ശാസ്ത്രവീഥി: ബഹുദ്വീപുകളും ഘോഷിച്ചുല്ലസിക്കട്ടെ -2 | പാസ്റ്റർ സണ്ണി പി. സാമുവൽ

 

ഇനി ഇതു സംബന്ധിച്ചു ബൈബിള്‍ എന്തു പറയുന്നു എന്നു നോക്കാം. ‘ബഹുദ്വീപുകളും സന്തോഷിക്കട്ടെ” (സങ്കീ: 97:1). പ്രായോഗികതലത്തില്‍, ദ്വീപുകള്‍ കടലിന്റെ അടിത്തട്ടില്‍ ആണ്ടുപോകുമെന്നു ശാസ്ത്രനിരീക്ഷണങ്ങള്‍ പറയുന്നു. മുങ്ങിത്താഴുന്നവന്‍ നിലവിളിക്കുകയല്ലേ ചെയ്യുന്നതു; ഒരിക്കലും സന്തോഷിക്കുകയില്ലല്ലോ. രണ്ടുനിലപാടുകളും തമ്മില്‍ വൈരൂദ്ധ്യാത്മകതയാണുള്ളത്. ബൈബിള്‍ സംസാരിക്കുന്നതു പ്രാവചനികശബ്ദത്തിലാണ്. ഇവിടെ നാം ആഴമായ പഠനം നടത്തേണ്ട ആവശ്യമുണ്ട്. ദ്വീപുകള്‍ സംജാതമായതു ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടതിന്റെ ബാക്കിപത്രമായാണെന്നു ശാസ്ത്രം പറയുന്നു. പ്ലെയ്റ്റ് ടെക്‌റ്റോണിക്‌സ് പ്രകാരം ഭൂഖണ്ഡങ്ങളും ദ്വീപുകളും എല്ലാം അനേകം കോടി വര്‍ഷങ്ങള്‍ക്കു മുമ്പു ഒറ്റ ഖണ്ഡമായിരുന്നു. പാന്‍ജിയ എന്നാണു ഈ ഖണ്ഡത്തിനു ശാസ്ത്രം പേരിട്ടിരിക്കുന്നത്. 20 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു ഇതു രണ്ടായി പിളര്‍ന്നു ലോറേഷ്യ, ഗോണ്‍ഡ്വാന എന്നീ ഭൂഖണ്ഡങ്ങള്‍ ഉണ്ടായി. അവ കാലക്രമേണ പിളര്‍ന്നു മറ്റു ഭുഖണ്ഡങ്ങളും അനുബന്ധമായി മറ്റു ദ്വീപുകളും ഉണ്ടായി. ബൈബിളും ഇതുതന്നേ പറയുന്നു. സൃഷ്ടിച്ച നാളില്‍ ഭൂമി ഒറ്റഖണ്ഡവും ഭൂമിയില്‍ ഒരൊറ്റ സമുദ്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ (ഉല്പ:1:10). മനുഷ്യന്റെ മത്സരം കാരണം പേലെഗിന്റെ കാലത്തു ഭൂഖണ്ഡങ്ങള്‍ പിരിഞ്ഞുപോയി (ഉല്പ: 10:25). ഭൂവാസികള്‍ പിരിഞ്ഞുപോയി എന്നാണു മലയാളം ബൈബിളില്‍ കാണുന്നതു. മൂലഭാഷയിലും KJV യിലും Earth എന്നാണ്. പേലെഗ് ജനിച്ചതു പ്രളയം കഴിഞ്ഞു കൃത്യം 101 വര്‍ഷം കഴിഞ്ഞായിരുന്നു. ഇതു സൃഷ്ടിപ്പു മുതല്‍ 1757 വര്‍ഷം കഴിഞ്ഞായിരുന്നു. ഭൂമി പിളര്‍ന്നു മാറിയതിനാല്‍ അവനു പേലെഗ് എന്നു പേരിട്ടു എന്നാണു മൂലഭാഷയില്‍ വായിക്കുന്നത്.

ഭൂമിയുടെ ഭാവി സംബന്ധിച്ചു ശാസ്ത്രലോകം എന്തുപറയുന്നുവെന്നു നോക്കാം. ഇനി ഒരിക്കല്‍ കൂടെ ഭൂമി ഒറ്റഖണ്ഡമായി മാറും എന്നാണു ഭൗമശാസ്ത്രന്മാര്‍ കമ്പ്യൂട്ടര്‍ സിമുലേഷന്റെ മാതൃകയിലുടെ സമര്‍ത്ഥിക്കുന്ന്. എന്നാല്‍ അതിനു 250 മുതല്‍ 300 വരെ മില്യണ്‍ വര്‍ഷം വേണ്ടിവരും. അതിന്‍പ്രകാരം അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ചു ഏഷ്യയുമായി ചേര്‍ന്നു ഒന്നായിത്തീരും. പസഫിക് സമുദ്രം തത്വത്തില്‍ ഇല്ലാതെയാകും. അതോടൊപ്പം ആഫ്രിക്ക അമേരിക്കന്‍ ഭൂഖണ്ഡങ്ങളുമായി ഒത്തുചേരുമ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രവും ഇല്ലാതെയാകും. ഇപ്രകാരം രൂപപ്പെടുന്ന ഒറ്റഭൂമിയ്ക്കു സൂപ്പര്‍ഖണ്ഡത്തിനു ‘പാന്‍ജിയ പ്രേക്‌സിമ” എന്നാണു പേരിട്ടിരിക്കുന്നു. ക്രിസ്റ്റഫര്‍ സ്‌കോട്ടസ് എന്ന ഭൂമിശാസ്ത്രജ്ഞനാണു കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ ഈ കാര്യം സിദ്ധാന്തിക്കുന്നത്. ഈ സഞ്ചാരത്തില്‍ ഓസ്‌ട്രേലിയ മുതല്‍ ഏഷ്യ വരെയുള്ള ദ്വീപസമൂഹങ്ങള്‍ ഏഷ്യയുമായി ചേരും. അറബിക്കടൽ, മെഡിറ്ററേനിയന്‍ കടല്‍, ചെങ്കടല്‍ എന്നിവ ഇല്ലാതെയാകും! എന്നാല്‍ ഇതൊന്നും കാണാനോ അനുഭവിക്കാനോ നാം ആരും കാണുകയില്ല.

ഇനിയും ബൈബിള്‍ എന്തുപറയുന്നുവെന്നു നോക്കാം. ”അതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥെക്കായികൊണ്ടു തന്നെ.” (എഫെ:1:10). ഇവിടെ പ്രതിപാദിക്കുന്ന ‘ഒന്നായിച്ചേര്‍ക്ക” എന്നതില്‍ ഭൂമിയുടെ വീണ്ടെടുപ്പും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനായി ഭൂമി ഏദെന്യ അവസ്ഥയിലേക്കു മടങ്ങിപ്പോവുകയും പുന:ക്രമീകരിക്കപ്പെടുകയും ചെയ്യും. വെളിപ്പാടു പുസ്തകത്തിലെ അഞ്ചാം അദ്ധ്യായത്തിലെ മുദ്രയിട്ടിരിക്കുന്ന പുസ്തകം ഭൂമിയുടെ ആധാരം ആണെന്നാണല്ലോ പൊതുവേ വിശ്വസിക്കപ്പെടുന്നത്. ആ ആധാരത്തിന്റെ മുദ്രകള്‍ പൊട്ടിച്ചു ഏഴു വര്‍ഷം കൊണ്ടു ക്രമാനുഗതമായി യേശുകര്‍ത്താവു ഭൂമിയെ വീണ്ടെടുക്കും. അതിന്റെ സമാപനത്തിൽ അവിടുന്നു ഒലീവുമലയില്‍ ഇറങ്ങും. ബാബേല്‍ ഗോപുരത്തിന്റെ പണി കാണുവാനായി യഹോവ ഭൂമിയലേക്കു ഇറങ്ങി വന്നപ്പോള്‍ ആണല്ലോ ഭൂഖണ്ഡങ്ങളും ദ്വീപസമൂഹങ്ങളും ചിതറിമാറുകയും ഭൂവാസികള്‍ പിരിഞ്ഞുപോവുകയും ഭാഷ കലങ്ങിപ്പോവുകയും ചെയ്തത് (ഉല്പ: 11:1-9: 10:25). ക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷത സംഭവിക്കുമ്പോള്‍ അവന്റെ ഒരു കാല്‍ ബൊസ്രയിലും മറ്റേക്കാല്‍ ഒലീവുമലയിലും ആയിരിക്കും. അന്നാളില്‍ ബാബേലിന്റെ ശാപമോക്ഷം ആയിരിക്കും സംഭവിക്കുക. അന്നാളില്‍ സകലജാതികളും ഏക മനസ്സുള്ളവരും ഏക (നിര്‍മ്മലമായ) അധരങ്ങള്‍ (ഭാഷ) ഉള്ളവരും ആയിരിക്കും. അന്നാളില്‍ യഹോവയുടെ നാമത്തിലുള്ള ഏക ആരാധന മാത്രമേ ഭൂമിയില്‍ ഉണ്ടായിരിക്കുകയൂള്ളൂ (സെഫ:3:9). ”അന്നാളില്‍ യഹോവയുടെ ആലയം സകലജാതികള്‍ക്കും ഉള്ള പ്രാര്‍ത്ഥാനാലയം എന്നു വിളിക്കപ്പെടും” (യെശ:56:7). അന്നാളില്‍ അവിടുത്തെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ ഭൂമിയില്‍ അവിടുത്തെ പാദങ്ങള്‍ സ്പർശിക്കുമ്പോള്‍ പണ്ടു ചിതറിതെറിച്ചുപോയ ഭൂഖണ്ഡങ്ങളും ദ്വീപുസമുഹങ്ങളും കണ്ണിമയ്ക്കുന്നതിനിടയില്‍ ഒറ്റ ഭൂമിയായി മാറി ഏദെന്യ അവസ്ഥയിലേക്കു മടങ്ങിപ്പോകും. അതിനു ഇരുപതു കോടി വര്‍ഷമൊന്നും വേണ്ടിവരില്ല.

ഇതിലെ ദൈവശാസ്ത്രം നാം വിശകലനം ചെയ്താല്‍ പിരിഞ്ഞുപോവുക, വേര്‍പിരിഞ്ഞുപോവുക, ചിതറി മാറുക എന്നൊക്കെ പറഞ്ഞാല്‍ ആത്യന്തികമായി മരണം സംഭവിക്കുക എന്നാണു അര്‍ത്ഥം. മനുഷ്യന്റെ പാപഫലമായി ഭൂമിയ്ക്കും മരണം സംഭവിച്ചു. അതു ഘട്ടംഘട്ടമായി ഭവിച്ചു. ശാപഗ്രസ്തമായ ഭൂമിയുടെ വീര്യം പടിപടിയായി നഷ്ടപ്പെട്ടു. ജലപ്രളയാനന്തരം ഭൂമിയുടെ രക്തകുഴലുകള്‍ അടഞ്ഞു. തത്ഫലമായി മരുഭൂമികള്‍ രൂപപ്പെട്ടു. പിന്നെ ഭൂഖണ്ഡങ്ങളും ദ്വീപുകളും ചിതറിപ്പോയി. ദ്രവത്വം മരണത്തിന്റെ അനന്തരഫലമാണല്ലോ. ”സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്‍നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കുമെന്നുള്ള ആശയോടെ മായെക്കു കീഴ്‌പ്പെട്ടിരിക്കുന്നു” (റോമര്‍ : 8:20). ആകയാല്‍ സൃഷ്ടി തേജസ്സിൻ(ദൈവ)പുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അന്നാളില്‍ ഭൂമിയും ഉയിര്‍ത്തെഴുന്നേല്‍ക്കും പുനരുത്ഥാനം പ്രാപിക്കും. ”യഹോവ വാഴുന്ന അന്നാളില്‍ മരണം മാറി ജീവന്‍ പ്രാപിച്ചു ഒന്നായി തീര്‍ന്ന ഭൂമി ഘോഷിച്ചാനന്ദിക്കുകയും ബഹുദ്വീപുകള്‍ സന്തോഷിക്കുകയും ചെയ്യും” (സങ്കീ : 97:1). എന്തെന്നാല്‍ ഇതു കൂടിച്ചേരലിന്റെ കണ്ടുമുട്ടലിന്റെ ഒത്തുച്ചേരലിന്റെ മഹല്‍ദിനമാണ്. അന്നാളില്‍ ഭൂമിയുടെ താപനില 20-25 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നു കമ്പ്യൂട്ടര്‍ സിമുലേഷന്‍ പറയുന്നു. കാപ്പില്ലറി തത്വത്തിലൂടെ ഭൂമിയില്‍ നിന്നു മഞ്ഞുപൊങ്ങി നിലമൊക്കെയും നനയ്ക്കും (ഉല്പ: 2:6). ഈ പ്രക്രിയ്ക്കു Evapotranspiration എന്നാണു ശാസ്ത്രീയമായി പറയുന്നതു. അതു സംഭവിക്കണമെങ്കില്‍ പണ്ടു നോഹയുടെ കാലത്തു അടഞ്ഞുപോയ ഭൂഗര്‍ഭത്തിലുണ്ടായിരുന്ന മഹാനദികളും നദികളും തോടുകളും നീരൊഴുക്കുകളും ഉറവകളും പുന:സ്ഥാപിക്കപ്പെടണം. മണ്‍മറഞ്ഞുപോയ മനുഷ്യന്റെ ശരീരം ഉയര്‍പ്പിലൂടെ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതുപോലെ ഭൂമിയും ഇവ്വിധം പുതുക്കപ്പെടും. അന്നാളില്‍ മരുഭൂമി ഉണ്ടാകില്ല. ജലക്ഷാമം ഉണ്ടാവുകയില്ല. ഭൂമി അതിന്റെ പഴയകാല വീര്യത്തിലേക്കു മടങ്ങിവരും. ഭൂമിയിലൊക്കെയും ഒരേ കാലവസ്ഥയായിരിക്കും – സമശീതോഷ്ണാവസ്ഥ. അന്നാളില്‍ ഭൂമി നൂറുമേനി വിളവു നല്കും.

“അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതേ ഉന്നതവുമായിരിക്കും. സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും” (യെശയ്യാ: 2:2). ഇതു ഒരു പ്രവചനനിവൃത്തിയായിരിക്കും. “അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും” (ഉല്പത്തി 49:10). എന്നതിന്റെ നിവൃത്തി തന്നേ. “അന്നാളിൽ യഹോവ മാത്രം ഉന്നതനായിരിക്കും” (യെശയ്യാ:2:17). അവിടുന്നു ന്യായവിധിയിലും ഉന്നതനായിരിക്കും (യെശയ്യാ:5:16). “യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ” (സങ്കീ:97:1).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading