പ്രവൃത്തികൾ 9: 36–42
ബൈബിളിലെ തബീഥാ നിശ്ശബ്ദമായ സേവനത്തിന്റെ മനോഹരമായ മാതൃകയാണ്.അവളുടെ ജീവിതത്തെക്കുറിച്ച് തിരുവചനം വളരെ ചുരുക്കമായിട്ടാണ് പറയുന്നത്,എന്നാൽ ആ കുറച്ച് വാക്കുകൾക്കുള്ളിൽ തന്നെ ഒരു വലിയ സ്നേഹത്തിൻറെ സാക്ഷ്യം നമുക്ക് കാണുവാൻ സാധിക്കുന്നു.അവൾ സൽപ്രവൃത്തികളും ധർമ്മപ്രവൃത്തികളും ചെയ്തുപോന്നവൾ ആയിരുന്നു. (അപ്പൊ: പ്രവൃത്തികൾ 9:36)
അവൾ തന്റെ കഴിവുകൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. അവൾ തുന്നിയ വസ്ത്രങ്ങൾ വെറും വസ്ത്രങ്ങളായിരുന്നില്ല,അവയിൽ അവളുടെ സ്നേഹവും കരുതലും സേവനവും തുന്നിച്ചേർത്തിരുന്നു.
അവൾ തുന്നിയ വസ്ത്രങ്ങൾ ആവശ്യത്തിലായിരുന്നവർക്കും വിധവകൾക്കും നൽകി. അവളുടെ കൈകളുടെ അധ്വാനം മറ്റുള്ളവരുടെ ജീവിതത്തിൽ കരുതലായി മാറി.
അവൾ പ്രശസ്തയായിരുന്നില്ല,
വലിയ വേദികളിൽ നിന്നിരുന്നില്ല,
വലിയ കാര്യങ്ങൾ ചെയ്തതായി ബൈബിൾ പറയുന്നുമില്ല.എന്നാൽ അവൾ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്തു ,അതാണ് അവളുടെ ജീവിതത്തെ വലിയതാക്കിയത്.
തബീഥാ മരിച്ചപ്പോൾ, അവളെ സ്നേഹിച്ചവർ അവളുടെ ചുറ്റും കൂടി കരഞ്ഞു. അവൾ തുന്നിക്കൊടുത്ത വസ്ത്രങ്ങൾ കാണിച്ചുകൊണ്ട്, അവൾ തങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോൾ ചെയ്ത സ്നേഹപ്രവൃത്തികളെ കുറിച്ച് ഓർത്തു.
എത്ര മനോഹരമായ സാക്ഷ്യം.
പത്രോസ് അവിടെയെത്തി മുട്ടുകുത്തി പ്രാർത്ഥിച്ചു ദൈവത്തിൻറെ ശക്തിയാൽ അവൾ വീണ്ടും ഉയർത്തെഴുന്നേറ്റു.ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,അനേകർ ദൈവത്തിൽ വിശ്വസിക്കാൻ കാരണമായി തീർന്നു.
തബീഥായുടെ ജീവിതം നമ്മളെ ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നു:
ദൈവത്തിൻറെ ദൃഷ്ടിയിൽ സ്നേഹത്തോടെ ചെയ്യുന്ന ഒരു കാര്യവും അപ്രധാനമല്ല.
അതുപോലെ നമ്മുടെ ജീവിതത്തിലും വലിയതായി തോന്നാത്ത നിരവധി നന്മകളുണ്ട്…
മറ്റൊരാൾക്കായി ചെയ്യുന്ന ഒരു പ്രാർത്ഥന,
പ്രതീക്ഷ നൽകുന്ന ഒരു വാക്ക്,
വേദനിക്കുന്ന ഒരാൾക്ക് നൽകുന്ന ആശ്വാസം,
ആരും അറിയാതെ ചെയ്യുന്ന ഒരു സഹായം,
പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന ഒരു സേവനം.
ഇവയിൽ പലതും മനുഷ്യരുടെ കണ്ണിൽപ്പെടണമെന്നില്ല.
നമ്മുടെ പരിശ്രമങ്ങൾക്ക് ചിലപ്പോൾ അംഗീകാരമോ പ്രശംസയോ ലഭിച്ചേക്കണമെന്നില്ല.
നിങ്ങളുടെ ഒരു പ്രാർത്ഥന ഒരാളുടെ ജീവിതത്തിൽ മാറ്റം വരുത്തിയേക്കാം.
നിങ്ങളുടെ ഒരു വാക്ക് ഒരാളുടെ പ്രതീക്ഷ തിരികെ നൽകിയേക്കാം,
നിങ്ങളുടെ ചെറിയൊരു സഹായം ഒരാളുടെ വലിയൊരു ഭാരത്തെ ലഘൂകരിച്ചേക്കാം.
നമ്മുടെ കൈകളിലെ ചെറിയ കാര്യങ്ങളെ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കുമ്പോൾ, അവ മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങളായി മാറുന്നു.അതിനാൽ നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്.
പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുക.
സ്നേഹത്തിൽ വളരുക.
സേവനത്തിൽ വിശ്വസ്തരായിരിക്കുക.
നിങ്ങൾ സ്നേഹത്തോടെ ചെയ്യുന്ന ഒന്നും ദൈവം മറക്കുകയില്ല. അവൻ നമ്മുടെ പ്രവൃത്തികൾ മാത്രമല്ല, അതിനുപിന്നിലെ ഹൃദയവും, ഉദ്ദേശ്യവും കാണുന്നു.
എബ്രായർ 6:10
ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.
മനുഷ്യർ മറന്നാലും ദൈവം മറക്കുകയില്ല,
മനുഷ്യർ കാണാതിരുന്നാലും ദൈവം കാണുന്നു.
മനുഷ്യർ വിലമതിക്കാതിരുന്നാലും ദൈവം നിങ്ങളുടെ സ്നേഹത്തെ വിലമതിക്കുന്നു.
ഒരു ദിവസം, നമ്മുടെ ജീവിതം അവസാനിക്കുമ്പോൾ, നമ്മൾ എത്ര വലിയ കാര്യങ്ങൾ നേടി എന്നതിലുപരി ,എത്ര ഹൃദയങ്ങളെ സ്നേഹിച്ചു, എത്ര ജീവിതങ്ങൾക്ക് അനുഗ്രഹമായി, എത്ര വിശ്വസ്തരായി സേവിച്ചു എന്നതായിരിക്കണം നമ്മളെ കുറിച്ചുള്ള ജീവിത സാക്ഷ്യം.
തബീഥാ തുന്നിയ വസ്ത്രങ്ങൾ പലർക്കും അനുഗ്രഹമായതുപോലെ, നിങ്ങളുടെ ചെറിയ സേവനവും ഒരാളുടെ ജീവിതത്തിൽ വലിയ അനുഗ്രഹമായി മാറിയേക്കാം.
രാജി ബെന്നി, അബുദാബി

- Advertisement -


Comments are closed.