ലേഖനം: ജഡേഷ്ടത്തിൽനിന്നു ദൈവേഷ്ടത്തിലേക്കു ഒരു ആത്മീക രൂപാന്തരം | ബിജു ജോസഫ്, ഷാർജ

നമ്മുടെ ഇഷ്ടങ്ങൾ കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമെടുക്കുന്ന ആകെ തുകയാണ് ഈ ലോകജീവിതം. പക്ഷെ! നിത്യതയുമായുള്ള ബന്ധത്തിൽ ചേർത്ത് ചിന്തിക്കുമ്പോൾ അവിടെ കുറയ്കലും ഹരിക്കലും ഗുണിക്കലുമൊന്നുമില്ല, കൂട്ടൽ മാത്രമേയുള്ളു. കൃപയാൽ വീണു ലഭിക്കുന്ന നിമിഷങ്ങൾ, പൂർണതയുള്ള ദൈവേഷ്ടത്തിനുവേണ്ടി- ദൈവേഷ്ടത്തിനായ് നമ്മിൽ ഭരമേല്പിച്ചിരിക്കുന്ന ദൗത്യ നിവർത്തീകരണത്തിനായ് പ്രവർത്തിക്കേണ്ട ജീവിതം. ഇവിടെ ലോകാനുരൂപമാക്കുന്ന നമ്മുടെ ഇഷ്ടങ്ങൾ അല്ല, പിതാവാം ദൈവത്തിന്റെ നമ്മെകുറിച്ചുള്ള, അവനോടൊപ്പമുള്ള നിത്യമായ ജീവിതത്തിനായ് ഭൂമിയിലെ മനോഹര പദ്ധതിയിലൂടെ നമ്മെ ഒരുക്കിയെടുക്കാനുള്ള ഇഷ്ടം.

News Middle Advt Banner

നമ്മുടെ ഇഷ്ടങ്ങൾക്കു വിലകൊടുക്കാത്ത ഒരു ദൈവമാണെന്നും പിതാവെന്നും ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയേക്കാം.. പക്ഷെ! നിത്യതയിൽ ദൈവത്തിനോടൊപ്പം അവന്റെ മടിയിൽ നാം ഉണ്ടാകണമെന്ന ഒരു പിതാവിന്റെ അടങ്ങാത്ത ആഗ്രഹമാണ് നമ്മുടെ പല ഇഷ്ടങ്ങൾക്കും സമരസപ്പെടാത്തതു. കാലുറക്കാത്ത ഒരു കുഞ്ഞിന്റെ കയ്യിൽ അവന്റെ അപക്വമായ ശാഠ്യത്തിന് വഴങ്ങി, അവനിപ്പോൾ തറയിൽ കിടന്നുരുണ്ടു നിലവിളിച്ചാൽ പോലും അവനാവശ്യപ്പെട്ട മൂർച്ചയുള്ള കത്തി ഒരു പിതാവ് വെച്ച് നീട്ടുമോ? ദോഷൈക കാര്യങ്ങൾ നിരൂപിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നവരായിട്ടും, നമ്മൾ മാതാപിതാക്കൾ അങ്ങനെ ചെയ്യാതിരിക്കുന്നുവെങ്കിൽ നമ്മുടെയെല്ലാം സ്വർഗ്ഗസ്ഥനായ സൃഷ്ടാവാം പിതാവ് അങ്ങനെ ചിന്തിക്കുക കൂടി ചെയ്യുമോ? പ്രവർത്തി രണ്ടാമത് സംഭവിക്കുന്ന കാര്യമാണല്ലോ.

ഈ ലോകത്തിനു അനുരൂപമാകാത്ത തന്റെ പുത്രന് അനുരൂപമാകുന്ന നമ്മുടെ പൂർണതയുള്ള ഒരു ജീവിതം അതാണ് നമ്മിൽ നിന്നും പിതാവാം ദൈവം ആഗ്രഹിക്കുന്നത്. തന്റെ ഇഷ്ടം സകലതും നിവർത്തിയാക്കി ഈ ലോകത്തിനു അനുരൂപമാകാതെ തന്നെ പ്രസാദിപ്പിച്ചു തന്റെ ഏകപുത്രൻ തന്റെ വലതുഭാഗത്തു പ്രതാപൈശ്വര്യത്തോടും അധികാരത്തോടും ഇരിക്കുന്നതുപോലെ നാമും ഇരിക്കണമെന്നും, പിതാവും ഒപ്പം പുത്രനും തന്റെ ഐഹികകാല വാഗ്ദത്ത നിവർത്തികരണത്തിനായ് താനിരിക്കുന്ന സ്ഥലത്തു തന്നെ നാമും ഇരിക്കണമെന്നും ആഗ്രഹിക്കുന്നു.

ഇതെങ്ങനെ സാധ്യമാകും? അനുദിനം, അനുനിമിഷം നമ്മിലെ ആത്മമനുഷ്യനെ പുതുക്കത്തിന്റെ അനുഭവത്തിൽ വളർത്തണം അഥവാ മനസ്സു പുതുക്കി രൂപാന്തരപ്പെടണം. മനസ്സാ വാചാ കർമ്മണാ മൂലമുള്ള ഒരു സ്നാനം-കുളി അഥവാ ശുദ്ധീകരണം ആവശ്യമാണ്. ശരീര സ്നാനം നാം ദിനം തോറും ചെയ്യുന്നു, ഈ സ്നാനം നമ്മുടെ അകത്തെ മനുഷ്യനും ആവശ്യമാണ്. സ്നാനത്തിലൂടെ അകത്തു പറ്റിപ്പിടിച്ച പൊടിയും അഴുക്കും കറയും ചുളുക്കവുമൊക്ക മാറ്റി പുതുക്കത്തിന്റെ ആത്മീയ അനുഭവം സമ്മാനിക്കുന്നു. അതിലൂടെ നന്മയുടെ പൂർണതയുള്ള പ്രവർത്തികൾ നമ്മിലൂടെ സംഭവിക്കുന്നു. കരിമ്പനടിച്ച വെളുത്ത വസ്ത്രങ്ങളെ നീലം മുക്കി കൂടുതൽ വെണ്മയുള്ളതാക്കുന്നപോലെ.. മായമില്ലാത്ത വചനത്തിലൂടെ അനുദിനം, നിമിഷം നമ്മെ മുക്കി വിശുദ്ധീകരിക്കുക. കാരണം വചനം സാക്ഷാൽ ജഡമായി കൃപയും സത്യവുമുള്ളവനായ്, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായി വെളിപ്പെട്ട, കാൽവരിയിൽ നമുക്കായ് തകർക്കപ്പെട്ട, അറുക്കപ്പെട്ട പെസഹാക്കുഞ്ഞാടു തന്നെയല്ലയോ?

ആ കുഞ്ഞാടിന്റെ ഗുണകരമായി നമുക്കുവേണ്ടി സംസാരിക്കുന്ന പക്ഷവാദ രക്തത്തിൽ മുക്കി.. മുങ്ങി.. നമ്മൾ നമ്മളെത്തന്നെ ശുദ്ധീകരിച്ചു അവൻ ചെയ്തതുപോലെ ദൈവേഷ്ടം, പിതാവിന്റെ ഇഷ്ടം.. നമ്മെ ഓരോരുത്തരെയും കുറിച്ചുള്ള അവന്റെ ഉള്ളിലെ മനോഹരപദ്ധതി പൂർത്തിയാക്കുക. ആതിനായിട്ടല്ലോ വീഴാതെ.. പുത്രനായുള്ള, പുത്രന്റെ നാമത്തിലുള്ള കൃപയാൽ, പക്ഷവാദത്താൽ നിർത്തിയിരിക്കുന്നത്. ലോകേഷ്‌ടം ജഡികേഷ്ടമാണെന്ന തിരിച്ചറിവ് പരമപ്രധാനമായ ദൈവേഷ്ടത്തിലേക്കു വഴിത്തിരിക്കുവാൻ സഹായിക്കുന്ന ആത്മീക രൂപാന്തരത്തിന്റെ അഥവാ ജീവന്റെ ചിത്രശലഭ സമാനമായ വർണ്ണ ചിറകുകൾ മുളപ്പിക്കുന്നു. പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രന്റെ കൃപയും സകല സത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവിന്റെ സന്തോഷവും സമാധാനവും എപ്പോഴും നമ്മോടൊപ്പം കാന്തന്റെ മഹത്വ പ്രത്യക്ഷതയോളം യുഗയുഗാന്തരം നിലനില്കുമാറാകട്ടെ.

ലോകസ്നേഹം ദൈവത്തോടുള്ള ശത്രുത്വം അപ്പോൾ ദൈവസ്നേഹം ലോകത്തോടുള്ള ശത്രുത്വമാകുമല്ലോ? അപ്പോൾ ലോകത്തെ നമുക്ക് വെറുക്കാം, ലോകം, പിശാച് മുറുകെ പിടിച്ചു തെറ്റിദ്ധരിപ്പിച്ചു മിത്രമാക്കി വെച്ചിരിക്കുന്ന ലോകത്തിലുള്ളവരെ അവന്റെ കയ്യിൽ നിന്ന് മോചിപ്പിച്ചു ദൈവവും പിതാവുമായവന്റെ നിത്യ സ്നേഹരാജ്യത്തിലേക്കു കൊണ്ടുവരാം. അവരും പിതാവാം ദൈവത്തിന്റെ സ്വരൂപത്തിലും ഛായയിലും സൃഷ്‌ടിച്ച നമ്മുടെ സഹോദരങ്ങളല്ലോ അവരെ കുറിച്ചും ദൈവത്തിനു സ്വപ്നമില്ലേ? ഇഷ്ടങ്ങളില്ലേ.. ദൈവേഷ്ടത്തിനായ് പ്രതിയോഗിയോട്‌ പൊരുതാം, ദൈവം നമ്മെ ഓരോരുത്തരെയും അതിനു സഹായിക്കുമാറാകട്ടെ.

Biju Joseph,
Sharjah

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading