ലേഖനം: ദൈവത്താൽ പ്രശംസിക്കപ്പെടുക | ജെസ്സി അലക്സ്, ഷാർജ

ദൈവത്താൽ പ്രശംസിക്കപ്പെടുക
മറ്റുള്ളവരാൽ പ്രശംസിക്കപ്പെടുന്നത് എല്ലാമനുഷ്യരും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. കാരണം അത് ഒരു മധുരക്കനിയാണ്. ഉന്നത ശ്രേണിയിൽ ഇരിക്കുന്നവരുടെ പ്രശംസയാണ് എങ്കിൽ പിന്നെ പറയുകയും വേണ്ട. അത് കൂടുതൽ മധുരിക്കും. ശാസ്ത്രീയമായി പുരോഗമിക്കപ്പെട്ട ഇക്കാലഘട്ടത്തിൽ വിവിധ മാധ്യമത്തിങ്ങളുടെ സഹായത്തോടുകൂടി ഇങ്ങനെയുള്ള അവസരങ്ങളെ പ്രചരിപ്പിച്ച് അതിൽ ആനന്ദിക്കുന്നവരും കുറവല്ല. എന്തുകൊണ്ടെന്നാൽ എല്ലാ മനുഷ്യരും പ്രശസ്ഥി ഇഷ്ടപ്പെടുന്നു. ഇങ്ങനെയൊരു പ്രശംസ, നമ്മെ സൃഷ്ടിച്ചവനും നമ്മുടെ ഉടയവനുമായ ദൈവമാണ് തരുന്നതെങ്കിൽ, അതിന്റെ വിലയും മഹത്വവും എത്രത്തോളമായിരിക്കും എന്ന് ചിന്തിച്ചു നോക്കുക. അങ്ങനെ കുറെയധികം പേരെ നമുക്ക് വേദപുസ്തകത്തിൽ കാണുവാൻ സാധിക്കും. അതിൽ ഒരാളാണ് കാലേബ്.
Numbers 14:24 എന്റെ ദാസനായ കാലേബോ അവന് വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്ക് ഞാൻ അവനെ എത്തിക്കും, അവന്റെ സന്തതി അതു കൈവശമാക്കും
യിസ്രായേൽ മക്കളെ, പാലും തേനും ഒഴുകുന്ന കനാൻ ദേശത്തേക്കു കൊണ്ടുപോകാൻ വേണ്ടി മിസ്രെമിൽ നിന്നും പുറപ്പെടുവിച്ച് കദേശിൽ എത്തിയപ്പോൾ, ദൈവം അവർക്കു കൊടുക്കുവാനിരുന്ന ദേശം എങ്ങനെ ഉള്ളത് എന്നറിയാൻ ഓരോ ഗോത്രത്തിൽ നിന്നും ഓരോരുത്തരെ മോശ തിരഞ്ഞെടുത്തു. യഹൂദാ ഗോത്രത്തിൽ നിന്നും നിർദിഷ്ട ദൗത്യത്തിനായി ഭാഗ്യവാശാൽ ചീട്ടുവീണത് യെഫുന്നയുടെ മകനായ കാലേബിന് ആയിരുന്നു. ദേശം ഒറ്റുനോക്കുവാൻ പോയ 12 പേരിൽ 10 പേരും തിരിച്ചുവന്ന് പറഞ്ഞത് ആ ദേശം, നിവാസികളെ തിന്നുകളയുന്ന ദേശമാണ്, അവിടെ മല്ലന്മാരുണ്ട്, അവരുടെ മുൻപിൽ തങ്ങൾ വെട്ടുക്കിളിയെപോലെ തോന്നി എന്നൊക്കെയാണ്. എന്നാൽ കാലേബിന്റെയും യോശുവയുടെയും നിഗമനവും പ്രസ്താവനയും തികച്ചും വിഭിന്നമായിരുന്നു. യഹോവ അവരോടുകൂടെയിരുന്നു അവരിൽ പ്രസാദിച്ചാൽ ആ ദേശം കൈവശമാക്കുവാൻ കഴിയും എന്ന ഉറപ്പു അവർ മോശക്കും യിസ്രായേൽ മക്കൾക്കും നൽകയുണ്ടായി. ഭൂരിഭാഗവും നിരുത്സാഹപ്പെടുത്തുന്നതും, അധൈര്യപ്പെടുത്തുന്നതുമായ പ്രസ്താവനകളുമായി എത്തിയപ്പോൾ കാലേബിന് ഉറപ്പും ധൈര്യവും ഉണ്ടാകുവാനുള്ള കാരണം പല പ്രതിസന്ധികളെയും മാറ്റി യിസ്രായേലിനെ ദൈവം നടത്തിയത് കാലേബ് കണ്ടിട്ടുള്ളതും, അനുഭവിച്ചിട്ടുള്ളതുമാണ്.
മറ്റുള്ളവരിൽ നിന്നും കാലെബിനെ വ്യത്യസ്തനാക്കിയ ചില സ്വഭാവസവിശേഷതകൾ :-
❖ പൂർണ്ണമായ അനുസരണം ഉള്ളവൻ ആയിരുന്നു :- കാലെബ് ദൈവത്തെ പൂർണ്ണമായി അനുസരിച്ചു എന്ന് കാലേബിനെക്കുറിച്ചു ദൈവം തന്നേ സാക്ഷ്യം പറയുന്നു (സംഖ്യാ 14:24 ). തന്നെ ഏല്പിച്ച ദൗത്യം പ്രതിസന്ധികളെ അവഗണിച്ച് ഒരു മടിയും കൂടാതെ ചെയ്തു തീർക്കുന്ന സ്വഭാവത്തിനുടമയായിരുന്നു കാലേബ്. യെശയ്യാ പ്രവാചകൻ 1:19 ൽ പറയുന്നതുപോലെ, “നിങ്ങൾ മനസ്സുവച്ച് കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും “, തന്റെ അനുസരണം തനിക്കു വാഗ്ദത്തമായി ലഭിച്ച ദേശത്തിന്റെ നന്മ അനുഭവിക്കുവാൻ കാരണമായി തീർന്നു.
❖ മറ്റുള്ളവരെ ധൈര്യപ്പെടുത്തുന്നവൻ ആയിരുന്നു :- ദേശം ഒറ്റുനോക്കുവാൻ പോയവർ ജനത്തെ നിരുത്സാഹപ്പെടുത്തുവാൻ നോക്കിയപ്പോൾ ജനത്തെ ധൈര്യപ്പെടുത്തിയത് കാലേബ് ആണ്. നാം ചെന്ന് അത് കൈവശമാക്കുക, അത് ജയിപ്പാൻ നമുക്ക് കഴിയുമെന്നു സംഖ്യപുസ്തകം 13:30 ൽ പറയുന്നു. അതുമാത്രമല്ല യോശുവ 14:10, 11 ൽ എനിക്ക് 85 വയസ്സായി മോശ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്. പടവെട്ടുവാനും പോകയും വരികയും ചെയ്‌വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെ ഇന്നും ഇരിക്കുന്നു. തന്റെ ശാരീരിക അവസ്ഥയെ കണക്കിടാതെ മുന്നിൽക്കണ്ട പ്രതികൂലങ്ങളെ അവഗണിച്ച് തന്നെ ശക്തനാക്കുന്നവൻ മുഖാന്തരം താൻ സകലതിനും മതിയാകുന്നവൻ എന്നുറപ്പിച്ചു, ദൈവം വാഗ്ദത്തം നൽകിയ ദേശം പ്രാപിക്കാൻ തന്നേത്തന്നെ ധൈര്യപ്പെടുത്തുക മാത്രമല്ല ബലഹീനാരായ തന്റെ സഹോദരങ്ങളെ ബാലപ്പെടുത്തുകയും, ധൈര്യപ്പെടുത്തുകയും ചെയ്യുന്ന കാലെബിന്റെ സ്വഭാവം നമ്മിലും ഉണ്ടാകട്ടെ എന്നാശിക്കുന്നു.
❖ പിറുപിറുപ്പ് ഇല്ലാത്ത വ്യക്തി ആയിരുന്നു :– സംതൃപ്തി ഇല്ലായ്മ ആണ് പിറുപിറുപ്പിന് കാരണം . യിസ്രായേൽ ജനം പലപ്പോഴും പലതിനുവേണ്ടിയും അവരുടെ പ്രയാണ കാലത്ത് പിറുപുറുത്തു, കാരണം അവർ ഒന്നിലും തൃപ്തരായിരുന്നില്ല. അങ്ങനെ ദൈവത്തെ അവർ പലതവണ പരീക്ഷിക്കയും കോപിപ്പിക്കയും ചെയ്തു . എന്നാൽ കാലേബ് ദൈവീക വാഗ്ദത്തത്തിൽ തൃപ്തനായിരുന്നതുകൊണ്ട് ഒന്നിലും പുറുപിറുത്തില്ല. ദൈവം ഏറ്റവും വെറുക്കുന്ന പാപങ്ങളിൽ ഒന്നാണ് പിറുപിറുപ്പ് എന്ന് ദൈവവചനം പറയുന്നു.അകയാൽ നമുക്ക് ദൈവം നൽകുന്നതിൽ, നാടത്തുന്ന വഴികളിൽ, ഉദ്ദേശങ്ങളിൽ സംതൃപ്തരാകാം.
❖ ദൈവത്തോട് പറ്റിനിൽക്കുന്നവൻ ആയിരുന്നു :– യോശുവ 14.9 ൽ കാലേബ് ദൈവത്തോട് പൂർണ്ണമായി പറ്റി നിന്നതുകൊണ്ടു അവൻ കാൽവച്ച ദേശം അവനും മക്കൾക്കും എന്നേക്കും അവകാശമായിയിരിക്കും എന്ന് മോശ സത്യം ചെയ്തു 14:14ൽ അത് അവകാശമായി കൊടുത്തു എന്നും എഴുതിയിരിക്കുന്നു . നമുക്കും ദൈവത്തോട് പറ്റിനിൽക്കാം, ദൈവീക വാഗ്ദാതങ്ങൾ പ്രാപിക്കാം.
❖ നടത്തുന്നവരെ അനുസരിച്ചു അവർക്ക് കീഴ്പെട്ടുനിന്നൽക്കുന്നവൻ ആയിരുന്നു :-പ്രായം നോക്കിയാൽ കാലേബിനെക്കാളും പ്രായം കുറവായിരുന്നു യോശുവയ്ക്ക്. എന്നാൽ മോശയുടെ മരണശേഷം യിസ്രായേൽ മക്കളെ നയിക്കാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടത് യോശുവ ആയിരുന്നു. കാലേബ് ദൈവീക പദ്ധതിയെ മാനിക്കയും യോശുവയെ സകലത്തിലും അനുസരിക്കുകയും ചെയ്തു. നാമും കർതൃത്തങ്ങൾക്കു കിഴ്പെട്ടു ജിവിക്കാം
❖ വാഗ്ദത്തത്തിനുവേണ്ടി കാത്തിരിക്കുന്ന വ്യക്തി ആയിരുന്നു :– ഏകദേശം 40ആം വയസ്സിൽ മോശ മുഖാന്തരം ലഭിച്ച വാഗ്ദത്തം നിറവേറിയത് 45 വർഷത്തിനുശേഷമായിരുന്നു ( യോശുവ 14:10 ) അതുവരെയും പിറുപിറുപ്പില്ലാതെ വിശ്വാസത്തോടുകുടി വാഗ്ദത്തിനുവേണ്ടി കാത്തിരിക്കാൻ കാലേബിന് കഴിഞ്ഞു. വാഗ്ദത്തം ഉണ്ടെങ്കിൽ അതിന് തടസ്സങ്ങളും ഉണ്ടാകും. യിസ്രായേൽ മക്കൾക്ക്‌ കനാൻ എന്ന വാഗ്ദത്തം ലഭിച്ചപ്പോൾ തന്നെ അത് പ്രാപിക്കാതിരിപ്പാൻ അനവധി തടസ്സങ്ങൾ സൃഷ്ടിച്ചു ഫറവോൻ എഴുന്നേറ്റു. എന്നാൽ ദൈവീക വാഗ്ദത്തത്തിനുവേണ്ടി കാത്തിരുന്നു അത് പ്രാപിച്ചവരുടെ ഒരു വലിയസമൂഹം നമുക്ക് മുൻപിൽ ഉള്ളതിനാൽ നാമും ആശ നഷ്ടപ്പെടാതെ വാഗ്ദത്തത്തിനായി കാത്തിരിക്കാം, അത് ലഭിക്കും നിശ്ചയം താമസിക്കുകയുമില്ല.
നമ്മളെക്കുറിച്ച് നമ്മുടെ കർത്താവ് പറയുന്നത് എപ്രകാരം ആയിരിക്കും എന്ന് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? കാലേബിനെപ്പോലെ നമ്മെക്കുറിച്ചും നല്ല സാക്ഷ്യമായിരിക്കുമോ ദൈവത്തിനുള്ളത് ? കാലേബിനെപ്പോലെ നമുക്കും ദൈവീക ചട്ടങ്ങളും വിധികളും പൂർണ്ണമായി അനുസരിക്കാം. നമ്മുടെ വാക്കുകൊണ്ടോ പ്രവർത്തികൾകൊണ്ടോ മറ്റുള്ളവരെ അധൈര്യപ്പെടുത്താതെ ധൈര്യപ്പെടുത്താം. അതിനായി നമ്മുടെ വാക്കുകൾ എപ്പോഴും കൃപയോടുകൂടിയത് ആയിരിക്കട്ടെ.പിറുപിറുപ്പില്ലാത്തവരായി നമ്മെ നയിക്കുന്നവരെ അനുസരിച്ചും, അവർക്കുവേണ്ടി പ്രാർത്ഥിച്ചുംകൊണ്ട് നമ്മുടെ ക്രിസ്തീയ ജീവിതം ജയകരമായി നയിക്കാൻ ഇടയാകട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading