42 വർഷം പഴക്കമുള്ള പെന്തക്കോസ്ത് സെമിത്തേരിയിൽ മൃതദേഹം മറവ് ചെയ്യാൻ വിലക്ക്; പ്രതിക്ഷേധം ശക്തമാകുന്നു

കരുനാഗപ്പള്ളി: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ 42 വർഷമായി പെന്തക്കോസ്ത് വിശ്വാസികൾ ഉപയോഗിച്ചുവരുന്ന സെമിത്തേരിയിൽ മൃതദേഹങ്ങൾ മറവുചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ രംഗത്ത്. സെമിത്തേരി സംരക്ഷിക്കണമെന്നും മൃതദേഹങ്ങൾ മറവുചെയ്യുന്നതിനുള്ള അവകാശം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ ധർണയും സംഘടിപ്പിച്ചു.

നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സെമിത്തേരി ഇവിടെനിന്ന് മാറ്റുന്നതിനുള്ള നീക്കങ്ങളാണ് വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. സെമിത്തേരി നഷ്ടപ്പെട്ടാൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പകരം സൗകര്യങ്ങളില്ലാത്ത സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

സെമിത്തേരിയോട് ചേർന്ന് അനധികൃതമായി ഏകദേശം 18 അടി ആഴത്തിൽ മണ്ണെടുത്തത് സമീപത്തെ വീടുകൾക്കും സെമിത്തേരിക്കും അപകടഭീഷണി സൃഷ്ടിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. മണ്ണെടുപ്പിനെ തുടർന്ന് പ്രദേശത്തിന്റെ സുരക്ഷയെക്കുറിച്ച് നാട്ടുകാർക്കും വിശ്വാസികൾക്കും ആശങ്കയുണ്ട്. വിഷയത്തിൽ ജിയോളജി വകുപ്പ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടും ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും സംഘാടകർ ആരോപിച്ചു.

42 വർഷമായി വിശ്വാസികൾ ഉപയോഗിച്ചുവരുന്ന സെമിത്തേരിയിൽ മൃതദേഹം മറവുചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും സെമിത്തേരി സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അനധികൃത മണ്ണെടുപ്പിനെതിരെ നിയമനടപടി സ്വീകരിക്കുകയും സെമിത്തേരിയുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ധർണയിൽ ആവശ്യമുയർന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading