ലേഖനം: ആത്മാവിന്റെ ജാഗ്രതയും വിശ്വാസത്തിന്റെ കാവലും | റ്റോജോ തോമസ്, ദുബായ്

ഇന്നത്തെ മനുഷ്യജീവിതം സ്ക്രീനുകളുടെ പ്രകാശത്തിൽ ലയിച്ചുകിടക്കുന്നു. കരങ്ങളിലെ കുഞ്ഞുപകരണങ്ങൾ ലോകത്തെ നമ്മുടെ മുമ്പിൽ വിരിച്ചുതരുന്നു; എന്നാൽ അതേ നിമിഷം, ഹൃദയത്തിലേക്കുള്ള എണ്ണമറ്റ കവാടങ്ങളും അവ തുറന്നിടുന്നു. കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും—എല്ലാം ഒരു ക്ലിക്കിന്റെ ദൂരത്ത്. ഈ സാഹചര്യത്തിൽ, “വിവേചനം” എന്ന ആത്മീയ ഗുണം ഒരു ഐച്ഛികമല്ല; അത് ഒരു അനിവാര്യമായ കാവലാണ്.

വിവേചനം എന്നത് നല്ലതും ചീത്തയും, സത്യവും അസത്യവും, ദൈവികവും ലോകീയവുമായവ തമ്മിൽ തിരിച്ചറിയാനുള്ള ആത്മീയ ശേഷിയാണ്. ഇത് മനുഷ്യബുദ്ധിയുടെ മാത്രം ഫലം അല്ല; ദൈവാത്മാവിന്റെ വെളിച്ചത്തിലാണ് ഇത് വളരുന്നത്.

ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലോനിക്ക്യർ 5:21). ഡിജിറ്റൽ യുഗത്തിൽ, ഈ വചനം ഒരു ദീപസ്തംഭംപോലെ നമുക്ക് വഴികാട്ടുന്നു. കാരണം, നമ്മൾ സ്വീകരിക്കുന്ന ഓരോ വിവരവും നമ്മുടെ ആത്മാവിനെ രൂപപ്പെടുത്തുന്ന ഒരു വിത്താണ്.

ഇന്ന് നാം വിവരങ്ങളുടെ സമുദ്രത്തിൽ ജീവിക്കുന്നു. എന്നാൽ, അതിൽ സത്യത്തിന്റെ ശുദ്ധജലം കുറയുകയാണ്. വ്യാജവാർത്തകൾ, അർദ്ധസത്യങ്ങൾ, തെറ്റായ ഉപദേശങ്ങൾ—ഇവയൊക്കെ ഒരേ വേഷത്തിൽ നമ്മുടെ മുമ്പിൽ എത്തുന്നു.

(1 യോഹന്നാൻ 4:1) പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ. എന്ന വചനം ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ അതിവിശദമായി സത്യമായി കാണുന്നു.

അതുകൊണ്ടാണ് ബൈബിൾ പറയുന്നത്:“ആത്മാക്കളെ ശോധന ചെയ്‍വിൻ” (1 യോഹന്നാൻ 4:1).വിവേചനം ഇല്ലാതെ, സത്യവും അസത്യവും തമ്മിലുള്ള അതിരുകൾ മങ്ങിപ്പോകും.

ഡിജിറ്റൽ മീഡിയയുടെ പ്രധാന ശക്തി ദൃശ്യങ്ങളാണ്. ഒരു ചിത്രം, ഒരു വീഡിയോ, ഒരു സന്ദേശം—നിമിഷങ്ങൾക്കകം നമ്മുടെ മനസ്സിൽ പതിയുന്നു. “ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.” (മത്തായി 6:22) എന്ന് യേശു പറഞ്ഞത് ഇവിടെ വളരെ പ്രസക്തമാണ്.

ഇന്നത്തെ കാലത്ത്:അശുദ്ധമായ ദൃശ്യങ്ങൾ , ആസ്വാദനവാദം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ , പാപത്തെ സാധാരണമാക്കുന്ന വിനോദങ്ങൾ ഇവയൊക്കെ മനസ്സിനെ ക്രമേണ ദൈവത്തിൽ നിന്ന് അകറ്റുന്നു. വിവേചനം ഇല്ലാത്ത കണ്ണുകൾ, ആത്മീയമായ അന്ധതയിലേക്ക് നയിക്കും. നാം കേൾക്കുന്ന വാക്കുകൾ നമ്മുടെ ആത്മാവിനെ രൂപപ്പെടുത്തുന്നു.

“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു” (റോമർ 10:17).എന്നാൽ ഇന്നത്തെ ലോകത്തിൽ:നിരാശയും ഭയവും നിറഞ്ഞ വാർത്തകൾ , ദൈവത്തെ അപഹസിക്കുന്ന സംഭാഷണങ്ങൾ , ലോകീയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ശബ്ദങ്ങൾ ഇവയാണ് കൂടുതലായി കേൾക്കുന്നത്.

അതുകൊണ്ട്, എന്താണ് കേൾക്കുന്നത് എന്നതിൽ വിവേചനം അനിവാര്യമാണ്. ആത്മാവിനെ പോഷിപ്പിക്കുന്ന വചനങ്ങൾ തിരഞ്ഞെടുക്കുക എന്നത് ഒരു ബോധപൂർവ്വമായ തീരുമാനമാണ്.

ഡിജിറ്റൽ യുഗം ഒരു വലിയ ആത്മീയ പ്രതിസന്ധിയും സൃഷ്ടിച്ചിട്ടുണ്ട്.സത്യസന്ധതയ്ക്ക് പകരം “ട്രെൻഡ്” വിനയത്തിന് പകരം “സ്വയംപ്രകടനം” പരിശുദ്ധിക്ക് പകരം “സൗകര്യം” ദൈവഭയത്തിന് പകരം “മനുഷ്യാഭിപ്രായം”

“ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2) എന്ന വചനം ഇന്നത്തെ സാഹചര്യത്തിൽ ഒരു ശക്തമായ മുന്നറിയിപ്പാണ്. നാം അറിയാതെ തന്നെ ലോകത്തിന്റെ മാതൃകകളിലേക്ക് രൂപാന്തരപ്പെടുകയാണ്.

വിവേചനം ഇല്ലാത്ത ജീവിതം എളുപ്പത്തിൽ വഴിതെറ്റും.തെറ്റായ ഉപദേശങ്ങളെ സത്യമായി സ്വീകരിക്കും, പാപത്തെ “സാധാരണ” ആയി കാണും , ദൈവവചനത്തെ രണ്ടാം സ്ഥാനത്തേക്ക് മാറ്റും

ബൈബിൾ പറയുന്നു “പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു” (ഹോശേയ 4:6). ഇത് വെറും അറിവിന്റെ കുറവല്ല; വിവേചനത്തിന്റെ അഭാവമാണ്.

(സങ്കീർത്തനം 119:105) ൽ പറയുന്നത് പോലെ “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു”. ഒന്നാമത് ദൈവവചനത്തിൽ നിലനിൽക്കുക “

രണ്ടാമത് പരിശുദ്ധാത്മാവിന്റെ പൂർണ്ണതയിൽ ജീവിക്കുക “സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.” (യോഹന്നാൻ 16:13).

മൂന്നാമത് പ്രാർത്ഥനയിലൂടെ ഹൃദയം ശുദ്ധീകരിക്കുക പ്രാർത്ഥന നമ്മെ ദൈവത്തിന്റെ മനസ്സുമായി ചേർക്കുന്നു.

നാലാമതായി ആത്മപരിശോധന നടത്തുക “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ” (2 കൊരിന്ത്യർ 13:5).

വിവേചനം ഉള്ളവൻ: സത്യത്തിൽ ഉറച്ചു നിൽക്കും, ലോകത്തിന്റെ സ്വാധീനത്തിൽ വീഴുകയില്ല, ദൈവത്തെ പ്രസാദിപ്പിക്കുന്ന തിരഞ്ഞെടുപ്പുകൾ ചെയ്യും അവന്റെ ജീവിതം ഒരു പ്രകാശമായി മാറും. “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” (മത്തായി 5:14).

ഡിജിറ്റൽ യുഗം നമ്മെ അനവധി അവസരങ്ങൾ നൽകുമ്പോഴും, അതിനൊപ്പം വലിയ ആത്മീയ വെല്ലുവിളികളും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ, വിവേചനം നമ്മുടെ ആത്മാവിന്റെ കാവലാണ്.

നാം കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും— ദൈവവചനത്തിന്റെ ശുദ്ധിപരിശോധനയ്ക്ക് വിധേയമായവ മാത്രമാകണം നമ്മുടെ ജീവിതത്തിലെ ഓരോ ചുവടുവെപ്പുകളും.കർത്താവേ, സത്യവും അസത്യവും തിരിച്ചറിയാനുള്ള വിവേചനം എനിക്കു തരേണമേ.” എന്ന പ്രാർത്ഥനയോടെ ആകാം. അപ്പോൾ, ഈ വിവരബാഹുല്യത്തിന്റെ കാലത്തിലും,നമ്മുടെ ഹൃദയം ദൈവത്തിൽ ഉറച്ചുനിൽക്കും.ആത്മീയ മൂല്യച്യുതികൾ നിറഞ്ഞ ഈ ലോകത്തിൽ,നമ്മുടെ ജീവിതം സത്യത്തിന്റെയും വിശുദ്ധിയുടെയും ഒരു ദീപസ്തംഭമായി പ്രകാശിക്കട്ടെ.

റ്റോജോ തോമസ്, ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading