ചെറുചിന്ത: പേരുകേട്ടവർ… പ്രശസ്തർ… | ദീന ജെയിംസ്
പ്രശസ്തി നേടാൻ ആഗ്രഹമില്ലാത്തവർ ആരാണ്? അല്ലെങ്കിൽ തന്നെ പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നമ്മിൽ പലരും. അത് നേടിയെടുക്കാൻ എന്ത് വിലയും കൊടുക്കാൻ തയ്യാറുമാണ്. ആ മൂവരും വളരെ പ്രശസ്തനായ വ്യക്തിയുടെ പേരുകേട്ട ദാസന്മാരായിരുന്നു. ബോസിന്റെ ഏത് കാര്യത്തിനും മറ്റു ജോലിക്കാരെക്കാൾ ഒരുപടി മുന്നിലായിരുന്നു അവർക്ക് സ്ഥാനം. മൂവരേയും ബോസിനും നല്ല മതിപ്പായിരുന്നു. അങ്ങനെയിരിക്കെയാണ് ബോസ് ഒരു വിദേശയാത്രാ പ്ലാൻ ചെയ്തത്. അതും നീണ്ടകാലത്തേക്ക്…
തനിക്കേറ്റവും പ്രിയപ്പെട്ട മൂന്ന് ജോലിക്കാരെയും വിളിച്ചു സ്വത്തിന്റെ ഒരു ഭാഗം അവരെ ഏൽപ്പിച്ചു. താൻ മടങ്ങി വരുമ്പോൾ കണക്ക്ചോദിക്കും എന്നൊരു നിർദേശവും നൽകി.മൂന്ന് പേർക്കും വ്യത്യസ്തമായ തുകയാണ് ബോസ് കൊടുത്തത്.
അവിടെയാണ് സ്ഥിതിഗതികൾ മാറിയത്. ആദ്യത്തെ രണ്ടുപേർ ബോസ് ഏല്പിച്ച കാര്യം നല്ല ഭംഗിയായി ചെയ്തു. തന്റെ വിശ്വസ്ത സേവകൻ എന്ന് ബോസ് കരുതിയവരിൽ മൂന്നാമന്റെ ചിന്ത മറിച്ചായിരുന്നു. അവന് കിട്ടിയ തുകയുടെ അളവ് മറ്റുവരേക്കാൾ കുറവായത് കൊണ്ടാണോ എന്നുമറിയില്ല ; തന്റെ ബോസ് ഒരു കഠിനമനുഷ്യൻ ആണെന്ന് അവൻ ചിന്തിച്ചു. ഇതുവരെ ബോസിന്റെ ജോലിക്കാരൻ എന്ന് പേരുകേട്ടിരുന്നവൻ തന്നെ ഏല്പിച്ച കാര്യത്തിൽ അവിശ്വസ്തനായി ആ പണം നിലത്ത് മറച്ചു വച്ചു.
പറയാറില്ലേ, മാങ്ങാണ്ടിയോടടുക്കുമ്പോഴേ പുളി അറിയൂ എന്ന്.
ഏതായാലും ദിവസങ്ങളും മാസങ്ങളും അതിവേഗം പാഞ്ഞു.വിദേശയാത്ര കഴിഞ്ഞു ബോസ് തിരിച്ചെത്തി. ഏല്പിച്ച തുകയുടെ കണക്ക് തീർക്കാൻ മൂന്ന് ജോലിക്കാരെയും വിളിപ്പിച്ചു. തങ്ങളെ ഏല്പിച്ച ദൗത്യം ഭംഗിയായി ചെയ്ത രണ്ടുപേരെ അഭിനന്ദിക്കുകയും അധികത്തിനു വിചാരകരാ ക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പക്ഷേ, മൂന്നാമൻ ചെയ്തതറിഞ്ഞു കോപാകുലനായ ബോസ് അവനെ ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളയുവാൻ കല്പന കൊടുത്തു.
നല്ല യജമാനന്റെ ദാസന്മാരെന്ന് പേരുകേട്ട നമ്മൾ ഓരോരുത്തരും നമ്മെ ഏല്പൂച്ചിരിക്കുന്ന കടമ നിവർത്തിക്കുന്നുണ്ടോ? പേരും പ്രശസ്തിയും സ്ഥാനമാനങ്ങളൊന്നും യജമാനൻ കണക്കുതീർക്കുമ്പോൾ മാനദണ്ഡമാകുന്നില്ല. ഏല്പിച്ച ദൗത്യം ഭംഗിയായി ചെയ്യുന്നതിൽ നാം വിശ്വസത്‌രായിരുന്നാൽ യജമാനന്റെ സന്തോഷത്തിൽ പ്രവേശിക്കാം. നാം നേടുന്ന പ്രശസ്തിയേക്കാൾ നല്ലവനും വിശ്വസത്‌നുമായ ദാസനേ എന്ന് യജമാനൻ നൽകുന്ന പദവിയാണ് ശ്രേഷ്ഠമായത്. ആയുസ്സിന്റെ നാളെല്ലാം ആ പദവി നേടുവാൻ അത്യുത്സാഹികളാകാം… യജമാനൻ
കണക്കുതീർക്കുന്ന നാൾ ആഗതമായ്….
ദീന ജെയിംസ്




- Advertisement -
Comments are closed, but trackbacks and pingbacks are open.