ലേഖനം: ആരാധന സ്നേഹത്തിൽ നിന്നോ | റെജി ജോർജ്, പെണ്ണുക്കര

“സ്നേഹത്തിൽ ഭയമില്ല. ഭയത്തിന് ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കികളയുന്നു. ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല” (1യോഹ:4:18).

വേദപുസ്തകത്തിൽ സ്നേഹത്തെ കുറിച്ച് ഏറ്റവും പ്രാധാന്യത്തോടെ എഴുതിയിട്ടുള്ളത് യോഹന്നാൻ അപ്പോസ്തലനാണ്. അതുകൊണ്ടുതന്നെയാണല്ലോ അദ്ദേഹത്തെ സ്നേഹത്തിന്റെ അപ്പോസ്തലൻ എന്ന് വിളിക്കുന്നത്.

ദൈവത്തെ ഭയഭക്തിയോടെ ആരാധിക്കുവാൻ എല്ലാവരും തല്പരരാണ്, എന്നാൽ ആരാധിക്കുവാനുള്ള ഉൾപ്രേരണ ഭയത്തിൽനിന്നാണോ ഉണ്ടാകേണ്ടത് എന്നത് ചിന്തിക്കേണ്ടതല്ലേ. തികഞ്ഞ സ്നേഹത്തിൽ നിന്നും ഉടലെടുത്തതാവണം ആരാധന. നമ്മുടെ കർത്താവ് തന്നെ സ്നേഹമാണ്. നമ്മെ ശിക്ഷയിൽ നിന്നും വിടുവിക്കുവാൻ സ്വന്തം ജീവൻ നമുക്ക് തന്ന് സ്നേഹിച്ചവനാണ് നമ്മുടെ കർത്താവ്. ആ ത്യാഗത്തെക്കുറിച്ചുള്ള ബോധം ആയിരിക്കണം നമ്മുടെ ആരാധനയ്ക്ക് നിദാനം.

പാപത്തിൽ നിന്നും നാം അകന്ന് നിൽക്കേണ്ടത് അതിനുള്ള ശിക്ഷയെ ഭയന്നിട്ടാകരുത്. അകൃത്യം ചെയ്യാതിരിക്കുന്നത് നരകത്തിന്റെ ഭീകരതയെ ഭയന്നിട്ടും ആകരുത്. മറിച്ച് നാം ചെയ്യുന്നതെന്തും ദൈവത്തോടുള്ള അദമ്യമായ സ്നേഹം മൂലം ആയിരിക്കേണം. അവനെ വേദനിപ്പിക്കുന്നതൊന്നും ചെയ്യുവാൻ യഥാർത്ഥ ദൈവസ്നേഹം ഉള്ളിലുള്ളവന് സാധിക്കില്ല. ഭയം കൊണ്ടും നിർബ്ബന്ധത്താലും ചെയ്യുന്നതെന്തിനും ധാരാളം പരിമിതികൾ ഉണ്ടാവും.

ഒരിക്കൽ ഒരു ജന്മിയുടെ വീട്ടിൽ ചെറുപ്പക്കാരിയായ ഒരു വീട്ടുവേലക്കാരി ഉണ്ടായിരുന്നു. വളരെ ഭയ ബഹുമാനത്തോടെ അവൾ ആ വീട്ടിലെ ജോലികൾ കൃത്യമായി ചെയ്തുപോന്നു. കുറെ നാൾ കഴിഞ്ഞപ്പോൾ യുവാവായ അവളുടെ യജമാനന് അവളോട് പ്രത്യേക ആകർഷണം തോന്നുകയും അവളെ വിവാഹം കഴിച്ച് തന്റെ ഭാര്യയാക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ആ വലിയ വീട്ടിലെ കാര്യങ്ങൾക്കെല്ലാം എന്തെന്നില്ലാത്ത പ്രത്യേകതകളും അടുക്കും ചിട്ടയും ഉണ്ടന്ന് യജമാനന് തോന്നി. എന്തിനേറെ ഭക്ഷണത്തിന് പോലും കൂടുതൽ രുചിയും പുതുമയും അനുഭവപ്പെട്ടു. പൂന്തോട്ടം കൂടുതൽ മനോഹരമായി ചുറ്റും സൗരഭ്യം പകർന്നു. തനിക്ക് ചുറ്റും സൂര്യൻ കൂടുതൽ പ്രകാശം പരത്തുന്നപോലെ അയാൾക്ക് തോന്നി. തന്റെ ഭാര്യയോട് അതേപ്പറ്റി പറഞ്ഞപ്പോൾ അവൾ പറഞ്ഞത്, നമ്മുടെ വിവാഹം വരെ ഞാൻ ഈ വീട്ടിൽ ചെയ്തത് എന്റെ യജമാനനോടുള്ള ഭയവും ലഭിക്കുന്ന ശമ്പളത്തിനുള്ള ജോലി ചെയ്യണമെന്നുള്ള നിർബ്ബന്ധം എന്നെ ഭരിച്ചിരുന്നതുമൂലവും ആണ്. എന്നാൽ അങ്ങ് എന്നെ വരണമാല്യം ചാർത്തി ഭാര്യയാക്കി തീർത്തതോടെ ഞാൻ ഈ വീട്ടിൽ വേലക്കാരിയല്ലാതെയായി. അതിനുശേഷം ഞാൻ ഇവിടെ ചെയ്യുന്നതെല്ലാം എന്റെ പ്രാണനാഥനായ ഭർത്താവിനോടുള്ള നിറഞ്ഞ സ്നേഹം കൊണ്ടാണ്. അങ്ങേക്കുവേണ്ടി എന്തെല്ലാം ചെയ്താലും പോരാ എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. കാരണം ഞാൻ എന്നേക്കാൾ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു.

മറ്റൊരു സംഭവം കൂടി ഞാൻ പറയട്ടെ. എന്റെ കോളേജ് വിദ്യാഭാസകാലത്ത് ഒരു ദിവസം അദ്ധ്യാപകൻ ഞങ്ങളോട് ചോദിച്ചു, പെട്ടെന്ന് വീട്ടിൽ ഒരു വിലപ്പെട്ട അഥിതി വന്നാൽ അയാളെ സൽക്കരിക്കാൻ ഒരു നല്ല ചായ എങ്ങനെ ഉണ്ടാക്കാം എന്ന് ഓരോരുത്തരും പറയുക. ഇതായിരുന്നു അദ്ദേഹം ആവശ്യപെട്ടത്. പെൺകുട്ടികൾ ഭൂരിപക്ഷം ഉണ്ടായിരുന്ന ക്ലാസ്സിൽ നല്ല ചായ ഉണ്ടാക്കുന്ന രീതി പലവിധത്തിൽ കുട്ടികൾ അവതരിപ്പിച്ചു. ചിലർ പാലും വെള്ളവും ഒന്നിച്ച് തിളപ്പിച്ചപ്പോൾ മറ്റുള്ളവർ അത് വേറെ പാത്രങ്ങളിലായി തിളപ്പിച്ചു. ചിലർ കടുപ്പം കൂട്ടി, മറ്റു ചിലർ മധുരം കൂട്ടി. വേറെ ചിലർ ഇഞ്ചിയും ഏലക്കായും ചേർത്ത് മസാല ചായയുണ്ടാക്കി. എന്നാൽ ഈ ഉത്തരങ്ങളിൽ ഒന്നും അദ്ദേഹം തൃപ്തനായില്ല. അവസാനം ഒരു ആൺകുട്ടി പറഞ്ഞു, “മാഷേ, ആദ്യം അഥിതിയുടെ ഹിതം അറിയണം, ശേഷം ചായയിൽ ഓരോ തുള്ളി സ്നേഹവും കരുതലും കൂടി ചേർക്കണം, അത് ചേർക്കാത്ത ചായ രുചിച്ചാൽ അറിയാം സാറെ.”

പ്രിയ വായനക്കാരെ, നമുക്ക് ഒരു ആത്മപരിശോധന നടത്താം. നാം അകൃത്യത്തിന് അടിമകൾ ആവാത്തത് സമൂഹത്തെ ഭയന്നിട്ടാണോ, അതിനുള്ള സാഹചര്യം കിട്ടാഞ്ഞിട്ടാണോ, ദൈവത്തെ ഭയന്നിട്ടാണോ അതോ നമ്മുടെ രക്ഷകന്റെ ത്യാഗത്തെ ഓർക്കുമ്പോഴുള്ള തികഞ്ഞ സ്നേഹം കൊണ്ടാണോ?.

അർഹരായവർക്ക്‌ നാം സഹായത്തിന്റ കരം നീട്ടുമ്പോഴും ദുഖത്തിലിരിക്കുന്നവർക്ക് നമ്മൾ ആശ്വാസമാവുമ്പോഴും ഒക്കെ അത് കർത്താവിനോടുള്ള സ്നേഹം മൂലമാവട്ടെ. സഹതാപം മൂലവും സാഹചര്യങ്ങളുടെ നിർബ്ബന്ധത്താലും ആവാതെയിരിക്കട്ടെ. അങ്ങനെ നമ്മുടെ ആരാധനയും സ്തുതിയും സ്തോത്രവുമെല്ലാം ദൈവ സന്നിധിയിൽ സുഗ്രാഹ്യവും സൗരഭ്യവുമാകട്ടെ!.

റെജി ജോർജ്
പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.