എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 9 ന്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒമ്പതിന്‌ ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയുടെയും 10ന്‌ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി. എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്‌, ട്രഷറി ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച അവസാനവട്ട അവലോകനം നടത്തി.

എസ്‌എസ്‌എൽസിക്ക്‌ 2960 കേന്ദ്രത്തിലായി 4,19,363 പേരാണ്‌ പരീക്ഷ എഴുതുന്നത്‌. 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേർ തമിഴിലും 2041 പേർ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസിലാണ് കൂടുതൽ വിദ്യാർഥികൾ എഴുതുന്നത്–– 1876 പേർ. കുറവ് മൂവാറ്റുപുഴ രണ്ടാർക്കര എച്ച്‌എംഎച്ച്‌എസിൽ. അവിടെ ഒരു വിദ്യാർഥിയേ ഉള്ളൂ. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ്–- 77,989 പേർ. കുറവ് പത്തനംതിട്ടയിലും–– 10,218 പേർ. കൂടുതൽ പേർ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്–– 27,328 പേർ. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ–- 2003 പേർ. 2,13,802 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്‌ എഴുതുന്നത്‌. സർക്കാർ സ്‌കൂളുകളിൽനിന്ന്‌1,40,704 പേരും എയ്ഡഡ് സ്കൂളിൽനിന്ന് 2,51,567 പേരുമുണ്ട്‌. അൺ എയ്ഡഡ് സ്കൂളിൽനിന്ന് 27,092 പേരുമുണ്ട്‌. 29 വരെയാണ്‌ എസ്‌എസ്‌എൽസി പരീക്ഷ.

ഹയർ സെക്കൻഡറിക്ക്‌ 2023 പരീക്ഷാകേന്ദ്രത്തിലായി 4,42,028 പേരാണ്‌ എഴുതുന്നത്‌. പ്ലസ്‌ വണ്ണിന് 4,24,978 പേരാണുള്ളത്‌. കൂടുതൽ പേർ മലപ്പുറത്താണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണിന് 78,824 പേരും. പ്ലസ്‌ ടുവിന്‌ കുറവ് വയനാട്ടിലും (11,178 പേർ) പ്ലസ് വണിന് കുറവ് ഇടുക്കിയിലുമാണ്‌ (10,700 പേർ). 30 വരെയാണ് ഹയർസെക്കൻഡറി പരീക്ഷകൾ.

പ്ലസ് ടുവിന്‌ 2,17,028 പെൺകുട്ടികളും 2,25,000 ആൺകുട്ടികളുമുണ്ട്‌. പ്ലസ് വണ്ണിന്‌ 2,11,436 പെൺകുട്ടികളും 2,13,542 ആൺകുട്ടികളുമാണ്‌ പരീക്ഷ എഴുതുന്നത്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.