ഭാവന : തൊമ്മിച്ചായന്റെ മാനസാന്തരം | സനിൽ എബ്രഹാം, വേങ്ങൂർ

തൊമ്മി ച്ചായാ ഇന്ന് ആരുടെ വീടാണ് .. മാത്തുകുട്ടിയച്ചായന്റെ വാക്കുകൾക്ക് മുൻപിൽ ഒന്നും മിണ്ടാനാകാതെ തൊമ്മിച്ചായൻ തലകുനിച്ചു നിന്നു … അതെ അങ്ങനെ ചെയ്യാനെ പറ്റു… അതിനൊരു കാരണമുണ്ട്… അതറിയണമെങ്കിൽ ആരായിരുന്നു തൊമ്മിച്ചായൻ എന്നറിയണം….

ഒരു കാലത്തു നമ്മുടെ അമ്മച്ചിമാരും സഹോദരിമാരും കൈ വശം വച്ചിരുന്ന ഒരു മേഖല….അത് തൊമ്മിച്ചായൻ ഏറ്റെടുത്തപ്പോ കിട്ടിയ പ്രതിഫലം..കിട്ടിയപ്പോൾ അതൊരു എട്ടിന്റെ പണിയായി പോയി…
അതെന്താ….
ഇതു കേട്ടിരുന്ന കവലയിലെ പുതിയ താമസക്കാരനായ വർക്കിച്ചൻ ആകാംഷയോടെ മാത്തുക്കുട്ടിയച്ചായനോട് ചോദിച്ചു…. അപ്പോൾ തൊമ്മിച്ചായൻ മനസ്സിൽ പ്രാർത്ഥിച്ചു…
ദൈവമേ മാത്തുകുട്ടി ഇവരോട് എന്റെ ആ കഥ പറയല്ലേ…
എന്നാൽ പ്രാർത്ഥന ഫലം കണ്ടില്ല…മാത്തുകുട്ടി കഥ തുടർന്നു … മറ്റുള്ളവരുട ജീവിതങ്ങളിൽ, കുടുംബങ്ങളിൽ സ്നേഹം നടിച്ചു നുഴഞ്ഞു കയറി.. പിന്നെ ഏഷണിവാക്കുകളാൽ അവരെ തെറ്റിപ്പിക്കുക നാടൻ ഭാഷയിൽ പറഞ്ഞാൽ കുത്തിത്തിരുപ്പു ഉണ്ടാക്കുക.. അതായിരുന്നു ഈ മഹാന്റെ വിനോദം… ഇദ്ദേഹത്തെ വിശ്വസിച്ച പല കുടുംബങ്ങളും ഇദ്ദേഹത്തിന്റെ മഹത്തരമായ ഈ പ്രവർത്തിക്കിരയായിട്ടുണ്ട് … ഇദ്ദേഹത്തിന്റെ തനി സ്വഭാവം മനസിലാക്കുമ്പോഴേക്കും പല കുടുംബങ്ങളും തകർന്നിരുന്നു…അൽപ നേരത്തെ ആനന്ദത്തിനായി അല്ലെങ്കിൽ ഒരു മനസുഖത്തിന് വേണ്ടി ചെയ്തു കൂട്ടിയ ആ കാര്യങ്ങൾ അദ്ദേഹത്തിന് തന്നെ ഒരു വലിയ വിനയായി…. മാത്തുകുട്ടിഅച്ചായൻ തുടർന്നു കൊണ്ടേയിരുന്നു …
എന്നാൽ തന്റെ കഥ കേട്ടുകൊണ്ടിരുന്ന തൊമ്മിച്ചായനു തനിക്കു നേരിടേണ്ടി വന്ന ആ വിന, അത് കേൾക്കുവാനോ ഉൾകൊള്ളുവാനോ കഴിയുമായിരുന്നില്ല …അവിടെ അദ്ദേഹത്തിന് നിന്നു ഓടിപ്പോകണമെന്നുണ്ട്… പക്ഷെ കൈ കാലുകൾ ഒരടി വക്കാൻ ആകുമായിരുന്നില്ല……തൊമ്മിച്ചായൻ വിയർക്കാൻ തുടങ്ങി… വയറിലും തലയിലും പറയാൻ കഴിയാത്ത എന്തോ ഒരു അവസ്ഥ…….വെള്ളം കുടിക്കണം എന്ന് തോന്നൽ…..പക്ഷെ കൈകലുകൾ ചലിപ്പിക്കാൻ പറ്റാതെ,വായ തുറക്കാൻ കഴിയാതെ , ഒന്ന് ഉരിയാടാൻ പോലും ആകാതെ,തൊമ്മിച്ചായൻ ആസ്വസ്ഥനായി….താൻ ചെയ്ത അപരാധം മൂലം തനിക്കു വന്ന ആ  വിന…. അല്ലെങ്കിൽ ആ എട്ടിന്റെ പണി …അത് വളരെ വലുതാണ്…..അതാരും ഇനി പറയരുത്…കേൾക്കരുത്…അറിയരുത്…തൊമ്മിച്ചായന് അത് വളരെ നിർബന്ധമായിരുന്നു.. …അത് പറയുന്നതിൽ നിന്ന് എനിക്ക് മാത്തുകുട്ടിയെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണം… ആ ഉറച്ച തീരുമാനത്തോടെ വാശിയോടെ തൊമ്മിച്ചായൻ കഴിയാവുന്നതിലും ഉപരി ശക്തി സംഭരിച്ചു  ഉറക്കെ കൂവി വിളിച്ചു കൊണ്ട് മാത്തുകുട്ടിയുടെ കഴുത്തിനു കേറി പിടിച്ചു…
ഇല്ല മാത്തുകുട്ടി ഞാൻ സമ്മതിക്കില്ല… ഇനി എന്റെ കഥ ആരോടും പറയാൻ ഞാൻ സമ്മതിക്കില്ല…
തൊമ്മിച്ചായൻ കഴുത്തിനു പിടിച്ചു വച്ചുകൊണ്ടേയിരുന്നു…
എന്നെ വിട് എന്നെ വിട്… എനിക്ക് ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും തൊമ്മിച്ചായൻ പിടി വിടാൻ തയാറായില്ല….
അവസാനം അവരും സർവശക്തിയും ആർജിച്ചു ഒറ്റ ചവിട്ടു തോമ്മിച്ചായന്റെ വയറ് ലക്ഷ്യമാക്കി വച്ചു കൊടുത്തു… അതെ തൊമ്മിച്ചായന്റെ ഭാര്യയായ അന്നമ്മചെടത്തീടെ ആ ചവിട്ടിൽ ദാ കിടക്കുന്നു കട്ടിലിൽ നിന്നും തൊമ്മിച്ചായൻ തലേം കുത്തി താഴെ …..ചവിട്ടിയിടാൻ എടുത്ത അതേ ശക്തിയിൽ തന്നെ അന്നമ്മചെടത്തി കഴുത്തു തിരുമ്മി കൊണ്ട് അലറി …
എന്താ മനുഷ്യ നിങ്ങൾ ഈ കാണിച്ചേ….. പകൽ മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ചതാ ഞാൻ… ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ സമ്മതിക്കില്ലാണ്ട്… നിങ്ങൾ എന്താ ഈ കാണിക്കുന്നേ…
കട്ടിലിൽ നിന്ന് വീണ വേദനയിൽ നടു തടവികൊണ്ട് തൊമ്മിച്ചായൻ തപ്പി തടഞ്ഞു എഴുന്നേറ്റു വീണ്ടും അലറി…
എവിടെ ആ മാത്തുകുട്ടി…
ഇതു കേട്ട അന്നമ്മചെടത്തി തിരിച്ചു ചോദിച്ചു… മാത്തുകുട്ടിയോ അതാരാ… ..
അപ്പോൾ തൊമ്മിച്ചായൻ പതിഞ്ഞ ശബ്ദത്തിൽ … നീ എപ്പോ വന്നു… ഇതെപ്പോഴാ പെട്ടന്ന് ഇരുട്ടായെ….
കാര്യം മനസിലാക്കിയ അന്നമ്മചെടത്തി *അധികം മറുപടിക്കു പോകാതെ* ലൈറ്റ് ഇട്ടപ്പോൾ തൊമ്മിച്ചായന് സ്ഥലകാല ബോധം വന്നു .. അതെ അതൊരു സ്വപ്നം ആയിരുന്നു …

പക്ഷെ തൊമ്മിച്ചായന് അതൊരു നിസാര സ്വപ്നം ആയിരുന്നില്ല…ഒരു പെന്തകൊസ്തു കാരനായി, ദൈവമകനായി സമൂഹത്തിൽ ജീവിക്കുമ്പോഴും താൻ ചെയ്യുന്ന സാത്താന്യ പ്രവർത്തികൾ എത്ര നീചമാണെന്ന് അപ്പോൾ ഓർത്തു…സ്വപ്നം കണ്ടപോലെ തന്നെയല്ലെ ഞാനും…പലരുടെയും സന്തോഷം നഷ്ടപെട്ടതിന് എന്റെ ആ പ്രവർത്തികളും കാരണമായിട്ടില്ലേ … അതെ ഈ സ്വപ്നം ദൈവം കാണിച്ചുതന്നതാണ് ..ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കുടുംബത്തിലേക്ക് അനാവശ്യമായി ഇടപെടുന്നവൻ ആകാതെ, ഒരു ഏഷണി കാരനാകാതെ ദൈവമഹിതത്തിനൊത്തവണ്ണം ജീവിക്കണം… തൊമ്മിച്ചായൻ തീരുമാനമെടുത്തു ..അപ്പോഴും തൊമ്മിച്ചായന്റെ മനസ്സിൽ ഉത്തരം കിട്ടാതിരുന്ന രണ്ടു ചോദ്യങ്ങൾ ഉയർന്നു കൊണ്ടേയിരുന്നു… ഒന്ന്, ആരാണ് ഈ സ്വപ്നത്തിൽ കണ്ട മാത്തുകുട്ടിയച്ചായൻ.. രണ്ട്, എന്താണ് സ്വപ്നത്തിൽ തനിക്കു കിട്ടിയ ആ വിന… അല്ലെങ്കിൽ ആ എട്ടിന്റെ പണി…. അതുംകൂടി സ്വപ്നത്തിൽ കാണിച്ചുതരാമായിരുന്നു… തൊമ്മിച്ചൻ നെടുവീർപ്പെട്ടു വീണ്ടും പ്രാർത്ഥിച്ചു കിടന്നു ഉറങ്ങി…

സനിൽ എബ്രഹാം, വേങ്ങൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.