നിരീക്ഷണം: ആസ്ബെറിയിലെ ഉണർവ്വും ഒരു മധ്യതിരുവിതാംകൂർ പെന്തക്കോസ്തുകാരനും | ജോൺസൻ വെടികാട്ടിൽ

കെന്റക്കിയിലെ ആസ്ബെറിയിൽ സെമിനാരിയിൽ നടക്കുന്ന കാര്യങ്ങളിൽ ലേഖകൻ സന്തോഷവാനാണ്, ലോകത്തു എവിടെ ഉണർവ് നടന്നാലും പ്രത്യേകിച്ച് അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ ഉണർവ് നടക്കുമ്പോൾ സന്തോഷിക്കുന്ന ഒരു ചെറിയ മനസ് എനിക്കുമുണ്ട്. ആസ്ബറിയിലെ അനുഗ്രഹീത ശുശ്രൂഷ ഇങ്ങു ദുബായിൽ ഇരുന്നു ചെറിയ ചെറിയ വീഡിയോ ക്ലിപ്പുകളിലൂടെ കാണുമ്പോൾ സന്തോഷം കൊണ്ട് എന്റെയും ഉള്ളം തുടിക്കുന്നു.

എങ്കിലും ഇതൊരു ചെറിയ നിരീക്ഷണ കുറുപ്പാണ്, ഒരു മധ്യതിരുവിതാംകൂർ പെന്തെക്കോസ്ത് വിശ്വാസിയുടെ സാധാരണ ചിന്തകൾ മാത്രം.

മധ്യ തിരുവതാംകൂർ ഭാഗത്തുള്ള ഒരു ശരാശരി പെന്തെക്കോസ്തു സംബന്ധിച്ചിടത്തോളം ഉണർവിന്റെ പ്രത്യക്ഷ ലക്ഷണം എന്നത് ഡിജെ പാർട്ടികളെ പോലും നാണിപ്പിക്കുമാറ് വാദ്യ മേളത്തിന്റെ അകമ്പടിയോടെ അവ്യക്തമായി പറയുന്ന അന്യഭാഷാ ഭാഷണം ആണ്. ആസ്ബെറി അത് തിരുത്തി കുറിക്കുകയാണ്

ആസ്ബറിയിൽ അന്യഭാഷകളുടെ കോലാഹലം കേൾക്കാനില്ല!

പലപ്പോഴും ലേഖകൻ മനസുകൊണ്ട് ആഗ്രഹിക്കാറുണ്ട്, അന്യഭാഷയുടെ ബഹളം ഇല്ലാത്ത ഒരു യോഗത്തിൽ ശാന്തമായി സംബന്ധിക്കുവാൻ. നിർഭാഗ്യവശാൽ അതിനു അവസരങ്ങൾ നന്നേ കുറവാണ്. തിരുവചനത്തിൽ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രം എഴുതപ്പെട്ടിട്ടുള്ള അതിശ്രേഷ്ഠ കൃപാവരങ്ങളിൽ ഒന്നാണ് അന്യഭാഷ. ഭാഷാവരവും അന്യഭാഷ പ്രഘോഷണവും രണ്ടും രണ്ടാണെന്നും ഒന്നാണെന്നുമൊക്കെ വാദം ഉണ്ടെങ്കിലും എന്റെ വിഷയം അതല്ല, സഭകളിലെ അന്യഭാഷ പ്രഭാഷണം കൊണ്ട് ആർക്കു എന്ത് പ്രയോജനം?

അന്യഭാഷയിൽ സംസാരിക്കുന്നവർ ദൈവത്തോട് സംസാരിക്കുന്നു, അന്യഭാഷയിൽ സംസാരിക്കുന്നവൻ സ്വയം ആത്മീക വർദ്ധനിവിനായി സംസാരിക്കുന്നു. സഭയുടെ പൊതുവായ ആത്മീക വർദ്ധനവിന് പ്രയോജനം ഉണ്ടാക്കാത്ത അന്യഭാഷ പ്രഘോഷങ്ങളുടെ അതിപ്രസരം നമ്മുടെ പല ആരാധന യോഗങ്ങളെയും അലങ്കോലമാക്കുന്നു എന്നതാണ് സത്യം. അന്യഭാഷയിൽ സംസാരിക്കുന്നവൻ വീട്ടിൽ പ്രാർഥനാമുറിയിൽ ദൈവത്തോട് സംസാരിക്കട്ടെ, അത് മറ്റുള്ളവരുടെ മുൻപിൽ വേണമെന്നില്ലല്ലോ. വചനപ്രകാരം സഭയിൽ ഏറ്റവുമധികം വെളിപ്പെടെണ്ട കൃപാവരം പ്രവചനവരമാണ്. ഹൃദയ ശുദ്ധി ഉള്ളവർ ദൈവത്തെ കാണും എന്നതല്ലേ വചനം.

അസ്ബറിയിൽ തല മറയ്ക്കപെട്ട വനിതകളെ കാണാനില്ല; അതും ആഭരണധാരികൾ!

പുതിയ നിയമ സഭയ്ക്ക് കൽപ്പിച്ചു കൊടുത്ത നിരവധി ഉപദേശ വിഷയങ്ങൾ ഉണ്ട്. കർത്താവായ യേശു ക്രിസ്തു ഉപദേശിച്ചിട്ടുണ്ട്, ആദ്യ സഭ പഠിപ്പിച്ചിട്ടുണ്ട്, ശിഷ്യന്മാർ പ്രസംഗിച്ചിട്ടുണ്ട്. എന്നിരുന്നാലും, പല കാലഘട്ടത്തിൽ കൂടെയും സംസ്കാരത്തിൽ കൂടെയും സഞ്ചരിച്ചു വന്ന സഭയിൽ സമൂഹത്തിൽ നിന്നും കൊള്ളാവുന്നതും അല്ലാത്തതുമായ പലവിധമായ അനുഷ്ഠാനങ്ങൾ ആചാരങ്ങളായും അനാചാരങ്ങളായും കടന്നു കൂടിയിട്ടുമുണ്ട്. സ്ത്രീകൾ തലയിൽ മൂടുപടമിടേണ്ടിയതിന്റെ ആവശ്യകതയും അപ്പോസ്തലനായ പൗലോസ് സമൂഹത്തിൽ നിന്നും കടംകൊണ്ട നല്ല ഒരാശയമാണ്. പക്ഷേ, ഒരു ദൈവീക പ്രവർത്തി വെളിപ്പെടുന്നതിനു ഇത്തരം ബാഹ്യ പ്രവർത്തികൾ ഒരു നിതാന്തമല്ല എന്ന് നിരവധി സന്ദർഭങ്ങളിൽ കൂടി പരിശുദ്ധാത്മാവ് നമ്മുടെ ദൃഷ്ടിയിൽ വെളിപ്പെടുത്തി തന്നിട്ടുമുണ്ട്. ലേഖകന്റെ അഭിപ്രായത്തിൽ തലയിൽ മൂടുപടം ഇടുന്നത് നന്ന്, പക്ഷേ ഒരാൾക്ക് മറിച്ചാണ് താൽപ്പര്യം എങ്കിൽ അത് ഒരു ദൈവ ദോഷമല്ല.

ആഭരണധാരണ വിഷയത്തിലും ലേഖകന് മറിച്ചൊരു അഭിപ്രായമില്ല. തിരുവചനത്തിൽ നിന്നും ഒരു തെളിവും നൽകുവാൻ സാധിക്കാത്ത മാനുഷീക ഉപദേശമാണ് ആഭരണ വർജ്ജനം. ഇത്തരം പഠിപ്പിക്കലുകൾ ഏറ്റവും പ്രബലമായി നിലനിൽക്കുന്ന ഭൂപ്രദേശം കേരളത്തിലെ മധ്യതിരുവിതാംകൂർ മേഖല മാത്രമാണ്. സഹോദരന് ഇടർച്ച ഉണ്ടാകാതിരിക്കുവാൻ ആവശ്യമെങ്കിൽ ഭക്ഷണം പോലും വർജിക്കുവാൻ അപ്പോസ്തലനായ പൗലോസ് നമ്മളെ പഠിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇവയൊക്കെ പുതിയ നിയമ സഭയുടെ ഉപദേശമായി ജനങ്ങളിൽ അടിച്ചേൽപ്പിക്കുമ്പോൾ ആണ് അത് മാനുഷീകമാകുന്നത്.

ഏകാനാമ ആരാധനയുടെയും സ്തുതിയുടെയും അതിപ്രസരം

ഇംഗ്ലീഷ് ഗാനങ്ങളിലെ ഏറ്റവും ആകർഷണീയമായ കാര്യം മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ദൈവ സ്തുതികളാണ്. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും വളരെ മനോഹരമായി ചിത്രീകരിക്കുന്നതും സ്തുതികരേറ്റുന്നതുമായ നിരവധി പാശ്ചാത്യ ഗാനങ്ങൾ ഉണ്ട്. പക്ഷേ, ക്രിസ്തീയ മലയാള ഗാനങ്ങളിൽ കൂടുതലും (പ്രത്യേകിച്ച് പുത്തൻ ഗാനങ്ങൾ) യേശുവിന് മാത്രം മഹത്വം കൊടുക്കുന്ന യേശു നാമ സ്തുതിയുടെ അതിപ്രസരം കൂടുതലായി കാണാം. നമ്മുടെ സ്റ്റേജ് വർഷിപ് ലീഡേഴ്സിനെ ശ്രദ്ധിച്ചാലും യേശുനാമ സ്തുതിയുടെ ബ്രാൻഡ് അംബാസഡർമാരായണ് പലപ്പോഴും ആരാധനകൾ നയിക്കുന്നത്. വൺനെസ് എന്ന ദുരുപദേശ ഉപദേശത്തിന്റെ സ്വാധീനം നമ്മൾ അറിയാതെ പോലും നമ്മളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

നിർഭാഗ്യവശാൽ നമ്മുടെ മിക്കവാറും സഭകളിലെ യോഗങ്ങളിലും പിതാവായ ദൈവത്തെ പരാമർശിക്കുന്നത് ആശിർവാദ സമയത്ത് മാത്രമാണ്. പിതാവിനും പുത്രനും പരിശുദ്ധ റൂഹായിക്കും സ്തുതി കരേറ്റാത്ത ഒരു ആരാധന യോഗവും പൂർണമാകുന്നില്ല എന്നാണ് ലേഖകന്റെ വിലയിരുത്തൽ.

ആസ്ബെറിയിൽ മാത്രമല്ല, ഉണർവിന്റെ അഗ്നി നാളം ലോകത്തിന്റെ അഞ്ചു വൻകരകളിലും കത്തിപ്പടരട്ടെ. കേരളത്തിലും അതി ശക്തമായ ഒരു ഉണർവിന്റെ മഴയുടെ കൈപ്പത്തി നമ്മൾക്ക് ഉടനെ കാണാം എന്ന് പ്രത്യാശിക്കുന്നു. പാരമ്പര്യ ചിന്തകൾ തച്ചുടയെപ്പെടട്ടെ, സഭാ സമുദായ വ്യത്യാസമെന്യേ ത്രിയേക ദൈവത്തിനു സ്തുതി കരേറ്റുവാൻ ജന സാഗരങ്ങൾ ഒഴുകി വരുന്നത് വിശ്വാസത്താൽ നമ്മുക്ക് ദർശിക്കാം.

അന്ത്യകാലത്ത് ഞാൻ സകല ജഡത്തിൽമേലും എന്റെ ആത്മാവിനെ പകരും എന്നത് മാറ്റമില്ലാത്ത ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്‌ദത്തമാണ്. ഉണർവിനായി ഒരുങ്ങാം, നമ്മളെ ഒരുക്കാം.

ജോൺസൻ വെടികാട്ടിൽ 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.