ലേഖനം: ഊർജ്ജദായകമാകട്ടെ വാക്കുകൾ | ഡെല്ലാ ജോണ്‍

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ഇറ്റാലിയൻ കവിയും ചിത്രകാരനുമായിരുന്നു ഡാന്റേ റൊസെറ്റി. ഒരിക്കൽ ഒരു വൃദ്ധൻ കുറേ ചിത്രങ്ങളുമായി അദ്ദേഹത്തെ സമീപിച്ചു. തന്റെ കൈവശമുള്ള ചിത്രങ്ങൾ കൊള്ളാവുന്നവയാണോ എന്നറിയുകയായിരുന്നു ആഗതന്റെ ലക്ഷ്യം. റൊസെറ്റി വളരെ താല്പര്യപൂർവ്വം ആ വയസ്സനെ സ്വീകരിച്ചിരുത്തി. ഒരു സെറ്റ് ചിത്രങ്ങൾ അയാൾ റൊസെറ്റിയുടെ യുടെ മുൻപിൽ നിരത്തി. റൊസെറ്റി ആ ചിത്രങ്ങൾ എടുത്ത് മാറിമാറി നോക്കി. ഒറ്റനോട്ടത്തിൽ അത്ര മോശമല്ലാത്ത ചിത്രങ്ങൾ ആയിരുന്നു അവയെങ്കിലും മാർക്കറ്റിൽ വിൽക്കാൻ മാത്രം മൂല്യമുള്ളതായിരുന്നില്ല അവ.റോസെറ്റി അക്കാര്യം വൃദ്ധന് വിഷമം തോന്നാത്ത രീതിയിൽ പറയുകയും ചെയ്തു.

റൊസെറ്റി ചിത്രങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൃദ്ധൻ സ്വീകരിക്കുന്നത് പോലെ തോന്നി. അയാൾ വേറൊരു സെറ്റ് ചിത്രങ്ങൾ റൊസെറ്റിയുടെ മുന്നിൽ വെച്ചിട്ട് പറഞ്ഞു ചെറുപ്പക്കാരനായ ഒരു ചിത്രകാരൻ വരച്ച ചിത്രങ്ങളാണിവ.ഇവയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.

റൊസെറ്റി താല്പര്യപൂർവ്വം രണ്ടാമത്തെ സെറ്റിൽപ്പെട്ട ചിത്രങ്ങൾ എടുത്തു നോക്കി.എന്നിട്ട് പറഞ്ഞു, ഇവ നല്ല ചിത്രങ്ങളാണ്. ഇവ വരച്ച ചെറുപ്പക്കാരൻ പ്രതിഭാശാലിയാണ്. അയാൾക്ക് നല്ല ഭാവിയുണ്ട്. പരിശ്രമിക്കുകയാണെങ്കിൽ അയാൾ ഒരു മഹാനായ ചിത്രകാരനായി മാറും. റൊസെറ്റിയുടെ വാക്കുകൾ കേട്ടപ്പോൾ ആ വൃദ്ധൻ ശരിക്കും കരഞ്ഞുപോയി. അക്കാര്യം ശ്രദ്ധിച്ച റൊസെറ്റി ചോദിച്ചു ആരാണ് ഈ ചെറുപ്പക്കാരൻ?നിങ്ങളുടെ പുത്രനാണോ?അല്ല.ആ വയസ്സൻ പറഞ്ഞു.ഈ ചിത്രങ്ങൾ വരച്ച ചെറുപ്പക്കാരൻ ഞാൻ തന്നെയാണ്. പക്ഷേ ഇതുവരച്ചത് 50 വർഷം മുമ്പാണ് എന്നു മാത്രം. അന്ന് ഒരു നല്ല വാക്ക് പറഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ആരും ഉണ്ടായില്ല. അതുകൊണ്ട് പെട്ടെന്ന് മനസ്സ് മടുത്തു.ഞാൻ ചിത്രരചന ഉപേക്ഷിച്ചു. പിന്നീട് അടുത്തകാലത്താണ് ഞാൻ വീണ്ടും ചിത്രരചന നടത്തിയത്.അങ്ങനെ ഞാൻ വരച്ച ചിത്രങ്ങളാണ് അങ്ങയെ ആദ്യം കാണിച്ചത്.

പ്രിയ വായനക്കാരെ..വാക്കുകൾക്ക് ഏറെ ശക്തിയുണ്ട്. അവ ഊർജ്ജദായകങ്ങളാണ്.ശരിയായ സമയത്ത് ശരിയായ രീതിയിൽ ഉപയോഗിക്കുന്ന ശരിയായ വാക്കുകൾ അതിശയകരമാണ്. മറ്റുള്ളവരെ കുറിച്ച് ഒരു നല്ല വാക്ക് പറയുമ്പോൾ അവരിലെ നന്മയെ ഉണർത്തുന്നു.അവരുടെ ഊർജ്ജം വർദ്ധിക്കുന്നു.അനുശോചന പ്രസംഗങ്ങളേക്കാൾ എന്നും പ്രസക്തി അനുമോദന വാക്കുകൾക്കാണ്. ഒരാളിലെ നന്മയെ കുറിച്ച് പറയുവാൻ അയാളുടെ മരണംവരെ കാത്തിരിക്കേണ്ടതില്ല.

നിത്യജീവിതത്തിലെ മത്സര ഓട്ടങ്ങൾക്കിടയിൽ കരുതലില്ലാത്ത വാക്കുകൾ പറഞ്ഞ് എത്രയോ ഹൃദയങ്ങൾ മുറിവേൽക്കുന്നു. നമ്മുടെ സംസാരത്തെ മറ്റുള്ളവർ എന്തിനോട് താരതമ്യപ്പെടുത്തും? ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?വാളുകൊണ്ട് കുത്തും പോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട് എന്നു മഹാജ്ഞാനിയായ സോളമൻ ഒരു സ്ഥലത്തു പറയുമ്പോൾ തന്നെ തക്ക സമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിലെ പൊൻ നാരങ്ങപോലെ എന്നു കൂടി മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്.

എന്തുകൊണ്ട് നമുക്കും നല്ല വാക്കുകൾ തെരഞ്ഞെടുത്തു കൂടാ? വാക്കുകൊണ്ടോ നോട്ടം കൊണ്ടോ സാന്നിധ്യം കൊണ്ടോ പെരുമാറ്റം കൊണ്ടോ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകാൻ ശ്രമിച്ചു കൂടാ??

മ്മുടെ പ്രോത്സാഹനത്തിൽ തളിർക്കാൻ കാത്തിരിക്കുന്നവർ ഉണ്ടെന്ന് മനസ്സിലാക്കുക അവർക്ക് അഭിനന്ദനങ്ങൾ, പ്രോത്സാഹനങ്ങൾ നൽകുക,ചെറിയ പ്രോത്സാഹനത്തിന് പോലും ഒരുവനിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.

യേശുവിന്റെ വാക്കുകളെ കുറിച്ച് ലാവണ്യ വാക്കുകൾ എന്നാണ് ബൈബിൾ പറയുന്നത്. ആ വാക്കുകൾ ക്ഷീണിച്ചിരിക്കുന്നവരെ ശക്തിപ്പെടുത്തി. ബലഹീനർക്ക് ബലമായി. തളർന്നു പോയവർക്ക് താങ്ങായി തീർന്നു.നമ്മുടെ വാക്കുകളും അപ്രകാരം കൃപയോടു കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതുമാകട്ടെ….

-ADVERTISEMENT-

-ADVERTISEMENT-

You might also like