ലേഖനം: പള്ളിക്ക് പുറത്തും എന്തേലുമൊക്കെ ചെയ്യാം കേട്ടോ… | നൈജിൽ വർഗ്ഗീസ് തറയിൽ, എറണാകുളം

വിശ്വാസവും സാമൂഹിക പ്രതിബദ്ധതയും തമ്മിൽ വേർപെടുത്താനാകാത്ത വിധം അവിഭാജ്യമായ ബന്ധമാണുള്ളത്. “വിശ്വാസം പ്രവൃത്തിയില്ലാത്തതായാൽ നിർജ്ജീവമാകുന്നു” എന്ന വചനത്തെ ഒരുപാട് complicated ആക്കാനൊന്നും ശ്രമിക്കാതെ, നമ്മുടെ കർത്താവ് തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്ന simple രീതിയിൽ സമീപിച്ചാൽ ഈ സത്യം നമുക്ക് വേഗത്തിൽ ബോധ്യപ്പെടും.

ക്രിസ്തുവിന്റെ സൗരഭ്യം എന്നത് പള്ളിയുടെ അകത്തോ നമ്മുടെ രഹസ്യ പ്രാർത്ഥനകളിലോ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല; മറിച്ച് അത് പൊതുസമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ഒന്നാണ്.
നാലുചുവരുകൾക്കുള്ളിലെ കേവലമായ ഒരു ആരാധനാ രീതിയായി മാത്രം വിശ്വാസം ചുരുങ്ങിപ്പോകുന്നത് ഖേദകരമാണ്. ആധുനിക കാലഘട്ടത്തിലെ വിശ്വാസികൾ തങ്ങളുടെ സാമൂഹികമായ ഉത്തരവാദിത്തങ്ങളെ ‘ആത്മീയത’ എന്ന ലേബലൊട്ടിച്ച് ഒരു പ്രത്യേക വലയത്തിനുള്ളിലേക്ക് ഒതുക്കിക്കളഞ്ഞു. മുൻതലമുറകളിലെ വിശ്വാസികൾക്ക് സമൂഹവുമായി ഉണ്ടായിരുന്ന ആഴത്തിലുള്ള ജൈവികമായ ബന്ധം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നത് ഒരു നഗ്നസത്യമാണ്.

പൊതുസമൂഹത്തിൽ ഇടപെടേണ്ട ഇടങ്ങളിൽ നിന്നെല്ലാം മനഃപൂർവം പിന്മാറുന്ന ഒരു രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ഒരു അപകടം നടക്കുമ്പോഴോ, രക്തദാനം പോലുള്ള അടിയന്തരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോഴോ, “അതൊക്കെ ചെയ്യാൻ രാഷ്ട്രീയക്കാരും സന്നദ്ധ സംഘടനകളും ഉണ്ടല്ലോ” എന്നൊരു സുരക്ഷിത മനോഭാവം നമ്മെ പിടികൂടിയിരിക്കുന്നു. എന്നാൽ നമ്മുടെ സാന്നിധ്യം അനിവാര്യമായ ഇത്തരം ഇടങ്ങളിൽ നാം ഇല്ലാതെ പോകുന്നത് വിശ്വാസത്തിന്റെ തന്നെ പരാജയമാണ് എന്നല്ലാതെ എന്ത് പറയാൻ!
ചർച്ചിന് പുറത്ത് നമുക്ക് എത്ര സൗഹൃദങ്ങൾ ഉണ്ട് എന്നത് ഗൗരവമായി ചിന്തിക്കേണ്ട ഒരു കാര്യമാണ്. “അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്” എന്ന വചനത്തിന്റെ അർത്ഥം നമ്മളൊക്കെ ശരിയായി പഠിക്കേണ്ടിയിരിക്കുന്നു. മേൽപറഞ്ഞ വചനത്തെ സമൂഹത്തിൽ നിന്ന് മാറിനിൽക്കാനും നമ്മുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുമുള്ള ഒരു ‘ലൈസൻസായി’ കാണരുത്. ക്രിസ്തു പഠിപ്പിച്ചത് ലോകത്തിന്റെ ഉപ്പാകാനാണ്. ഉപ്പ് പാത്രത്തിനുള്ളിൽ തന്നെ ഇരുന്നത് കൊണ്ട് ഒരാൾക്കു പോലും പ്രയോജനമില്ല; അത് ഭക്ഷണത്തിൽ ലയിച്ചുചേരുകയും രുചി നൽകുകയും വേണം.

സഭാ വിഷയങ്ങളിൽ മാത്രം വലിയ താല്പര്യം പ്രകടിപ്പിക്കുകയും അയൽക്കാരന്റെ സങ്കടത്തിലോ സന്തോഷത്തിലോ പങ്കുചേരാതിരിക്കുകയും ചെയ്യുന്നത് കപടഭക്തിയാണ് എന്നതിൽ ഒരു സംശയവും വേണ്ട. അയൽപക്കത്തെ വീട്ടിലെ വിവാഹത്തിന് പന്തലിടാനും ഒരുക്കങ്ങളിൽ സഹായിക്കാനും ഒരു മടിയും കൂടാതെ നമ്മളാണ് മുൻപന്തിയിൽ ഉണ്ടാവേണ്ടത്. അവിടെയാണ് നാം ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി മാറുന്നത്. സഭയുടെ അതിരുകൾക്ക് പുറത്ത് നാം ചെയ്യുന്ന നന്മകളാണ് ക്രിസ്തുവിനെ ലോകത്തിന് പരിചയപ്പെടുത്താനുള്ള ഏറ്റവും വലിയ സുവിശേഷം.

ക്രിസ്തുവിന്റെ പൊതുസാന്നിധ്യം പരിശോധിച്ചാൽ, അവൻ ഒരിക്കലും ദേവാലയത്തിനുള്ളിൽ മാത്രം ഒതുങ്ങി ഇരുന്നവനായിരുന്നില്ല എന്ന് കാണാം. ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ഭൂരിഭാഗവും പൊതുനിരത്തുകളിലും, രോഗികളുടെ ഇടയിലും, സമൂഹം മാറ്റിനിർത്തിയ സാധാരണക്കാർക്കൊപ്പവും ആയിരുന്നു. വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനെക്കുറിച്ചും രോഗികളെ സന്ദർശിക്കുന്നതിനെക്കുറിച്ചും ക്രിസ്തു നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. യേശു കേവലമൊരു പ്രസംഗകനായിരുന്നില്ല, മറിച്ച് സമൂഹത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ ഒരു പൊതുപ്രവർത്തകൻ കൂടിയായിരുന്നു. നമ്മളിലുണ്ട് എന്ന് നാം നിരന്തരം അവകാശപ്പെടുന്ന ക്രിസ്തുവിനെ ലോകം കാണേണ്ടത് നമ്മുടെ പ്രാർത്ഥനയുടെ ശബ്ദത്തിലൂടെയല്ല, മറിച്ച് നമ്മുടെ സ്നേഹപൂർവ്വമുള്ള പെരുമാറ്റത്തിലൂടെയും കരുതലോടെയുള്ള ഇടപെടലുകളിലൂടെയുമാണ്.
നഷ്ടപ്പെട്ടുപോയ ആ പഴയകാല കൂട്ടായ്മയെയും സാമൂഹിക ഉത്തരവാദിത്തത്തെയും നാം തിരികെ പിടിക്കേണ്ടതുണ്ട്.

രക്തദാനം പോലുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനും സമൂഹത്തിന് മാതൃകയാകാനും നമുക്ക് സാധിക്കണം. വിശ്വാസികൾ എന്നാൽ ഒന്നിലും അഭിപ്രായം പറയാതെ, ഒരു കാര്യങ്ങൾക്കും നിലപാടില്ലാതെ ഒരു അരികു ചേർന്ന് പോകേണ്ടവർ എന്നല്ല; മറിച്ച്, നമ്മുടെ ചുറ്റുമുള്ള പൊതുപ്രശ്നങ്ങളിൽ—റോഡുകളുടെ അവസ്ഥ, പരിസ്ഥിതി പ്രശ്നങ്ങൾ, ശുചിത്വം എന്നീ വിഷയങ്ങളിലൊക്കെ ഒരു സാധാരണ പൗരനെന്ന നിലയിൽ അഭിപ്രായം ഉണ്ടാവുകയും സാധിക്കുന്നവയിൽ ഇടപെടുകയും വേണം. ജാതിമത ഭേദമന്യേ അയൽക്കാർക്കൊപ്പം അഥവാ പൊതു സമൂഹത്തിനൊപ്പം സഹകരിച്ചുകൊണ്ട് സൗഹൃദപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാനും നമുക്ക് കടമയുണ്ട്.

വിശ്വാസം എന്നത് ലോകത്തിൽ നിന്ന് വേറിട്ട് നിൽക്കാനുള്ള ഒരു ‘ഐസൊലേഷൻ വാർഡ്’ അല്ല. മറിച്ച്, സമൂഹത്തോട് ചേർന്നുനിൽക്കാനും അവരെ സേവിക്കാനുമുള്ള കരുത്താണ്. പൊതുസമൂഹത്തിൽ നിന്ന് നാം അകലുന്തോറും നാം പ്രതിനിധീകരിക്കുന്ന ക്രിസ്തുവും ലോകത്തിന് അപരിചിതനായി മാറും. അതുകൊണ്ട്, നാലുചുവരുകൾക്കുള്ളിലെ ഭക്തിയെ പൊതുവീഥികളിലെ കരുണയായി പരിവർത്തനം ചെയ്യുക എന്നതാണ് വിശ്വാസികൾ എന്ന നിലയിൽ നമ്മൾ ഓരോരുത്തരിലും നിക്ഷിപ്തമായ കാലികമായ ദൗത്യം. നമുക്ക് ചുറ്റുമുള്ളവരിലേക്ക് ക്രിസ്തുവിന്റെ സ്നേഹമായി, കരുണയായി, കരുതലായി ഇറങ്ങിച്ചെല്ലാൻ നമുക്ക് സാധിക്കണം, സാധിക്കട്ടെ.

നൈജിൽ വർഗ്ഗീസ് തറയിൽ, എറണാകുളം

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.