ലേഖനം: കഷ്ടപ്പെട്ടവനറിയാം നഷ്ടപ്പെടിലിന്റെ വേദന | രാജൻ പെണ്ണുക്കര

ശലോമോൻ രാജാവിന്റെ മുന്നിൽ നിൽക്കുന്ന രണ്ട് സ്ത്രീകളുടെ അത്യപൂർവ്വവും വിചിത്രവുമായ പരാതിയും (1 രാജാ 3:16-28), തുടർന്നുണ്ടായ രാജാവിന്റെ വിധിന്യായത്തിലെ പ്രധാന പരാമർശങ്ങളും വളരെ ചിന്തനീയവും വിലപ്പെട്ടതും ഒത്തിരി ഗുണപാഠങ്ങൾ പഠിപ്പിക്കുന്നതുമാണ്.

“ഒരു വാൾ കൊണ്ടുവന്ന് ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു. ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു”.

ഇവിടെ പ്രതിപാധിക്കുന്നത് അഹിംസ, ഹിംസ എന്നൊക്കെ പെരുവിളിക്കാവുന്ന രണ്ടു വ്യക്തികളുടെ സ്വഭാവം ആണെന്ന് തോന്നി പോകുന്നു. അതിൽ മറ്റവൾക്ക് ഈ കുഞ്ഞ് അവളുടെതല്ലായെന്ന് നന്നായി അറിയാമെങ്കിലും ഞാൻ തിന്നുകയുമില്ല നിന്നെ തിന്നാനൊട്ടും അനുവദിക്കയുമില്ല എന്ന പഴഞ്ചൊല്ല് പോലെയുള്ള മനോഭാവമാണ് വെളിപ്പെടുത്തുന്നത്.

എന്നാൽ രാജകല്പന വന്ന ശേഷം ഇതെന്റേത് എന്റേതെന്ന് അവകാശവാദം ഉന്നയിച്ചവരുടെ യഥാർത്ഥ മുഖം വെളിപ്പെടുന്നതും അവരുടെ മൂടുപടം അഴിഞ്ഞു വീഴുന്നതും കണ്ടില്ലേ! ഇത്രയുമേയുള്ളൂ ഈ കാണിക്കുന്ന സ്നേഹപ്രകടനത്തിന്റെയും പ്രഹസനങ്ങളുടെയും തനിനിറം എന്ന് നാം തിരിച്ചറിയണം.

നൊന്തു പ്രസവിച്ചവൾക്കല്ലേ അറിയൂ പ്രസവവേദന അല്ലാതെ അമ്മചമയുന്നവർക്ക് അറിയില്ലല്ലോ ആ വേദന!. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ലല്ലോ എന്ന ചൊല്ല് ഇവിടെ അന്വര്‍ഥം ആകുന്നില്ലേ. എന്നാൽ ഇവിടെ നൊന്തുപേറ്റ ഒരമ്മയുടെ നിലവിളിയും ‘അതിനെ അവൾക്കു കൊടുത്തുകൊൾവിൻ” എന്ന വേദനനിറഞ്ഞ ത്യാഗത്തിന്റെ വാക്കുകൾ കൂടി ശ്രദ്ധിക്കാതെ പോകരുത്. അങ്ങനെ ആർക്ക് പറയുവാൻ സാധിക്കും. അതാണ് നൊന്തു പെറ്റതിന്റെ സ്നേഹവും മൂല്യവും. അവൾക്ക് കുഞ്ഞിനെ നഷ്ടമായാലും സാരമില്ല പക്ഷെ എന്റെ കുഞ്ഞിനെ കൊല്ലുവാൻ ഒരിക്കലും അനുവദിക്കില്ല. അതായിരിക്കണം ത്യാഗവും, വിട്ടുവീഴ്ച്ച മനോഭാവവും. അങ്ങനെ വിട്ടുവീഴ്ച്ചയും ത്യാഗവും ചെയ്തു സകലതും ഉപേക്ഷിച്ചും വിട്ടുകൊടുത്തും പടിയിറങ്ങുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്.

അതേ, ഗർഭംധരിച്ച ആ നിമിഷം മുതൽ ഒൻപതുമാസവും ഒൻപതുദിവസവും ഒൻപതു വിനാഴിക വരെയും അവൾ ചുമന്നു നടന്ന ഭാരവും, അവൾ സഹിച്ച തൊഴിയുടെ വേദനയും കഷ്ടപ്പാടും, ആകാംഷയും നൊന്തു പ്രസവിച്ച ഒരമ്മക്ക് മാത്രമേ അറിയുകയുള്ളു. അതെത്ര പറഞ്ഞാലോ വിവരിച്ചാലോ, വർണ്ണിച്ചാലോ മറ്റുള്ളവർക്ക് ഗ്രഹിക്കുവാനോ അമ്മയായി അഭിനയിക്കുന്നവർക്കോ ലേശം പോലും മനസ്സിലാകില്ല. അതല്ലേ കുഞ്ഞിനെ പിളർക്കുവാൻ കല്പിച്ചപ്പോൾ അന്തരീക്ഷത്തിൽ മറ്റൊലികൊണ്ട അരുതേ എന്ന് അലറിവിളിയുടെ അർത്ഥം. ആ സമയത്തേ മറ്റേവളുടെ മുഖഭാവവും “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ” എന്ന ചിന്താഗതിയും ശ്രദ്ധിക്കുക. ഇന്നും ഇങ്ങനെയുള്ള ചിന്താഗതിക്കരേ എല്ലാമേഖലയിലും കാണുന്നില്ലേ.

ഇവിടെ യഥാർത്ഥ അമ്മ പറഞ്ഞപോലെ “അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അല്ലെങ്കിൽ വെട്ടിനുറുക്കല്ലേ, തകർത്തു കളയരുതേ എന്നു പറഞ്ഞു സകലതും വിട്ടുകൊടുത്ത് അവൾ പടിയിറങ്ങിയാൽ അത് യഥാർത്ഥ അമ്മയുടെ തോൽവിയല്ല മറിച്ച് കൊല്ലുന്നതും തകരുന്നതും പിളരുന്നതും രക്തം വാർന്നൊഴുകുന്നതും കാണുവാൻ ത്രാണിയില്ലാത്ത മാതാവിന്റെ ശുദ്ധവും നിർമ്മലവുമായ മനസ്സിന്റെ ജയമാണെന്ന സത്യം കുറികൊൾക. സ്വർഗ്ഗം മാർക്കിടുന്നത് അങ്ങനെയുള്ള ത്യാഗമനോഭാവത്തിനാണെന്ന സത്യം മറക്കരുത്.

തൊഴിൽ എന്തും ആകട്ടെ, പക്ഷെ അവർ പരസ്പരം അറിയാവുന്നവരും ഒരു വീട്ടിൽ പാർത്തവരും, കൂടെ നടന്നവരും, സഹകരിച്ചവരും ആയിരുന്നു എന്നതല്ലേ സത്യം. ഒരുമിച്ചു സഹകരിച്ചവരും, ഒരു പത്രത്തിൽ നിന്നും കഴിച്ചവരും, ഒരു പായിൽ ഉറങ്ങിയവരും, ഒരപ്പത്തിന്റെയും പാനപാത്രത്തിന്റെയും പങ്കാളികൾ ആയവരും സ്നേഹചുംബനം എന്ന പേരിൽ വ്യാജചുംബനം കൊടുത്തവരും എണ്ണമില്ല നന്മകൾ അനുഭവിച്ചവരും അങ്ങനെയൊക്കെ ചെയ്യുമ്പോൾ ആണ് സഹിക്കാൻ കഴിയാതെ പോകുന്നത്. ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലേ “ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ നാം ജയിച്ചെന്നു വരാം… പക്ഷേ ചങ്ങാതിയെ പോലെ പെരുമാറി കൂടെ നടന്ന ചതിയനായ മിത്രത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഉറപ്പായും നാം തോറ്റുപോകും”.

അതേ സ്വാർത്ഥ താല്പര്യങ്ങൾക്കായി, സ്വന്തനേട്ടങ്ങൾക്കായി എന്തും ചെയ്യാൻ മടിക്കാതെയും നൊന്തു പ്രസവിച്ചവളെയും, കഷ്ടപ്പെട്ടവനെയും തിരിച്ചറിയാതെയും അവരെ ബദ്ധശത്രുക്കളുടെ ഗണത്തിൽ പെടുത്തി നിഗ്രഹിക്കാൻ പോലും മടികാണിക്കാത്തവരുടെ സമൂഹത്തിൽ അല്ലേ നാം ജീവിക്കുന്നത്. ശരിയല്ലേ, കഷ്ടപ്പെട്ടവർക്കല്ലേ അറിയൂ അവർ ഒരിക്കൽ അനുഭവിച്ച വേദനയുടേയും ഒഴുക്കിയ കണ്ണുനീരിന്റെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും ചൂടും വിലയും, അതിനുവേണ്ടി കൊടുത്ത മൂല്യത്തിന്റെ അളവും കണക്കും മറ്റും. ഉടച്ചതിൽ ഒരുമുറി തിന്നുന്നവന് ഇതൊന്നും ഒരു വിഷയമേയല്ല എന്നതല്ലേ സത്യം.

പട്ടിണി കിടന്ന് ഉറുമ്പ് ധാന്യം ശേഖരിച്ചു വെക്കുന്നപോലെ ദൂർത്തടിച്ചുകളയാതെയും അനാവശ്യ ചിലവുകൾ ഒഴിവാക്കിയും ഓരോ ചില്ലിക്കാശും ശേഖരിച്ചുവെച്ച് സഭയേയും കുടുംബത്തേയും പ്രസ്ഥാനത്തെയും വളർത്തിയവനും താങ്ങി നിർത്തിയവനും മാത്രമേ അറിയൂ ത്യാഗത്തിന്റെയും പട്ടിണിയുടേയും പ്രയത്നത്തിന്റെയും യഥാർത്ഥ വില. അല്ലാതെ ചില ദൂർത്തമക്കൾക്കും ഇന്നലെ കയറിവന്ന് ഞങ്ങളുടേത് എന്ന് അവകാശവാദം ഉന്നയിക്കുന്ന ആർക്കും തന്നേ മനസ്സിലാകില്ല മനസ്സിലാക്കാനും പോകുന്നില്ല, കാരണം അവർ കഷ്ടപ്പാട് അറിഞ്ഞിട്ടില്ല, കൂടാതെ അവർ അപ്പന്റെ കഷ്ടപ്പാട് കണ്ടിട്ടുമില്ല. അവർ വന്നുകയറിയപ്പോൾ എല്ലാം സുഭിക്ഷിതം. മാത്രവുമല്ല അവർക്കൊക്കെ സബാഷ് നേടാനും വലിയ ക്രെഡിറ്റുകിട്ടാനും, സ്വയം പേര് സാമ്പാദിക്കാനും കഷ്ടപെടാത്തത് എങ്ങനെ ചിലവഴിച്ചാലും, നഷ്ടമാക്കി കളഞ്ഞാലും, പിളർന്നാലും, പിളർത്തിയാലും, കഷ്ടപെട്ടവനെ പുറമ്പോക്കിൽ എറിഞ്ഞു കളഞ്ഞാലും, പുറത്താക്കിയാലും വിഷയം അല്ലേ അല്ല കാരണം അവരുടെ ഉദ്ദേശം വേറെയാണ്.

കൈയ്യിൽ ഉണ്ടായിരുന്നത് കൈവിട്ടുപോകുന്ന അഥവാ നഷ്ടമാകുന്ന സ്ഥിതിയിൽ വരുമ്പോൾ എല്ലാവരും ആദ്യമായി ചെയ്യുന്നത് “താൻ കഷ്ടപെടത്തതും അധ്വാനിക്കാത്തതും” എന്റേത് എന്റെത് എന്ന അവകാശവാദം ഉന്നയിക്കും, അവിടെയും വിജയിക്കുന്നില്ലെങ്കിൽ മുറിച്ചു മാറ്റുവാനോ പിളർത്തുവാനോ ഉള്ള ശ്രമങ്ങൾ അല്ലെ ഇന്നു എല്ലായിടത്തും പ്രേത്യകിച്ച് ആത്മീകഗോളത്തിലും നടക്കുന്നത്. എത്ര ലേജ്ജകരമായ അവസ്ഥയിൽ എത്തിച്ചേർന്നു നിൽക്കുന്നു ലോകം.

അതല്ലേ അത്ര ലാഘവത്തോടെ പലരും പറയുന്നത് പോകുന്നവർ പോകട്ടെ അല്ലെങ്കിൽ നമുക്ക് രണ്ടായി മുറിച്ചു മാറ്റാം എന്ന് സമ്മതിക്കുന്നതും പറയുവാൻ ധൈര്യം കാണിക്കുന്നതും. എത്ര എളുപ്പമാണ് ഇങ്ങനെയുള്ള വാക്കുകൾ പറയുവാൻ.

വല്ലവനും കഷ്ടപെട്ട മുതൽ നഷ്ടപ്പെട്ടാൽ കഷ്ടപ്പെടാത്തവന്നു എന്തു ചേതം. അവനും കിട്ടുമല്ലോ ഉടച്ചതിൽ ഒരുമുറി. ഇങ്ങനെ എത്രയോ സഭകളിൽ നടക്കുന്നു. ചെല്ലുന്ന സഭകൾ പിളർത്തി വലിയതാക്കിയും എതിർക്കുന്നവരെ പുറത്താക്കിയും ശുശ്രുഷ ചെയ്തു കാലം കഴിക്കുന്ന എത്രയോ പേരെ നാം കാണുന്നു. എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; എന്ന മനോഭാവക്കാരേയും ഒത്തിരി നമുക്ക് ചുറ്റും കാണുവാൻ കഴിയുന്നു. അവരുടെ സ്വയനേട്ടങ്ങൾക്കു വേണ്ടി കഷ്ടപ്പെട്ടവന്റ അധ്വാനം പിടിച്ചുവാങ്ങിയും അല്ലെങ്കിൽ മുറിച്ചുവാങ്ങിയും, കഷ്ടപ്പെട്ടവനെ ബലിയർപ്പിച്ചും മോക്ഷവും വിജയവും നേടുന്നവർ തിരിച്ചറിയുന്നില്ലല്ലോ കാലം ചോദിക്കാൻ പോകുന്ന കണക്കും നഷ്ടപ്പെട്ടവന്റ വേദനയും നൊമ്പരവും.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.