ജൂത വിവാഹത്തിന് 15 വർഷത്തിനുശേഷം കൊച്ചി സാക്ഷ്യംവഹിച്ചു

കൊച്ചി: ജൂത ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങിന്‌ 15 വർഷത്തിനുശേഷം കൊച്ചി സാക്ഷ്യംവഹിച്ചു. മുന്തിരിവീഞ്ഞ്‌ നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം അണിയിക്കുംമുമ്പ്‌ അവർ ‘കെത്തുബ’ എന്ന വിവാഹ ഉടമ്പടി വായിച്ചുകേട്ടു. പരസ്‌പരം സ്നേഹിച്ച് ആദരിച്ച് ജീവിതാവസാനംവരെ ഭാര്യാഭർത്താക്കന്മാരായി സന്തതികൾക്കൊപ്പം ജീവിക്കാമെന്ന്‌ റബായി (പുരോഹിതൻ) മുമ്പാകെ സത്യം ചെയ്‌തു.

ക്രൈംബ്രാഞ്ച് മുൻ എസ്‌പി ബിനോയ് മലാഖൈ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകളും യുഎസിൽ ഡാറ്റാ സയന്റിസ്റ്റുമായ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻജിനിയറുമായ റിച്ചാർഡ് സാക്കറി റോവുമാണ്‌ കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ ജൂത ആചാരപ്രകാരമുള്ള ചൂപ്പ (മണ്ഡപം) കെട്ടി വിവാഹിതരായത്. കേരളത്തിൽ ജൂതപ്പള്ളിക്കുപുറത്തുനടക്കുന്ന ആദ്യ വിവാഹവും ഇതാണ്. കേരളത്തിൽ സ്ഥിരതാമസമുള്ള ജൂതന്മാർ 25 പേരാണ്. മതപരമായ ചടങ്ങുകൾക്ക്‌ കുറഞ്ഞത് 10 ജൂതരുടെ സാന്നിധ്യം ആചാരപ്രകാരം അത്യാവശ്യമാണ്. കഴിഞ്ഞ 70 വർഷത്തിനിടെ കേരളത്തിൽ ആകെ നടന്നത് നാല്‌ ജൂത വിവാഹങ്ങൾമാത്രമാണ്. 2008 ഡിസംബർ 28നായിരുന്നു അവസാന വിവാഹം.

വിവാഹച്ചടങ്ങുകൾ നടത്താനുള്ള റബായിമാർ അന്ന് കൊച്ചിയിലുണ്ടായിരുന്നു. ഇത്തവണ റബായി ആരിയൽ ടൈസൺ ഇസ്രയേലിൽനിന്നാണ്‌ കൊച്ചിയിലെത്തിയത്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം സംരക്ഷിത പൈതൃകമേഖലകളാണ്. നിയന്ത്രണങ്ങൾ അനുസരിച്ച്‌ വധൂവരന്മാർക്കുപുറമെ വിരലിൽ എണ്ണാവുന്ന ബന്ധുക്കൾക്കുമാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയൂ. ഇക്കാരണത്താലാണ് ജൂതപ്പള്ളിക്കുപുറത്ത്‌ മണ്ഡപം ഒരുക്കി ആചാരപരമായ ചടങ്ങുകൾ മുഴുവൻ അതിഥികൾക്കും കാണാൻ കഴിയുംവിധം സ്വകാര്യ റിസോർട്ടിൽ നടത്താൻ വധുവിന്റെ മാതാപിതാക്കൾ അനുവാദം വാങ്ങിയത്

-Advertisement-

You might also like
Comments
Loading...