ലേഖനം: ഫിലിപ്പ്യാപട്ടണത്തിലെ സർപ്പശക്തിയും ദൈവസഭയും | പാ. സണ്ണി പി സാമുവൽ, റാസ് അൽ ഖൈമ
A) ഫിലിപ്പിയ ലേഖനം എ.ഡി. 60-62 കാലഘട്ടത്തില്‍ രചിക്കപ്പെട്ടു എന്നാണു കണക്കാക്കുന്നതു. ഇതു കാരാഗ്രഹലേഖനം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിചാരണത്തടവുക്കാരനായി റോമില്‍ കൂലിക്കു വാങ്ങിയ വീട്ടില്‍ പാര്‍ക്കുമളവില്‍ (അ.പ്രവൃ: 28:29) ഈ ലേഖനം തയ്യാറാക്കിയിരിക്കണം. Letter of Joy എന്നതാണു വിശേഷണം നല്‍കിയിരിക്കുന്നതു (ഫിലി: 4:4). “ക്രിസ്തുയേശുവില്‍ ഉള്ള ഭാവം” എന്നതാണു ലേഖനത്തിന്റെ മുഖ്യപ്രമേയം (ഫിലി:2:1-5).
B) ഫിലിപ്പിയ പട്ടണം
മാസിഡോണിയായിലെ ഫിലിപ്പ് രണ്ടാമന്‍ 356 ബി.സി., യില്‍ അദ്ദേഹത്തിന്റെ പേരില്‍ പണിക്കഴിപ്പിച്ച നഗരമാണു. ത്രേസിയന്‍ ക്രെനിഡസ് (Springs എന്നര്‍ത്ഥം) സ്ഥലത്താണു ഇതു പണിക്കഴിപ്പിച്ചതു. ഇതിനു സമീപത്തു സ്വര്‍ണ്ണഖനി ഉണ്ടായിരുന്നു. ഈജിയന്‍ കടലിടുക്കിനു വടക്കു സ്ഥിതിചെയ്തിരുന്നു. ഈസ്റ്റാംബൂളും അല്‍ബേനിയായിലെ ഡുറിസും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന 120 കി.മീ. ദൈര്‍ഘ്യമുണ്ടായിരുന്ന Via Egnatia ഈ പട്ടണത്തിനു സമീപത്തു കൂടെയായിരുന്നു കടന്നുപോയിരുന്നതു. Via Appia എന്ന മറ്റൊരു റോഡു വഴി റോമുമായി ഫിലിപ്പ്യ നഗരം ബന്ധിക്കപ്പെട്ടിരുന്നു. റോമില്‍ നിന്നു 1285 കി.മീ. ദൂരത്തില്‍ കിഴക്കുമാറിയാണു ഫിലിപ്പ്യ നഗരം സ്ഥിതിചെയ്തിരുന്നതു.
അന്നത്തെ ലോകചരിത്രഗതിയെ വഴിതിരിച്ചുവിട്ട ഒരു യുദ്ധം 42 ബി.സി., യില്‍ ഫിലിപ്പിയില്‍ വച്ചു നടന്നു. 44 ബി.സി., യില്‍ ജൂലിയസ് സീസര്‍ വധിക്കപ്പെട്ടിരുന്നു. ഇതിന്റെ പക വളര്‍ന്നു പന്തലിച്ചു മാര്‍ക്ക് അന്റണിയും ഒക്ടേവിയനും ചേര്‍ന്നു ബ്രൂട്ടസിനെയും കാഷ്യസിനെയും ഫിലിപ്പിയില്‍ വച്ചു നേരിട്ടു തോല്പിച്ചു. 40,000 പേര്‍ മരിച്ചു. ഇതോടെ ഫിലിപ്പ്യ റോമിന്റെ കോളനിയായി മാറി. ഈ യുദ്ധത്തോടുകൂടെ റോമില്‍ റിപ്പബ്ലിക്കന്‍ ഭരണക്രമം അവസാനിക്കുകയും റോം സാമ്രാജ്യമായി മാറുകയും ചെയ്തു. ചുരുക്കത്തില്‍ രണ്ടു ലോകസാമ്രാജ്യങ്ങള്‍ -ഗ്രീക്ക് സാമ്രാജ്യവും റോമാസാമ്രാജ്യവും ഉടലെടുക്കുന്നതു ഫിലിപ്പ്യ നഗരത്തില്‍ നിന്നായിരുന്നു! മൂന്നാം ലോകസാമ്രാജ്യത്തിനു വഴിമരുന്നിട്ടതും ഫിലിപ്പിയയില്‍ ആയിരുന്നു.
പട്ടാള കോളനി
ഫിലിപ്പ്യ നഗരം വിരമിച്ച പട്ടാളക്കാരുടെ കോളനിയായി മാറി. അവര്‍ക്കു അന്നത്തെ ലോകത്തിലെ ഏറ്റവും ബഹുമാന്യ പദവിയുള്ള റോമാപൗരത്വം ഉണ്ടായിരുന്നു. മാത്രമല്ല അവര്‍ക്കു നികുതി ഇളവുകള്‍ ഉണ്ടായിരുന്നു. തന്നേയുമല്ല, അവിടെ ഗ്രീക്കുഭാഷ ലത്തീന്‍ ഭാഷയ്ക്കു വഴിമാറിക്കൊണ്ടിരുന്നു. അതുവരെ ലോകപൊതുസമ്പര്‍ക്കഭാഷ (Lingua Franca) ഗ്രീക്കു ആയിരുന്നു. അതു സാധാരണക്കാരുടെ ഭാഷയായിരുന്നു. ലത്തീന്‍ സംസാരിക്കുന്നവര്‍ക്കു സ്വാഭാവികമായി അല്പം ഗമ ഉണ്ടായി. യവനായവല്‍ക്കരണം (Hellenization) റോമാവല്‍ക്കരണത്തിനു വഴി മാറുന്ന സാംസ്‌കാരിക സംക്രമണവും (Cultural Transition) ഫിലിപ്പ്യ പട്ടണത്തില്‍ നടന്നു. കൈസറെ കര്‍ത്താവു (Lord) രക്ഷിതാവു (Saviour) എന്നീ നിലയില്‍ ആരാധിക്കുന്ന ചക്രവര്‍ത്തി ആരാധാന സ്ഥാപിക്കപ്പെട്ടു. Rome away from Rome എന്നാണു ഫിലിപ്പ്യ നഗരം വിശേഷിപ്പിക്കപ്പെട്ടതു.
C) ഫിലിപ്പ്യ സഭ
ഫിലിപ്പിയ പട്ടണത്തില്‍ സഭ സ്ഥാപിക്കുന്ന വിശദചരിത്രം അ.പ്രവൃ: 16:6-40 വാക്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. എ.ഡി. 48-നും 50-നും മദ്ധ്യേ – അതായതു ഫിലിപ്പ്യയുദ്ധം കഴിഞ്ഞു ഏകദേശം 90 വര്‍ഷം കഴിഞ്ഞു, അല്ലെങ്കില്‍ ഒരു നൂറ്റാണ്ടിനുശേഷം- ഫിലിപ്പിയയില്‍ സഭ സ്ഥാപിക്കപ്പെട്ടു. ഇതു മറ്റൊരു സാമ്രാജ്യത്തിനു അടിസ്ഥാനമിടുകയായിരുന്നു. യൂറോപ്പില്‍ ദൈവരാജ്യം എന്ന മഹാസാമ്രാജ്യത്തിന്റെ അടിസ്ഥാനം. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഫിലിപ്പ്യാ പട്ടണത്തില്‍ നിന്നു ഉദയം ചെയ്ത യവനായ -റോമന്‍ സാമ്രാജ്യങ്ങള്‍ തകര്‍ന്നു തരിപ്പണമായി ചരിത്രത്തില്‍ വിലയം പ്രാപിച്ചു. ദൈവരാജ്യം രാജ്യമില്ലാത്ത അര്‍ത്തികളാല്‍ പരിമിതപ്പെടുത്താത്ത സാര്‍വ്വത്രിക സാമ്രാജ്യമായി നിലനില്‍ക്കുന്നു!!!
ഫിലിപ്പ്യാ സഭയുടെ സ്ഥാപനചരിത്രം അ.പ്രവൃത്തികള്‍ 16-ാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. ബിസ്സിനസുകാരിയായ ലുദിയയും അടിമപെണ്‍കൊടിയായിരുന്ന വെളിച്ചപ്പാടത്തിയും റോമാഗവണ്‍മെന്റു ഉദ്യോഗസ്ഥനായിരുന്ന ജയിലറും ആയിരുന്നു പ്രഥമ വിശ്വാസികള്‍.
ലുദിയ ശേം വംശക്കാരിയായിരുന്ന അപ്പർ ക്ലാസ് ബിസ്സിനസ്സുകാരിയായിരുന്നു.
ജയിലര്‍ യാഫേത്തുവംശജനായിരുന്ന മിഡില്‍ ക്ലാസ്സ് ഉദ്യോഗസ്ഥന്‍.
വെളിച്ചപ്പാടത്തി ഹാമിന്റെ വംശക്കാരി -അരികുവല്‍ക്കരിക്കപ്പെട്ട അടിമ
** ലക്ഷണം പറയിപ്പിക്കുന്ന ആത്മാവു
വെളിച്ചപ്പാടത്തി രണ്ടു തരത്തില്‍ അടിമയായിരുന്നു. അക്ഷരികമായി അവള്‍ക്കു യജമാനന്മാര്‍ ഉണ്ടായിരുന്നു. അവളുടെ വരുമാനം അവര്‍ ചോര്‍ത്തിയിരുന്നു. സാമ്പത്തിക-മൗലികാവകാശ അടിമത്വം. ഇതുകൂടാതെ അവള്‍ ആത്മീകമായി ദുരാത്മാവിന്റെ ബന്ധനത്തില്‍ ആയിരുന്നു. ‘വെളിച്ചപ്പാടത്തി’ എന്നതിനു ഗ്രീക്കില്‍ Pneuma Phythona -Spirit of Python- എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു. ഇതു ദുരാത്മാവിനെ കുറിക്കുന്ന ഒരു പൊതുവായ പ്രയോഗം അല്ല, മറിച്ചു, ഡെല്‍ഫിയിലെ ഓറക്കിളുമായി അവളെ ഈ ദുരാത്മാവു ബന്ധിച്ചിരുന്നു. ഫോസിസിലെ പര്‍ണാസസ് പര്‍വ്വതത്തിന്റെ ചുവട്ടിലെ Pytho യില്ലെ (Delphi) ഗുഹയില്‍ പാര്‍ത്തിരുന്ന ഒരു മഹാസര്‍പ്പമായിരുന്നു Python. അതിനു പുരോഹിതകളാണുണ്ടായിരുന്നതു. അവര്‍ Pythia എന്നാണു സംബോധന ചെയ്യപ്പെട്ടിരുന്നതു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ ജൈത്രയാത്ര ആരംഭിച്ചതു ഡെല്‍ഫിയിലെ തെറ്റിദ്ധരിക്കപ്പെട്ട പ്രവചനം (You are invincible my son) കേട്ടു അനുസരിച്ചായിരുന്നു. പൈത്തിയന്‍ സര്‍പ്പത്തിന്റെ ചീറ്റല്‍ ശബ്ദത്തെ വ്യാഖ്യാനിച്ചായിരുന്നു പുരോഹിതകള്‍ ലക്ഷണം പറഞ്ഞിരുന്നതു. ഈ ദുരാത്മാവു രാഷ്ട്രങ്ങളെ വരെ നിയന്ത്രിക്കത്തക്കവിധം (അതി)ശക്തമായിരുന്നു. ഈ സര്‍പ്പത്തെ അപ്പോളോ കൊന്നതായി ഐതീഹ്യം പറയുന്നു. അങ്ങനെ Pythia-യായിലെ ഓറക്കിളിന്റെ പിതൃത്വം അപ്പോളോ ഏറ്റെടുക്കുകയും ചെയ്തു. ‘കൊന്നു” എന്നതു വെറും സിബോളിസം മാത്രമാണെന്നും അതുവരെ നിലവില്‍ നിന്നിരുന്ന Chthonic (køanik) അഥവാ Underworld ആരാധാനരീതിയില്‍ നിന്നു ഒളിമ്പിയന്‍ ഓര്‍ഡറിലേക്കു ദേവവല്‍ക്കരണം നടത്തിയെന്നും അര്‍ത്ഥമാക്കിയാല്‍ മതി. പ്രത്യക്ഷമായി മറ്റൊരു മൂര്‍ത്തീപൂജാ രീതിയിലേക്കു ജനം വഴിമാറി എങ്കിലും മഹാസര്‍പ്പത്തിന്റെ ആത്മാവു സ്ത്രീകളില്‍ തുടര്‍ന്നും വ്യാപാരിച്ചുകൊണ്ടിരുന്നു. ജ്ഞാനം, വന്ധ്യതയില്ലായ്മ (Fertility) സംരക്ഷണം എന്നിവയുടെ മൂര്‍ത്തിയായിരുന്ന Python ഭൂമിദേവിയെ പ്രതിനിധികരിക്കുന്നു. റോമാക്കാരും സര്‍പ്പാരാധനയില്‍ കേമന്മാര്‍ ആയിരുന്നു. പ്രത്യുല്പാദത്തിന്റെയും പ്രവചനത്തിന്റെയും (Fertility and Oracle) ദേവനായ ഗ്ലൈക്കോണ്‍ (Glycon) എന്ന മനുഷ്യത്തലയുള്ള സര്‍പ്പത്തെ അവര്‍ ആരാധിച്ചിരുന്നു. ആധുനിക യുഗത്തിലും ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഈ ആരാധന പാവക്കൂത്ത് (Voodoo -Vodan Tradition) എന്ന മന്ത്രവാദസമ്പ്രദായവുമായി ചേര്‍ത്തിരിക്കുന്നു. ചുരുക്കത്തില്‍ പൗലോസു തിരിഞ്ഞു ശാസിച്ച ദുരാത്മാവു രാജ്യങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന മൂര്‍ത്തിയായിരുന്നു. എന്നാല്‍ പരിശുദ്ധത്മപ്രവൃത്തിയുടെ മുമ്പില്‍ അവയൊന്നും ഏതുമില്ല. കേവലം ഒരു ശാസനയുടെ മുമ്പില്‍ അവ വിട്ടു ഓടിപ്പോകും. പൈത്തോണ്‍ ശാസിക്കപ്പെട്ടപ്പോള്‍ അതു പുതിയൊരു സാമ്രാജ്യത്തിനു അടിത്തറയിടുകയായിരുന്നു – ദൈവരാജ്യം.
സമ്പന്നസഭ
ഫിലിപ്പ്യസഭ സമ്പന്നസഭ ആയിരുന്നു. രക്ഷിക്കപ്പെട്ട മൂന്നില്‍ രണ്ടു പേര്‍ സാമ്പത്തിക ഭദ്രതയുള്ളവര്‍ ആയിരുന്നു. അവര്‍ പൗലോസിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങായി (ഫിലി: 4:14-19). സ്വര്‍ണ്ണഖനി ദേശത്തിന്റെ സമ്പത്തു വര്‍ദ്ധിപ്പിക്കുകയും; തൊട്ടടുത്തു വെറും 14 കി.മീ. ദൂരം മാത്രം ഉണ്ടായിരുന്ന നിയപോലീസ് എന്ന തുറമുഖനഗരം ഫിലിപ്പ്യപട്ടണത്തെ ഒരു വ്യാപാരകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. അതിന്റെ നന്മ സഭയിലും ഉണ്ടായി. അതു സുവിശേഷികരണത്തിനു ചെലവഴിച്ചു എന്നതു അത്യന്തം ശ്ലാഘനീയവും കരണീയവും അത്രേ!
D) സഭ നേരിട്ട പ്രശ്‌നങ്ങള്‍
a) അന്തര്‍ഛിദ്രം
ഇതു പ്രധാനമായും രണ്ടായിരുന്നു.
i) താഴ്മയില്ലായ്മ. രണ്ടാം അദ്ധ്യായം ഇതിന്റെ പ്രതിഫലനമാണ്.
ii) ഡിക്കണസസ് തമ്മില്‍ കലഹവും ചേര്‍ച്ചയില്ലായ്മയും അഭിപ്രായഭിന്നതയും. പൗലോസു കൂടെ ഉണ്ടായിരുന്നപ്പോള്‍ അവര്‍ ഐക്യതയിലും ഏകാത്മാവിലും ആയിരുന്നു. ജീവപുസ്തകത്തില്‍ പേര്‍ എഴുതപ്പെട്ടിരിക്കുന്നവരോടൊപ്പം ഇവരും ഓടി അദ്ധ്വാനിച്ചു ശുഷ്‌കാന്തി കാണിച്ചു. ഒരുപക്ഷേ ഇതു പൗലോസിന്റെ രണ്ടാം മക്കദോന്യ യാത്രയില്‍ (അ.പ്രവൃ:20:1-3) സംഭവിച്ചതാകാം. മൂന്നുമാസം പൗലോസ് രണ്ടാം മിഷനറി യാത്രയില്‍ മക്കദോന്യയില്‍ ഉണ്ടായിരുന്നു. ആള്‍ക്കാരെ ചേർത്തുനിര്‍ത്തുവാന്‍ പൗലോസ് മിടുക്കനായിരുന്നു. യുവോദ്യയുടെയും സുന്തുകയുടെയും പേരും ജീവപുസ്തകത്തില്‍ വരേണ്ടതാണ്, ഉണ്ടാകേണ്ടതാണ്. ഒരിക്കല്‍ ഉണ്ടായിരിന്നിരിക്കാം. എന്നാല്‍ തമ്മില്‍ ഛിദ്രിച്ചപ്പോള്‍ സഭ അവര്‍ക്കു തുണ നിന്നില്ല. അതിനാല്‍ ഇണയാളിയായ വ്യക്തിയെ പൗലോസ് അതിനായി ഉത്സാഹിപ്പിക്കുന്നു. Sunzugos (Yokefellow) എന്നാണു മൂലഭാഷയില്‍. അതായതു ഭാരം ചുമക്കാന്‍/വഹിക്കാന്‍/വലിക്കാന്‍ കഴിയുന്ന വ്യക്തി. ഇങ്ങനെയുള്ള വ്യക്തികള്‍ സഭയ്ക്കു എന്നും അനുഗ്രഹമാണ്. എപ്പഫ്രോദിത്തോസോ, ലുദിയയോ, ലൂക്കോസോ ആകാം അതെന്നാണു അനുമാനിക്കപ്പെടുന്നതു! ലൂക്കോസു ഫിലിപ്പ്യയില്‍ ഏഴു-എട്ടു വര്‍ഷം താമസിച്ചു എന്നു വിശ്വസിക്കപ്പെടുന്നു!
b) പുറത്തുനിന്നുള്ള പ്രശ്‌നം
റോമന്‍ പൗരത്വവും കൈസര്‍ ആരാധനയും പ്രധാന വിഷയമായിരുന്നു. തെരുകോണിലെ കൈസറുടെ പ്രതിമയുടെ മുമ്പിലുള്ള ധൂപപീഠത്തില്‍ (Urn) ഒരു നുള്ളു കുന്തരിക്കം ഇട്ടാല്‍ മതിയായിരുന്നു. എന്നാല്‍ സത്യക്രിസ്ത്യാനി അതു ഒരിക്കലും ചെയ്യുകയില്ലായിരുന്നു. ഇതു അവരുടെ പൗരത്വത്തെയും അസ്ഥിത്വത്തെയും ചോദ്യം ചെയ്തു. ക്രിസ്തു എന്ന ഏക കര്‍ത്താവും ഏകരക്ഷിതാവും എന്ന ദൈവശാസ്ത്രചിന്താധാരയ്ക്കു ചുവട്ടില്‍ കത്തിവയ്ക്കുന്നതായിരുന്നു കൈസര്‍ ആരാധന. അതിനാലാണു ‘നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തില്‍ ആകുന്നു” എന്ന പ്രസ്താവന പൗലോസ് നല്‍കിയിരിക്കുന്നത്. മാത്രമല്ല ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു രക്ഷിതവായി വരും” എന്ന പ്രത്യാശഭരിതമായ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്.
E) ഭാവി പ്രതീക്ഷ
നമ്മുടെ താഴ്ച്ചയുള്ള ശരീരത്തെ ക്രിസ്തുവിന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. സകലഭൂതാത്മാക്കളുടെ മേലും ദൈവത്തിനു അധികാരം ഉണ്ടെന്നു ഫിലിപ്പ്യസഭ നമ്മെ പഠിപ്പിക്കുന്നു.
പാസ്റ്റർ സണ്ണി പി. സാമുവൽ

- Advertisement -


Comments are closed.