മധ്യപ്രദേശില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എതിരെ വ്യാപകമായി കേസുകളെടുക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്നത് ആസൂത്രിതമായ നീക്കങ്ങള്‍. കുട്ടികളെ അവഗണിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് മധ്യപ്രദേശിലെ ഒരു ബിഷപ്പിനെതിരെയും വൈദികനെതിരെയും കേസെടുത്തതിനെ തുടര്‍ന്ന് അവര്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ജബല്‍പൂര്‍ ബിഷപ് ജെരാള്‍ഡ് അല്‍മെയ്ഡയും ഫാ. ജഗന്‍ രാജുമാണ് മുന്‍കൂര്‍ ജാമ്യം അപേക്ഷ നല്‍കിയത്. മാര്‍ച്ച് 20 ന് രൂപതയുടെ കീഴിലുളള ജുന്‍വാനി വില്ലേജിലെ സ്‌കൂളിലും ഹോസ്റ്റലിലും നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടികളെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തത്.

ജബല്‍പൂര്‍ രൂപതയുടെ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാനായതിനാലാണ് ബിഷപ് അല്‍മെയ്ഡ കേസില്‍ പ്രതിയായത്. ഫാ. രാജ് ആ സ്‌കൂളിലെ ട്രഷററാണ്. സ്‌കൂളില്‍ നടത്തിയ റെയ്ഡില്‍ നേരത്തെ പ്രിന്‍സിപ്പല്‍ നാം സിംഗ് യാദവിനെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു. അദ്ദേഹത്തിനുപുറമെ, മറ്റൊരു വൈദികനും കന്യാസ്ത്രിയും ഒരു സ്റ്റാഫും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. തുടര്‍ന്നാണ് ബിഷപ്പിനും വൈദികര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് പോലീസ് ചാര്‍ജ് ചെയ്തത്.

പ്രിന്‍സിപ്പലിനെതിരെ പീഡനക്കേസായിരുന്നു ചാര്‍ജ് ചെയ്തത്. അതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് സമരത്തിനിറങ്ങിയിരുന്നു.
മധ്യപ്രദേശിലെ മണ്‌ല ജില്ലയിലെ മറ്റൊരു സ്‌കൂളിലെ വൈദികനായ ഫാ. സിബി നിരപ്പേലിനെതിരെ കുട്ടികളെ ജോലി ചെയ്യിപ്പിച്ചുവെന്നും മതപരിവര്‍ത്തനകുറ്റവുമാണ് ആരോപിച്ച് കേസെടുത്തിരുന്നു. തദ്ദേശിയരായ കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നടത്തുകയാണ് ഫാ. സിബി. ഈ രണ്ട് സംഭവങ്ങളിലും ചൈല്‍ഡ് റൈറ്റ്‌സ് പാനല്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് കേസുകളുടെ ആരംഭം.

മധ്യപ്രദേശില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ഏറിവരുകയാണ്. ഗ്വാളിയോര്‍ രൂപതയിലെ സെന്റ് മേരീസ് സ്‌കൂളിലെ പ്രിന്‍സിപ്പലിനെ വിവിധ കുറ്റങ്ങളാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. മാര്‍ച്ച് 28 നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അറസ്റ്റിനെത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ല.

പാവപ്പെട്ടവരും നിരാലംബരുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നതിനെതിരെ മനപൂര്‍വ്വം കേസുകളെടുക്കുകയാണ്. റെയ്ഡും പരിശോധനകളുമൊക്കെ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന നാടകങ്ങളാണെന്ന് സഭാധികാരികള്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading