ഫീച്ചർ | അജ്മീറിന്റെ തെരുവുകുഞ്ഞുങ്ങൾക്ക് പുതിയ ജീവിതം നൽകി മലയാളി ടീച്ചർ സുനിൽ ജോസ്

തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്

അജ്മീർ: : രാജസ്ഥാനിലെ സെൻ്റ് അസ്‌ലാം സ്‌കൂളിലെ ഗണിത അധ്യാപകനായ സുനിൽ ജോസ് അജ്മീറിലെ തെരുവിൽ ഭിക്ഷയെടുത്ത് ജീവിച്ച കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി വിദ്യാഭ്യാസം നൽകിയ മൂന്ന് വിദ്യാർത്ഥികൾ ഇന്ന്, – പൂജ ജലോട്ടിയ, അവളുടെ സഹോദരൻ അജയ് ജലോട്ടിയ, ശിഖ വർമ്മ എന്നി വർ ഐ.ഐ. ടി എഞ്ചിനീയർമാരാണ്.

പൂജ ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിൽ എഞ്ചിനീയറാണ്, സഹോദരൻ ഡൽഹി ഐഐടിയിൽ റിസർച്ച് ഫെല്ലോ ആണ്, ശിഖ വർമ്മ ഇപ്പോൾ യുഎസിൽ ജോലി ചെയ്യുന്നു. ഇത് ഈ മൂവരുടെ മാത്രം കഥയല്ല. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ സുനിൽ ജോസ് അജ്മീറിലെ ചേരികളിലെ 543 കുട്ടികൾക്കാണ് പുതുജീവൻ നൽകുന്നത്. ഈ കുട്ടികൾ അവിടെയുള്ള അദ്ദേഹത്തിൻ്റെ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളാണ്.

അജ്മീറിലെ ബൊക്ക, കൽബെലിയ സമുദായത്തിൽപ്പെട്ടവരാണ് പ്രധാനമായും വിദ്യാർഥികൾ. ഇവരിൽ ഭൂരിഭാഗവും ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. താൻ വാങ്ങിയ പഴയ ബസിൽ ഭക്ഷണം എത്തിച്ചാണ് സുനിൽ കുട്ടികളെ തൻ്റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചത്.

ഒരിക്കൽ ഒരു വിവാഹത്തിന് പോയപ്പോൾ മൂന്ന് കുഞ്ഞുങ്ങൾ ആഹാരത്തിൻ്റെ അവശിഷ്ടങ്ങൾ കഴിക്കുന്നതിനു വേണ്ടി അടിപിടികൂടുന്നത് കണ്ട് വളരെ വേദന തോന്നിയ സുനിൽ ജോസ് അവരുടെ അടുത്ത് എത്തുകയും ആ മൂന്ന് കുഞ്ഞുങ്ങളുമായി തൻ്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വെറും മൂന്ന് വിദ്യാർത്ഥികളുമായി അദ്ദേഹം ആരംഭിച്ച പഠനകേന്ദ്രത്തിൽ അദ്ദേഹത്തെ കൂടാതെ 18 അധ്യാപകരുണ്ട്. ഒരു വർഷത്തോളം ബസിൽ തന്നെ സ്ഥാപനം പ്രവർത്തിച്ചു. ഇപ്പോൾ പുതിയ കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്. ‘ഉഡാൻ സൊസൈറ്റി’ എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പേര്. ‘ഉഡാൻ’ എന്നതിന് അക്ഷരാർത്ഥത്തിൽ ടേക്ക് ഓഫ് എന്നാണ് അർത്ഥം, ഇൻസ്റ്റിറ്റ്യൂട്ടും അവരുടെ ജീവിതത്തിൻ്റെ ടേക്ക് ഓഫാണ് ലക്ഷ്യമിടുന്നത്.

കൂരാച്ചുണ്ട് ഏരത്തേൽ വീട്ടിൽ എ സി ജോസഫിൻ്റെയും മേരിയുടെയും മകനാണ് സുനിൽ. ഭാര്യ ഷൈനി രാജസ്ഥാൻ സർക്കാർ സ്‌കൂളിലെ വൈസ് പ്രിൻസിപ്പലാണ്. മകൾ ശ്രേയ മുസ്സൂറിയിൽ ഡോക്ടറും മകൻ അനുപം കാനഡയിൽ എഞ്ചിനീയറുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.