പമ്പാ നദി കരകവിഞ്ഞു; റാന്നി ടൗൺ വെള്ളത്തിനടിയിൽ, ഗതാഗതം പൂർണമായി തടസ്സപ്പെട്ടു
റാന്നി (പത്തനംതിട്ട): കനത്ത മഴയെ തുടർന്ന് പമ്പാ നദി കരകവിഞ്ഞൊഴുകിയതോടെ പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വ്യാപകമായി വെള്ളത്തിനടിയിലായി.

റാന്നി ടൗണിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി.
പ്രളയജലത്തിൽ റാന്നി ടൗണിലെ മാമുക്ക് പാലവും പുളിമുക്ക് പാലവും പൂർണമായും മുങ്ങിയതിനാൽ നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
റാന്നി–തിരുവല്ല, റാന്നി–ചെറുകോൽപുഴ–കോഴഞ്ചേരി, റാന്നി–കീക്കൊഴൂർ–കോഴഞ്ചേരി എന്നിവ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ റവന്യൂ വകുപ്പും അഗ്നിരക്ഷാസേനയും മറ്റ് ദുരന്തനിവാരണ വിഭാഗങ്ങളും ചേർന്ന് തുടരുകയാണ്.
പമ്പാ നദീതീരങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ശക്തമായി തുടരുന്നതിനാൽ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.


- Advertisement -


Comments are closed.