ദുബൈയിൽ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു.

KE NEWS DESK | U.A.E

ദുബായ് : ദേര ഫ്രിജ് മുറാറില്‍ കെട്ടിടത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികളടക്കം 16 പേര്‍ മരിച്ചതായി റിപോര്‍ട്. മലപ്പുറം വേങ്ങര സ്വദേശിയായ റിജേഷ് (38), ഭാര്യ ജഷി (32) എന്നിവര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുബൈ കെ എം സി സി പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ 16 മൃതദേഹങ്ങള്‍ ദുബൈ പോലീസ് മോര്‍ച്ചറിയില്‍ എത്തിച്ചിരിക്കുന്നതായാണ് അവിടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മരിച്ചവരില്‍ കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെട്ടതായാണ് റിപോര്‍ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.35 മണിയോടെയാണ് നിരവധി മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ തീപ്പിടിത്തമുണ്ടായത്. ആറു മിനിറ്റിനകം തന്നെ സ്ഥലത്തെത്തിയ ദുരന്ത നിവാരണ സേന 2.42 മണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പലരെയും കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുക പടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം.
കെട്ടിട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് വ്യക്തമാക്കി. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading