തുടർക്കഥ: എന്റെ പ്രിയേ…ശൂലേംകാരത്തി… | പാർട്ട് – 4 | സജോ കൊച്ചുപറമ്പിൽ
ദൈവദാസൻ പ്രാർത്ഥിച്ചു പോയ വിഷയത്തെ മകൾ മനസ്സിനുള്ളിലെ ചെപ്പിനുള്ളിലേക്ക് അടച്ചു മാറ്റി വെച്ചപ്പോൾ, അപ്പൻ തൻറെ ഉള്ളിലെ ചെപ്പ് തുറക്കാം എന്ന് തീരുമാനിച്ചു. വീട്ടിലെ ഫോൺ എടുത്ത് തലങ്ങും വിലങ്ങും പരിചയക്കാരെയും ബന്ധക്കാരെയും സുഹൃത്തുക്കളെയും പാസ്റ്റർമാരെയും എല്ലാം വിളിച്ചു ” എന്റെ മോൾക്ക് ഒരു കല്യാണാലോചന വേണം ” അതായിരുന്നു ഫോണിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ സന്ദേശം. മറുതലക്കൽ നിന്ന് പരിഹാസ ചിരികളും കുത്തിനോവിക്കലുകളും കൂട്ടലും ഗുണിക്കലും ഹരിക്കലും എല്ലാമായി വിദഗ്ധരുടെ അഭിപ്രായങ്ങളെല്ലാം ഏതാണ്ട് ഒരേ പല്ലവി ആയിരുന്നു. ” ഇനിയെന്തിനാ പാസ്റ്ററെ ഈ വയസാൻ കാലത്ത് വയ്യാവേലികൾ ഒക്കെ “. അത് പാസ്റ്ററിനെ ഉദ്ദേശിച്ചോ?? അതോ കെട്ടാൻ തയ്യാറായി നിൽക്കുന്ന മകളായ 48 വയസ്സുകാരിയെ ഉദ്ദേശിച്ചോ???? എന്ന് ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സത്യത്തിൽ ആ പാവം പിടിച്ച ദൈവദാസൻ അപ്പോൾ ആലോചിച്ചു, ആർക്കാണ് ഈ വിവാഹാലോചന വയ്യാവേലിയായി മാറുന്നത്??? അങ്ങനെ അപ്പൻ നാട്ടുകാരെ മുഴുവൻ വിളിച്ച് വിവാഹാലോചന ക്ഷണിച്ച ശേഷം തന്റെ പ്രിയ പുത്രന്മാരെ ഈ വിവരം അറിയിക്കുവാൻ തീരുമാനിച്ചു. അവൾക്ക് ആങ്ങളമാർ മൂന്നാണ് മൂന്നുപേരും ഇന്ത്യയിലെ മൂന്നു വ്യത്യസ്ത സ്റ്റേറ്റുകളിൽ സുവിശേഷവേല ചെയ്യുന്നു. അങ്ങനെ അപ്പൻ മക്കളെ വിളിച്ച് കാര്യം പറയുമ്പോൾ മൂത്ത പുത്രന്മാർ രണ്ടുപേരും ഉടക്കി, “ഇനി ഈ പ്രായത്തിൽ എന്തിനാണ് അവൾക്ക് ഒരു വിവാഹം??? അവൾ അപ്പനേയും അമ്മയെയും നോക്കി വീട്ടിലിരിക്കട്ടെ “, അതാണ് അവരുടെ ലൈൻ പൊതുവേ ഈ രണ്ട് ആങ്ങളമാർക്കും പെങ്ങളുടെ വിവാഹത്തിൽ വലിയ താല്പര്യം ഇല്ലാത്തവരാണ്, പെങ്ങൾ വിവാഹം കഴിച്ചു പോയി കഴിഞ്ഞാൽ അപ്പനും അമ്മയും തങ്ങളുടെ തലയിൽ ആകുമോ എന്നൊരു ഭയമാണ് ഇതിനെല്ലാം കാരണം. ഈ രണ്ട് സൽ പുത്രന്മാരിൽ മൂത്ത പുത്രൻ തമിഴ്നാട്ടിലും രണ്ടാമത്തെ മകൻ ബാംഗ്ലൂരിലും സുവിശേഷ വേല ചെയ്യുന്നു. ഇവരിൽ ഒന്നും പെടാതെ മൂന്നാമതൊരു പുത്രൻ ഉണ്ട്. ഹിന്ദി ഹൃദയ ഭൂമിയുടെ ഏതോ കുഗ്രാമത്തിൽ ദൈവത്തിനു വേണ്ടി ഓടുന്നവൻ. അപ്പന്റെ ഫോണിന്റെ റിംങ് പലതവണ അവിടെ എത്തിയെങ്കിലും അവിടെ ആരും അങ്ങേ തലയ്ക്കൽ ഉണ്ടായിരുന്നില്ല. രാത്രി ഒരു പത്തര നേരത്ത് വീണ്ടും അപ്പൻറെ ഫോണിലേക്ക് ബെല്ലടിച്ചു മറു തലയ്ക്കൽ ഇളയ പുത്രനാണ് അപ്പൻ വസ്തുതകളൊക്കെയും വിവരിച്ചു പറഞ്ഞു. ചേച്ചിയുടെ വിവാഹത്തിന് അവന് പൂർണ സമ്മതമാണ്. ആലോചനയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുവാൻ ഉള്ള അനുമതി അവൻ നൽകി. ചേച്ചിയുടെ വിവാഹം കഴിഞ്ഞു പോയാൽ അപ്പനെയും അമ്മയെയും തൻറെ സുവിശേഷ വയലിലേക്ക് കൂട്ടിക്കൊണ്ടു പോകുവാനാണ് ഇളയ മകൻറെ പദ്ധതി. അങ്ങനെ ഒരേ രൂപം ഉള്ള മൂന്ന് കട്ടികൾ പക്ഷേ അവ മൂന്നിന്റെയും വെയിറ്റ് മറ്റൊന്നായിരുന്നു,
കാഴ്ചയ്ക്ക് അവ ഒരുപോലെയെങ്കിലും ത്രാസിൽ ഇട്ട് തൂക്കുമ്പോൾ വ്യത്യസ്തത നിറഞ്ഞ തൂക്കം കാണിക്കുന്നവർ. മൂന്നുപേരും സുവിശേഷകന്മാർ, മൂന്നുപേരും കുടുംബസ്ഥന്മാർ, പക്ഷേ മൂന്നുപേരുടെയും കാഴ്ചപ്പാടും നിലപാടും വ്യത്യസ്തങ്ങളായിരുന്നു. ദൈവത്തിൻറെ ത്രാസിൽ ഇട്ട് തൂക്കുമ്പോൾ കാഴ്ച്ചയിൽ ഒരു പോലെയെങ്കിലും, വ്യത്യസ്ത നിലവാരം വരുന്ന വ്യത്യസ്ത മനുഷ്യർ. തനിക്കൊപ്പം നിൽക്കുന്ന ഇളയ മകൻറെ കരുത്തിൽ അപ്പൻ തൻറെ ബന്ധങ്ങളിലേക്ക് തന്റെ സൗഹൃദങ്ങളിലേക്ക് ഈ സന്ദേശം എത്തിച്ചു, എൻറെ മകൾക്ക് ഒരു വിവാഹാലോചന വേണം. ദേശമെങ്ങും പരന്നു ഉപദേശിയുടെ മകൾക്ക് 48 ആമത്തെ വയസ്സിൽ കല്യാണമാലോചിക്കുന്നു. ചിലരെങ്കിലും പറഞ്ഞതു നേരാ, ആ പുള്ളിക്കാരത്തിയും പോയി രക്ഷപ്പെടട്ടെ. എന്നാൽ ഭൂരിപക്ഷവും പരിഹസിച്ചു.
“ആയകാലത്ത് പറ്റിയില്ല പിന്നെയാണ് ഈ വയസ്സാം കാലത്ത്”. ഇതെല്ലാം ആ വീടിൻറെ അടുക്കളയിൽ കരിപുരണ്ട ജീവിതം നയിച്ച അവളിലേക്ക് നിർദാഷണ്യം മനുഷ്യർ എയ്തുവിട്ട അസ്ത്രങ്ങളായി തുളച്ചു കയറി. ആ നിമിഷം അവൾക്ക് ആ തുമ്പിയെ ഓർമ്മ വന്നു, അന്നാ മഴയത്ത് അവൾ കണ്ട വാലിൽ നൂലുകെട്ടിയ തുമ്പിയെ. നാട്ടിലെ പിള്ളാര് വാലിൽ നൂലുകെട്ടി കല്ലടിപ്പിച്ച ആ തുമ്പിയെ പോലെ അവളുടെ ജീവിതത്തെ അവൾക്ക് തോന്നി. അവളുടെ വാലിൽ കെട്ടിയിട്ട് അപമാനത്തിന്റെ കല്ലെടുപ്പിക്കുന്ന കളി നാട്ടുകാരെല്ലാം തുടരുകയാണ്. എന്തിന് നാട്ടുകാരെ മാത്രം പറയണം ആങ്ങളമാരിൽ തുടങ്ങി ബന്ധങ്ങളിലൂടെ നീണ്ട് നാട്ടുകാരിലൂടെ പരന്ന് കിടക്കുന്ന അവളുടെ ജീവിതമാകുന്ന വാലിന്റെ തുഞ്ചത്ത് കിട്ടിയ ശാപത്തിന്റെ ആ ചരട്
അതൊന്ന് പൊട്ടിക്കണം അതിനായി അവൾ പരിശ്രമിക്കുകയാണ്, എന്തു പരിശ്രമിക്കാൻ പ്രാർത്ഥിക്കുകയാണ്. അവൾക്ക് പരിഭ്രമിക്കാൻ അല്ലാതെ പരിശ്രമിക്കാൻ കഴിയില്ലല്ലോ അപ്പൻ ഇറങ്ങി പരിശ്രമിച്ചു, അങ്ങനെ പ്രാർത്ഥനയും പരിശ്രമവും അവിടെ ഒന്നിച്ചു ചേരുകയാണ് നമ്മുടെ 48 വയസ്സുള്ള നായികയ്ക്ക് വേണ്ടി ഒരു 48- 50 വയസ്സുകാരൻ കാത്തിരിക്കുന്നു ഉണ്ടാവുമോ??? ആവോ ആർക്കറിയാം പക്ഷേ പ്രവചനങ്ങൾ അങ്ങനെ കാറ്റിൽ പറക്കാതെ അവളുടെ ഉള്ളിൽ അങ്ങനെ ചെപ്പിൽ അടച്ചു വെച്ചിരിക്കുകയല്ലേ?? അഹരോന്റെ വടി തളിർത്ത അതുപോലെ ഇതിനും ജീവൻ വയ്ക്കുമായിരിക്കും.
തുടരും…


- Advertisement -

Comments are closed.