കൽപ്പറ്റ: നാടു നടുങ്ങിയ മുണ്ടക്കൈ ദുരന്തം. ആ കറുത്ത ദിനം ജൂലായ് 30. പിതാവിനെയും മാതാവിനെയും അനുജത്തിയെയും വിവാഹത്തിനായി കരുതിയ 10 പവൻ സ്വർണ്ണവും നാലുലക്ഷം രൂപയും ഒരു മാസം മുമ്പ് താമസമാക്കിയ പുതിയ വീടും മറ്റ് ബന്ധുക്കളെയും എല്ലാം നഷ്ടപ്പെട്ടവൾ. വേദനയിൽ തന്നെ താങ്ങാൻ , കൈ പിടിക്കാൻ ശ്രൂതിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ ചെറുപ്പക്കാരൻ ജെൻസൻ. ജെൻസനും വാഹനാപകടത്തിൽ പരുക്കേറ്റ് മരണപ്പെടുന്നു. ശ്രുതിയുടെ രണ്ടു കാലുകളും മുട്ടിന് താഴെ അസ്ഥി പൊട്ടി സർജ്ജറിക്ക് ശേഷം കമ്പിയിട്ട് കിടക്കയിൽ വിശ്രമത്തിലാണ്. എത്ര ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ വിഷമിക്കുന്ന സാഹചര്യം.

എന്നാൽ ശ്രുതി ഇന്ന് അതിജീവന പാതയിലാണ്. ഞങ്ങൾ ശ്രുതിയെ കാണുമ്പോൾ കടന്ന് പോയ കഠിനമായ പാത മനസിനെ അലട്ടു ന്നുണ്ട് എങ്കിലും അവൾ ധൈര്യം വീണ്ടടുത്തു കഴിഞ്ഞു. ചെറുപുഞ്ചിരിയോടെ ഞങ്ങളോട് സംസാരിച്ചു. ജൂലായ് 30 ന് ദുരന്തം നടന്ന അന്ന് ഞങ്ങൾ ശ്രുതിയെ കണ്ടിരുന്നു. മരിച്ചവർ ആരോക്കെയാണ് മരിച്ചത് എന്ന് ശരിയായി അറിയാതെ ജെൻസനോടൊപ്പം റോഡരുകിൽ ഒരു വാഹനത്തിൽ ചാരി നിന്ന് കരഞ്ഞുകൊണ്ടുനിന്ന ശ്രുതിയെ ഞങ്ങൾ കണ്ട് സംസാരിച്ചിരുന്നു. അവൾക്ക് വേണ്ടി ഞങ്ങൾ മനസ്സുകൊണ്ട് പ്രാർത്ഥിച്ചിരുന്നു.
ഇന്നും ഞങ്ങൾ ഒരു ആശ്വാസ ഗാനം പാടിയ ശേഷം പ്രാർത്ഥിച്ചു. പ്രാർത്ഥനാനന്തരം ഒപ്പമുണ്ടായിരുന്ന ജാൻസി ജോബ് അവളെ ചേർത്ത് പിടിച്ചപ്പോൾ കണ്ണുകളിൽ ചെറിയ നനവ്. ഒരു പക്ഷെ തന്നിൽ നിന്ന പറന്നകന്ന സ്വന്തം അമ്മയെ ഓർത്തിട്ടാകാം. അത്യാവശ്യകാര്യങ്ങൾക്കായി ഒരു തുക കൈമാറാനും സംഘം മറന്നില്ല. ഞങ്ങളുടെ സംഘത്തിൽ പാസ്റ്റർമാരായ സാം ദാനിയേൽ , പി. ജോയ്, ബിജു പോൾ , ഷനോജ് എം. ജെ., സഹോദരൻ മെബിൻ പോൾ തുടങ്ങിയ ചിലരുണ്ടായിരുന്നു. ഇന്നലെ ശ്രുതി അല്പം സന്തോഷത്തിലായിരുന്നു. തൃശൂർ ജില്ലക്കാരായ മറ്റുചില മനുഷ്യ സ്നേഹികളുടെ ഉദാരമനസ്സിനാൽ ശ്രുതിക്കുള്ള ആയിരം സ്ക്വയർ ഫീറ്റുള്ള വീടിൻ്റെ പണിയും ആരംഭിച്ച ദിവസമായിരുന്നു. അതെ, ശ്രുതി അതിജീവന പാതയിലാണ്.


- Advertisement -


Comments are closed.