സമകാലികം: ട്രംപും, പുട്ടിനും – അലാസ്കയിലെ മഞ്ഞുരുക്കം | വിനോദ് ഏബ്രഹാം, ദുബായ്

അങ്ങനെ ലോകനേതാക്കളായ ട്രംപിന്റെയും പുട്ടിന്റെയും കൂടിക്കാഴ്ചയുടെ വാർത്താച്ചൂടിൽ അലാസ്കയിലെ ഹിമപാളികളുടെ തകർച്ചക്ക് തുടക്കമായിരിക്കുന്നു. അമേരിക്കയുടെ വടക്കേ അറ്റത്തുള്ള പ്രകൃതിസൗന്ദര്യം നിറഞ്ഞ, ഒരിക്കൽ റഷ്യയുടെ ഭാഗമായിരുന്ന, 1867-ൽ അമേരിക്ക വിലക്ക് വാങ്ങിയ അലാസ്കയിലെ ജോയിന്റ് ബേസിലിൽ അവർക്കായി ചുവപ്പു പരവതാനി വിരിക്കപ്പെട്ടത് ഈ ആഴ്ചയിലെ പ്രധാന ലോകവാർത്തയായിരുന്നു. പതിറ്റാണ്ടുകളായി ശീതയുദ്ധത്തിലായിരുന്ന രണ്ടു വൻശക്തികൾ തമ്മിൽ സഹകരിക്കുന്നതും ചർച്ചകൾ ആരംഭിച്ചതുമൊക്കെ നല്ല ഒരു തുടക്കമാണ്. അമേരിക്കയുടെ ഓഹരിവിപണി ഇതാ ഒന്നിച്ചുയർന്നു കഴിഞ്ഞു. ക്രിയാത്മകമായ സഹകരണത്തിനു തയ്യാറാണെന്ന് കൂടുതൽ ലോക രാജ്യങ്ങൾ അറിയിച്ചുകഴിഞ്ഞു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മഞ്ഞുരുക്കം അലാസ്‌കയിൽ ആരംഭിച്ചിരിക്കുന്നു.
ലോകം ‘ഗ്ലോബൽ വില്ലേജ്’ ആയി മാറിക്കൊണ്ടിരിക്കുമ്പോൾ സൗഹൃദത്തിലേക്കു തിരിയുകയാണ് പല രാജ്യങ്ങളും. ഒരിക്കൽ പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന ജർമ്മനിയും ഫ്രാൻസും ഇന്ന് കരുത്തരായ സഖ്യകക്ഷികൾ ആണ്. രണ്ടാം ലോകമഹായുദ്ധത്തിൽ വിരുദ്ധ ചേരികളിലായിരുന്ന അമേരിക്കയും ജപ്പാനും ഇന്ന് ഒരുമിച്ചുള്ള വ്യാപാരസഖ്യത്തിലാണ്. പണ്ട് പരസ്പരം തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇന്ന് സൗഹൃദത്തിൻ്റെ പാതയിലാണ്. അങ്ങനെ വിദ്വേഷം വെടിഞ്ഞ് മിത്രങ്ങൾ ആകുന്നത് സമാധാനത്തിനും അഭിവൃദ്ധിക്കും രാജ്യങ്ങളുടെ പുരോഗതിക്കും കാരണമാകുന്നു.
ഫേക്ക് ഐഡികളിൽ കൂടി സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്ന, ഇതുവരെ ഒരു മതഗ്രന്ഥവും വായിച്ചുനോക്കാത്ത ബഹുഭൂരിപക്ഷം പരസ്പരം തമ്മിലടിച്ചു കോടതികളിൽ കയറിയിറങ്ങുന്ന സാമുദായിക നേതാക്കളും ലോകത്തിലെ ഉന്നത നേതാക്കളുടെ സ്നേഹവും സഹകരണവും മാതൃകയാക്കാവുന്നതാണ്. പരസ്പര സഹകരണവും ഐക്യവും ഇവ മനുഷ്യജീവനെ മുൻപോട്ടു നയിക്കുന്ന ഘടകങ്ങളാണ്. കൂട്ടായ പ്രവർത്തനങ്ങളാണ് സമൂഹത്തിന്റെ വളർച്ചക്കും വികസനത്തിനും അടിസ്ഥാന ഘടകം. മത, ഭാഷ, സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദമാണ് സമൂഹത്തിന്റെ ഐക്യത്തിനും ശാന്തിയുടെയും സമാധാനത്തിന്റെയും കാരണങ്ങൾ.
ബൈബിളിലെ സദൃശവാക്യങ്ങൾ 10:12 പ്രകാരം പറയുന്നു “വിദ്വേഷം കലഹങ്ങളെ ഉണർത്തുന്നു. സ്നേഹമോ സകല പാപങ്ങളെയും മൂടുന്നു.” അതേ, വിദ്വേഷം ഉണ്ടാകുമ്പോൾ സംഘർഷവും അതുമൂലമുള്ള പ്രശ്നങ്ങളും അതോടൊപ്പം ഉണ്ടാകുന്നു. സ്നേഹം ഉണ്ടാകുമ്പോൾ സമാധാനവും ഒപ്പം അഭിവൃദ്ധിയും സുരക്ഷിതത്വവും ഉളവാക്കപ്പെടുന്നു. സ്നേഹസ്വരൂപനായ ദൈവത്തിന്റെ സ്നേഹം മനുഷ്യരിൽ നിറയുമ്പോൾ ഉള്ളിലുള്ള വിദ്വേഷവും വൈരാഗ്യവുമൊക്കെ നീങ്ങിപ്പോകുന്നു. അങ്ങനെ അമേരിക്കയും റഷ്യയും മാത്രമല്ല നാമും സമൂഹവും ലോകവും സമാധാനത്താലും സ്നേഹത്താലും നിറയട്ടെ, ഭൂമിയിൽ ദൈവരാജ്യം സ്ഥാപിതമാകട്ടെ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading