നാം പരദേശികളോ? | പാ.സുബാഷ് കെ.ടി

കാലയവനികയിൽ ചരിത്രത്തിന്റെ താളുകളിൽ ചുരുങ്ങിയ പേജുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറു ചരിത്രമാണ് ജീവിതം. ആരംഭവും അവസാനവും തിരിച്ചറിയാത്ത ക്ഷണികമായതും പുല്ലിനും, പൂവിനും, നിഴലിനും തുല്യമായതുമായ ജീവിത യാത്രയിലാണ് നാം. ജനനത്തിനും മരണത്തിനും ഇടയിലുള്ള ചെറിയൊരു പരദേശ പ്രയാണമാണ് ഇഹലോകവാസം. സ്വന്തമായി എന്തെല്ലാം ഉണ്ടെന്ന് അവകാശപ്പെട്ടാലും ഒന്നും സ്വന്തം എന്നു പറയുവാൻ പറ്റാത്ത ലോകത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ പേര് പോലും നമ്മുടെ സ്വന്തം എന്ന് പറയാൻ നമുക്ക് കഴിയില്ല. കാരണം ആ പേരിട്ടത് പോലും മറ്റുള്ളവരാണ്. പേരിനോ പ്രശസ്തിക്കോ പാരമ്പര്യത്തിനോ പണത്തിനോ പദവികൾക്കോ നമ്മുടെ പരദേശ പ്രയാണം നീട്ടുവാൻ കഴിയുകയില്ല. രക്തബന്ധങ്ങളോ സ്നേഹബന്ധങ്ങളോ സഹപാഠികളോ ഒന്നും നമ്മുടെ സ്വന്തമല്ല. പകലന്തിയോളം അധ്വാനിച്ചതിന്റെ ഫലമായി കിട്ടുന്ന പണിക്കൂലി പോലും നമ്മുടെ സ്വന്തമല്ല. നാം പാർക്കുന്ന വീടും നമ്മുടെ സ്ഥലത്തിനും നമ്മൾ ഉപയോഗിക്കുന്ന വാഹനത്തിനും ഗവൺമെന്റിന് നാം നികുതി അടയ്ക്കണം. നമ്മുടെ സ്വന്തമാണെങ്കിലും നിയമങ്ങൾക്ക് അനുസരിച്ച് മാത്രമേ എല്ലാം ഉപയോഗിക്കാനാവൂ.

ബൈബിളിലെ പ്രവാസവും ഈ കാലഘട്ടത്തിലെ പ്രവാസവും തമ്മിൽ ഭയങ്കര വ്യത്യാസമാണ്. ബൈബിളിൽ പ്രവാസം എന്ന് പറഞ്ഞാൽ അടിമത്വം ആയിരുന്നു. സ്വന്തമായി വീടോ നിലങ്ങളോ സമ്പത്തോ ഭക്ഷണമോ സമ്പാദ്യമോ ഒന്നുമില്ലാത്ത വല്ലാത്ത ഒരു അനുഭവം. ഈ കാലഘട്ടത്തിലെ പ്രവാസികൾ എന്ന് പറഞ്ഞാൽ ഭാര്യയോ ഭർത്താവോ മാതാപിതാക്കളോ മക്കളോ സഹോദരങ്ങളോ വിദേശരാജ്യങ്ങളിൽ ജോലിക്കായി കടന്നു പോകുമ്പോൾ അവരെ നാം പ്രവാസികൾ എന്ന് അഭിസംബോധന ചെയ്യാറുണ്ട്. പ്രവാസികൾക്കു വേണ്ടി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നു. ഗവൺമെന്റ് പ്രവാസികൾക്ക് വേണ്ടി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. പ്രവാസികൾക്കായി പ്രത്യേകമായ അക്കൗണ്ടുകൾ പോലുമുണ്ട്. കുടുംബാംഗങ്ങൾ വിദേശത്ത് ഉണ്ടെങ്കിൽ അവരുടെ അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന നന്മകളുടെ ഒരു ഭാഗം കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും സുഖസമൃദ്ധമായി നാട്ടിൽ ജീവിക്കുകയും ചെയ്യുന്നു. പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായി നാട്ടിൽ നല്ല നിലങ്ങളും വീടുകളും വ്യാപാരസമുച്ചയങ്ങളും സ്വന്തമാക്കുന്നു. നാട്ടിൽ പ്രവാസിയുടെ കുടുംബം ആണെന്ന് പറയുമ്പോൾ നാട്ടിലും സഭയിലും കുടുംബാംഗങ്ങളുടെ ഇടയിലും വലിയ പദവികൾ ലഭിക്കുന്നു. അവരുടെ വരവിന് തന്നെ ഒരു ഗമയാണ്. വിലകൂടിയ വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളുമൊക്കെ ഉപയോഗിച്ച് ജീവിക്കുന്നു.

എന്നാൽ ബൈബിളിലെ പ്രവാസത്തെക്കുറിച്ച് പഠിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ സന്തോഷമോ സമാധാനമോ നന്മകളോ ഇല്ലാത്ത അവസ്ഥയാണ്. വിശ്വാസികളുടെ പിതാവായ അബ്രഹാമിന് തലമുറകൾ ജനിക്കുന്നതിന് മുമ്പേ അബ്രഹാമിനോട് പറഞ്ഞു
“നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക”. പ്രവചന നിവൃത്തിയായി അബ്രഹാമിന്റെ തലമുറകൾ മിസ്രയീമിന്റെ അടിമത്വത്തിൽ ആയിരുന്നപ്പോൾ കഷ്ടതയുടെ കൊടും ചൂളയിലൂടെയാണ് അവർ കടന്നുപോയത്. ജോലിഭാരം കുറയണമെന്ന് അവർ ആഗ്രഹിച്ചുവെങ്കിലും ജോലിയുടെ ഭാരം ദിനംതോറും വർധിച്ചുകൊണ്ടിരുന്നു. വൈക്കോലിന് പകരം താളടി ശേഖരിക്കാൻ വേണ്ടി പോയ യിസ്രായേൽമക്കളുടെ കൈപ്പേറിയ ജീവിതം അവരുടെ പ്രവാസ ജീവിതത്തിന്റെ ദുരനുഭവത്തെ വ്യക്തമാക്കുന്നു.

ബൈബിൾ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു പ്രവാസ കാലഘട്ടം ബാബേൽ പ്രവാസ കാലഘട്ടമാണ്. മത്തായി.1.17ൽ കാലഘട്ടത്തിന്റെ ചരിത്രം വ്യക്തമാക്കുമ്പോൾ ബാബേൽപ്രവാസ കാലഘട്ടവും കാണുവാൻ കഴിയുന്നു. ബാബേൽ പ്രവാസ കാലഘട്ടം 70 വർഷമായിരിക്കും എന്ന് യിരമ്യാ പ്രവാചകന്‍ പ്രവചിച്ച പ്രവചന നിവൃത്തിയായി 70 സംവത്സരം യിസ്രായേൽ മക്കൾ പ്രവാസികളായി തീർന്നു.

പ്രവാസികളായി തീരുന്നതിനു മുമ്പേ പ്രവാസ കാലഘട്ടത്തിന് അവസാനം ഉണ്ടാകും എന്നും നിങ്ങൾ ഇനി പരദേശികൾ അല്ല നിങ്ങൾ മതിലുകളും വീടുകളും പണിയുമെന്നും പണിത വീടുകളിൽ പാർക്കുമെന്നും നിലങ്ങളും വസ്തുക്കളും കൈവശമാക്കുമെന്നും അതിലെ കൃഷി ഫലങ്ങൾ നിങ്ങൾ അനുഭവിച്ച തൃപ്തരാകുമെന്നും പ്രവചനാത്മാവിൽ അറിയിച്ചിരുന്നുവെങ്കിൽ പ്രവചന നിവൃത്തിയായി യിസ്രായേൽ മക്കളെ ദൈവം മടക്കി കൊണ്ടുവന്ന് തന്റെ വിശ്വസ്തത തെളിയിച്ചു. അങ്ങനെയാണെങ്കിൽ പരദേശ പ്രയാണ കാലഘട്ടത്തിൽ നമ്മെ മടക്കി കൊണ്ടുവരുവാനും ആത്മീകമായും ഭൗതികമായും നന്മകൾ നൽകി നമ്മെ അനുഗ്രഹിക്കുവാനും തീമതിലായി കൂടെയിരുന്ന് സംരക്ഷിക്കുവാനും നമുക്കാവശ്യമുള്ള സ്വർഗ്ഗീയ ഭോജനമായ നന്മകൾ നൽകി നമ്മെ അനുഗ്രഹിക്കുവാനും ദൈവം വിശ്വസ്തനാണ്.

പ്രവാസികളെ മടക്കി വരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെ പോലെയായിരുന്നുവെന്ന് സങ്കീർത്തനത്തിൽ വായിക്കുന്നത് പോലെ സാധ്യതകൾ ഇല്ലാത്ത സന്ദർഭങ്ങളിൽ അസാധാരണമായ ദൈവ പ്രവൃത്തി വെളിപ്പെടുത്തി നമ്മെ മടക്കിവരുത്തുവാനും ഒരിക്കലും ലഭിക്കുകയില്ല എന്ന് ഉറപ്പിച്ച ഭൗതിക നന്മകൾ അതിന്റെ പ്രതിഫലത്തോടുകൂടി അനുഭവിക്കുവാനും നമ്മെ പ്രാപ്തരാക്കുന്ന ദൈവത്തിന്റെ കരത്തിന്റെ ശക്തി ഇന്നും ശക്തിയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മടക്കി വരുത്തുമ്പോൾ യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നും അഭിവൃദ്ധി നൽകുന്ന ദൈവത്തെക്കുറിച്ചും കരുണ കാണിച്ച് മടക്കിവരുത്തുന്ന ദൈവസ്നേഹത്തെ കുറിച്ചും യിരമ്യാ പ്രവാചകൻ പഠിപ്പിക്കുന്നു. അങ്ങനെയെങ്കിൽ നാം ഇനി അന്യരും പരദേശികളും അല്ല. ഒരുകാലത്ത് നാം അന്യരും പരദേശികളും ആയിരുന്നുവെങ്കിൽ ഇപ്പോൾ നാം ക്രിസ്തുവിൻ്റെ കൂടെയുള്ളവരും യിസ്രായേൽ പൗരത്വമുള്ളവരും വാഗ്ദത്തമുള്ളവരും പ്രത്യാശയുള്ളവരും ദൈവം ഉള്ളവരും ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായ വരും ആകുന്നുവെന്ന് എഫെസ്യ ലേഖനത്തിൽ പൗലോസ് പറയുന്നു.
“ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ”.എഫെസ്യർ 2:19.

പഴയനിയമ യിസ്രായേൽ മക്കൾ പ്രവാസത്തിൽ നിന്ന് ഭൗമികമായ കനാദേശം ലക്ഷ്യമാക്കി യാത്ര ചെയ്തത് പോലെ പുതിയ നിയമ യിസ്രായേൽ ആകുന്ന നമുക്ക് വാഗ്ദത്ത കനാൻ നാടായ പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ ഫലങ്ങളും ഉള്ള വാഗ്ദത്തനാട്ടിലേക്ക് പ്രത്യാശയോടെ പ്രയാണം ചെയ്യാൻ ഈ പരദേശപ്രയാണമാകുന്ന ജീവിതയാത്ര നമ്മെ സഹായിക്കട്ടെ. കാലങ്ങളും യുഗങ്ങളും ഉള്ള സംഭവ ബഹുലമായ ഈ കാലഘട്ടത്തിന് തിരശ്ശീല വീണ് പുതിയ യുഗത്തിലേക്ക് അനന്തമായ നിത്യത ലക്ഷ്യമാക്കി വിമർശനങ്ങളും വിഘ്നങ്ങളും വകവയ്ക്കാതെ പരദേശ പ്രയാണത്തിൽ നിന്ന് സ്വദേശത്തേക്ക് യാത്രയാകുവാൻ ഇഹലോകവാസവും സ്വർഗ്ഗീയ വാസവും നമുക്ക് കാണിച്ചു തന്ന കർത്താവായ യേശുവിനെ നോക്കിക്കൊണ്ട് ജീവിക്കുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.