മതപരിവര്‍ത്തന വിരുദ്ധ നിയമം: കേന്ദ്രസര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീം കോടതി

ദില്ലി: മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച്‌ സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച്‌ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മതം മാറാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്താന്‍ ഉളള അവകാശം ആര്‍ക്കും നല്‍കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ദാനം നല്‍കുന്നത് മതപരിവര്‍ത്തനത്തിനാകരുതെന്ന് വ്യക്തമാക്കിയ കോടതി വിഷയം ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെയും സുപ്രീം കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. ആക്ടിവിസ്റ്റ് ടീസ്റ്റ് സെറ്റല്‍വാദിന്റ എന്‍ജിഒ ആയ ജസ്റ്റീസ് ആന്റ് പീസ് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് അഭിഭാഷകന്‍ സി യു സിംഗ് ചൂണ്ടിക്കാട്ടിയത്.

ഈയടുത്താണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ പാസാക്കിയത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തമായ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് നിയമസഭയ്ക്ക് പിന്നാലെ നിയമ നിര്‍മ്മാണ കൗണ്‍സിലിലും ബില്ല് പാസാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ബില്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.

-ADVERTISEMENT-

-ADVERTISEMENT-

You might also like