ലേഖനം: മഹാസന്തോഷത്തിന്റെ സുവാർത്ത | ഡെല്ല ജോണ്‍, താമരശ്ശേരി

മഞ്ഞിന്റെ കുളിരും നക്ഷത്രവിളക്കുകളുടെ പ്രഭയും മാറ്റുകൂട്ടുന്ന മനോഹരമായ പുലരികളാണ് ഡിസംബറിന്റെ ആകർഷണീയത. ഒപ്പം അലയടിക്കുന്ന ഗ്ലോറിയ ഗാനത്തിന്റെ മാറ്റൊലികളും…

2000 വർഷങ്ങൾക്കു മുമ്പ് ബേത്ലേഹേമിലെ പാവപ്പെട്ടവരായ ചില
ഇടയഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ആഹ്ലാദത്തിന്റെ ഒരു ശബ്ദം ഉണ്ടായിരുന്നു. നക്ഷത്ര നിശബ്ദതയ്ക്കിടയിലെ ആ മഹത്വ ശബ്ദം ഇങ്ങനെയായിരുന്നു..
” ഭയപ്പെടേണ്ട സർവജനത്തിനും ഉണ്ടാവാനുള്ളൊരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.

അവരുടെ കർണപുടങ്ങളിൽ അലയടിച്ച ഈരടികൾ ഇതായിരുന്നു.

post watermark60x60

“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം: ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം!”

മനുഷ്യ പാപങ്ങൾക്ക് പരിഹാരം ചെയ്യാനായി ദൈവപുത്രനായ യേശുക്രിസ്തു എളിയവരിൽ എളിയവനായി ഭൂമിയിൽ ജനിച്ചതിന്റെ പ്രഘോഷണ മാണ് അന്നവർ കേട്ടത്. ആ ഇടയന്മാർ,കർത്താവ് തങ്ങളോട് അറിയിച്ച സംഭവം വിശ്വസിക്കുകയും ചെന്ന് മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.തങ്ങൾ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് അവരോട് അറിയിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ട് സന്തോഷത്തോടെ മടങ്ങിപ്പോയി.

എന്നാൽ ഇന്ന് ക്രിസ്മസ് ആഘോഷം ആകെ മാറിമറിഞ്ഞിരിക്കുന്നു.

മാനവകുലത്തെ സ്നേഹിച്ച് മനുഷ്യവർഗ്ഗത്തിന് രക്ഷയ്ക്കായി സ്വയം ശൂന്യനാക്കി, ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണം എന്ന് വിചാരിക്കാതെ ദാസ്യരൂപം സ്വീകരിച്ച് ക്രൂശിലെ മരണത്തോളം സ്വയം താഴ്ത്തിയ ദൈവസ്നേഹമാണ് ക്രിസ്മസ് ദിനത്തിൽ സ്മരിക്കപ്പെടേണ്ടത്. ബാഹ്യമായ ആഘോഷങ്ങൾക്കും ആനന്ദങ്ങൾക്കും അമിതപ്രാധാന്യം നൽകി യഥാർത്ഥ ക്രിസ്മസിന്റെ സന്ദേശം ഇന്ന് പാടെ വിസ്മരിക്കപ്പെടുകയാണ്.

ദൈവസ്നേഹം മനുഷ്യാവതാരം ചെയ്തതിന്റെ സദ് വാർത്തയുമായി തിരുപ്പിറവി അനുസ്മരിക്കപ്പെടുമ്പോൾ മറക്കാൻ പാടില്ലാത്ത പലതും ഉണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന നാഥന്റെ സന്ദേശം, കൊടുക്കുകയും പങ്കുവയ്ക്കുകയും ആണ് ദൈവസ്നേഹത്തിന്റെ കാതൽ എന്ന തിരിച്ചറിവ്, സഹാനുഭൂതിയും കാരുണ്യവും ഗുരുവിന്റെ കൈമുതലായിരുന്നു എന്നുള്ള പരമാർത്ഥം. ഇവയൊക്കെ ബോധപൂർവ്വം ഉൾക്കൊണ്ട്
ദൈവസ്നേഹത്തിനു മുൻപിൽ കൂടുതൽ വിനയാന്വിതരും നന്ദിയുള്ളവരും നന്മയുള്ളവരുമായിത്തീരണം. തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ച ചരിത്രമാണ് യേശുവിന്റെ മനുഷ്യാവതാരം.

അന്ന് വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാൽ മഹത്വത്തിന്റെ കർത്താവ്, പ്രപഞ്ചത്തിന്റെ പരമാധികാരി പുറത്താക്കപ്പെട്ടവനായി.ബേത്ലേഹേമിലെ സത്രങ്ങളിലെ സുഖസൗകര്യങ്ങൾ അവർക്ക് നേരെ കൊട്ടിയടക്കപ്പെട്ടു. എന്നാൽ ഇന്ന് ആധുനിക സംസ്കാരത്തിൽ അവന്റെ വിശുദ്ധ വചനത്തിന് ഇടമില്ലാതായി, കാരുണ്യത്തിന് ഇടമില്ല, സ്നേഹത്തിന് ഇടമില്ല.

ദൈവത്വത്തിന്റെ ഔന്നത്യങ്ങളിൽ നിന്ന് മാനവരാശിയുടെ താഴ്ചയിലേക്ക്, സ്വർഗ്ഗത്തിന്റെ ബഹുമാനത്തിൽ നിന്ന് ഭൂമിയുടെ അപമാനങ്ങളിലേക്ക് ഇറങ്ങിവന്ന ആ മഹത് സ്നേഹസന്നിധിയിൽ ഇന്നും എല്ലാവർക്കും ഇടമുണ്ട്.എല്ലാവരെയും ആ സ്നേഹം മാടി വിളിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ടവരും ഏകാന്തത അനുഭവിക്കുന്നവരുമായവർക്ക് അവിടുത്തെ സന്നിധിയിൽ ഇടമുണ്ട്.നിരാശർക്കും നിന്ദ അനുഭവിക്കുന്നവർക്കും ഇടമുണ്ട്. ദരിദ്രർക്കും അവഗണിക്കപ്പെട്ടവർക്കും ഇടമുണ്ട്. പാപികൾക്കും രോഗികൾക്കും ഇടമുണ്ട്.

ഈ മഹാ സന്തോഷത്തിന്റെ സ്മരണ പുതുക്കുന്ന ദിനങ്ങൾ ആവട്ടെ ക്രിസ്മസ് കാലം. അന്യരുടെ സങ്കടങ്ങളിൽ ചേർത്തുപിടിച്ചും അവരുടെ കണ്ണീരു കണ്ടു ഉള്ളംനൊന്തും നിസ്സഹായവരായവർക്ക് സഹായഹസ്തം നീട്ടിയും ഉൾക്കരുത്ത് ഇല്ലാത്തവരെ താങ്ങിയും ഭൂമിയിൽ സ്നേഹ വസന്തം വിരിയിച്ച
ദൈവപുത്രനായയേശുവിന്റെ ജനനത്തിന്റെ സന്തോഷം ഒരിക്കൽ കൂടി അയവിറക്കുമ്പോൾ നമുക്ക് സ്നേഹിക്കാം … പരിഗണിക്കാം… അപരനെയും അയൽക്കാരനെയും….

-ADVERTISEMENT-

-ADVERTISEMENT-

You might also like