ലേഖനം: ക്രിസ്തുമസ് | വീണ ഡിക്രൂസ്
ക്രിസ്തുമസ് അഥവാ ക്രിസ്തുവിന്റെ ജന്മദിനമായി ഡിസംബർ 25 – സകലരും ആഘോഷിക്കുന്നു . യേശുക്രിസ്തുവിന്റെ യഥാർത്ഥ ജനനത്തീയതി ബൈബിൾ എവിടെയും വ്യക്തമാക്കുന്നില്ല എന്നത് സത്യമാണ്. മത്തായിയും, ലൂക്കോസും ക്രിസ്തുവിന്റെ ജനനം വിശദമായി വിവരിക്കുന്നുണ്ടെങ്കിലും, മാസം അല്ലെങ്കിൽ ദിവസം വ്യക്തമാക്കാതെ, രക്ഷകനായ ക്രിസ്തു ഈ ലോകത്തിലേക്കു വന്ന മഹത്തായ സംഭവത്തിലേക്കാണ് ശ്രദ്ധ നയിക്കുന്നത്. പ്രത്യേകിച്ച് ലൂക്കോസ് 2:8-ൽ പറയുന്ന “ആട്ടിടയന്മാർ വയലിൽ താമസിച്ചു രാത്രിയിൽ തങ്ങളുടെ ആടുകളെ കാവൽകൊണ്ടിരുന്നു” എന്ന വാക്കുകൾ, കാലാവസ്ഥയെക്കുറിച്ചുള്ള ഒരു സൂചനയായി പലരും കാണുന്നു.
ഇസ്രായേൽദേശത്ത് ഡിസംബർ–ജനുവരി മാസങ്ങൾ സാധാരണയായി തണുപ്പും മഴയും കൂടിയ കാലമായതിനാൽ, ആട്ടിടയന്മാർ രാത്രിയിൽ തുറന്ന വയലുകളിൽ താമസിക്കുന്നതു അപൂർവമായിരുന്നു. സാധാരണയായി വസന്തകാലത്തോ ശരത്കാലത്തോ ആയിരുന്നു അവർ ഇങ്ങനെ പുറത്തുണ്ടാകാറുള്ളത് . അതുകൊണ്ട്, യേശുവിന്റെ ജനനം ഒരു ചൂടുള്ള കാലഘട്ടത്തിൽ ആയിരിക്കാമെന്ന വാദം ബൈബിൾ പശ്ചാത്തലത്തിൽ ചിന്തിക്കാവുന്നതാണ്. എങ്കിൽ, ഡിസംബർ 25 എങ്ങനെ ക്രിസ്തുമസിന്റെ തീയതിയായി മാറി എന്ന ചോദ്യം ചരിത്രപരമായി നോക്കേണ്ടതുണ്ട്. ക്രി.വ. നാലാം നൂറ്റാണ്ടിൽ, റോമാ സാമ്രാജ്യത്തിൽ സൂര്യാരാധനയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടന്നിരുന്ന കാലഘട്ടത്തിൽ, സഭ യേശുക്രിസ്തുവിനെ “നീതിയുടെ സൂര്യൻ” ആയി പ്രഖ്യാപിച്ച്, ആ കാലത്ത് ക്രിസ്തുവിന്റെ ജനനോത്സവം ആചരിക്കാൻ തീരുമാനിച്ചു. ഇത് ബൈബിള്‍ ആജ്ഞയല്ല, മറിച്ച് ക്രിസ്തുവിന്റെ ജനനസന്ദേശം ശക്തമായി പ്രഖ്യാപിക്കുവാൻ സഭ എടുത്ത ഒരു ചരിത്രപരമായ തീരുമാനമാണ്. അതിനാൽ, ഡിസംബർ 25 യേശുവിന്റെ യഥാർത്ഥ ജനനത്തീയതി ആണെന്നതിനെക്കാൾ, ക്രിസ്തുവിന്റെ ജനനം സകലരും ഓർമ്മിക്കുകയും, പ്രസംഗിക്കുകയും ചെയ്യുന്ന ഒരു ദിവസമായി അത് മാറി.
ക്രിസ്തുമസിന്റെ പ്രാധാന്യം ഒരു തീയതിയിലല്ല, മറിച്ച് ക്രിസ്തുവിന്റെ ജനനത്തിൽ അടങ്ങിയിരിക്കുന്ന രക്ഷാസത്യത്തിലാണ്. ദൈവം മനുഷ്യനായി ഈ ലോകത്തിലേക്കു വന്നത്, പാപത്തിൽ അകപ്പെട്ട മനുഷ്യരെ വീണ്ടെടുക്കുവാനുള്ള ദൈവകൃപയുടെ മഹാപ്രഖ്യാപനമാണ്. തീയതി ഏതായിരുന്നാലും, ക്രിസ്തു ജനിച്ചു എന്ന സത്യം മാറുന്നില്ല. അവൻ ഇരുട്ടിൽ വെളിച്ചമായി വന്നു, ദൈവവുമായിട്ടുള്ള മനുക്ഷ്യരുടെ ബന്ധത്തെ പുനഃസ്ഥാപിച്ചു, നമുക്കായി നിത്യജീവിതത്തിലേക്കുള്ള വഴി തുറന്നു. അതുകൊണ്ടാണ് ക്രിസ്തുമസ് സഭയ്ക്ക് ഒരു ആചാരപരമായ ദിനം മാത്രമല്ല, രക്ഷയുടെ സുവിശേഷം ലോകത്തോട് പറയുന്ന ഒരു അവസരം കൂടിയാണത്.
ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: ദൈവം ഒരു നിർദ്ദിഷ്ട തീയതിയേക്കാൾ വലിയവനാണ്. അവന്റെ രക്ഷാപദ്ധതി കാലത്തെയും, കാലാവസ്ഥയെയും അതിജീവിക്കുന്നതാണ്. ഡിസംബർ 25 ഒരു ഓർമ്മപ്പെടുത്തൽ മാത്രമായിരിക്കാം; എന്നാൽ ബേത്‌ലഹേമിൽ ജനിച്ച രക്ഷകൻ ഇന്നും മനുഷ്യഹൃദയങ്ങളിൽ ജനിക്കുവാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, തീയതി സംബന്ധിച്ച വാദങ്ങളെക്കാൾ, ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കി സ്വീകരിക്കുന്നതിലാണ് യഥാർത്ഥ ക്രിസ്തുമസ് അനുഭവപ്പെടുന്നത്. ക്രിസ്തു ജനിച്ചു — അതാണ് നമ്മുടെ സന്തോഷവാർത്ത.
വീണ ഡിക്രൂസ്


- Advertisement -


Comments are closed.