എറണാകുളത്ത് പാസ്റ്റേഴ്സ് ആന്റ് ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 8-ന്
കൊച്ചി: ജീസസ് റിഡീംസ് ശുശ്രൂഷയുടെ സ്ഥാപകനും അന്തർദേശീയ സുവിശേഷ പ്രഭാഷകനുമായ ബ്രദർ മോഹൻ സി. ലാസർ മുഖ്യശുശ്രൂഷകനാകുന്ന ശുശ്രൂഷക-സഭാനേതൃ സമ്മേളനം സെപ്റ്റംബർ 8-ന് രാവിലെ 9.30 മുതൽ ഉദയംപേരൂരിലെ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടക്കും.
അഞ്ച് പതിറ്റാണ്ടിലേറെയായി സുവിശേഷപ്രഘോഷണം, വിടുതൽ ശുശ്രൂഷ, യുവജന ക്യാമ്പുകൾ, പ്രാർഥനാ സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമശുശ്രൂഷ എന്നിവയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മീയ സ്വാധീനം ചെലുത്തിയ ശുശ്രൂഷകനാണ് ബ്രദർ മോഹൻ സി. ലാസർ. തൂത്തുക്കുടി ജില്ലയിലെ നാലുമവാടിയിലെ ജീസസ് റിഡീംസ് പ്രാർഥനാ ക്യാമ്പസിൽ എല്ലാ ആഴ്ചയും ആയിരങ്ങൾ ഉണർവ് പ്രാർഥനയിൽ പങ്കെടുക്കുന്നുണ്ട്. തെങ്കാശിക്കു സമീപം നൂറിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രാർഥനാ പർവതവും ഈ ശുശ്രൂഷയുടെ പ്രധാന ആത്മീയ കേന്ദ്രമാണ്.
പാസ്റ്റർമാരെയും സഭാ നേതാക്കളെയും ആത്മീയമായും ശുശ്രൂഷാപരമായും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലെ എല്ലാ പാസ്റ്റർമാരും സഭാ നേതാക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വടക്കൻ കേരളത്തിലുള്ളവർക്കായി സെപ്റ്റംബർ 9-ന് കോഴിക്കോട് സമാന സമ്മേളനം നടക്കും. ഉദയംപേരൂരിലെ സമ്മേളനത്തിൽ പരിമിതമായ സീറ്റുകളും ഭക്ഷണസൗകര്യവും ഒരുക്കിയിരിക്കുന്നതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. രജിസ്ട്രേഷൻ സൗജന്യമാണ്.
സമ്മേളനത്തിന്റെ ഏകോപകരായി പാസ്റ്റർ ഏബ് ഉമ്മൻ, പാസ്റ്റർ കുഞ്ഞുമോൻ ജോഷ്വ, പാസ്റ്റർ ജേക്കബ് നൈനാൻ, പാസ്റ്റർ ദീപു ജേക്കബ്, പാസ്റ്റർ ടി. ടി. ജേക്കബ്, പാസ്റ്റർ ബിജു തെക്കേമല, പാസ്റ്റർ പ്രദേശ് കോര എന്നിവർ പ്രവർത്തിക്കുന്നു.


- Advertisement -


Comments are closed.