ലേഖനം: രെഫിദീമിലെ പോരാട്ടത്തിൻ്റെ താഴ്വരയിൽ | ബിജോ മാത്യു പാണത്തൂർ

അടിമ വീടായിരുന്ന മിസ്രയീമിൽനിന്ന് വാഗ്ദമുറങ്ങുന്ന കനാനിലേക്ക് പുറപ്പെടുമ്പോൾ യിസ്രായേൽ മക്കളുടെ വായിൽ ആർപ്പും, ചിരിയും നിറഞ്ഞിരുന്നു. അവർക്കായി കടലിനെ വിഭാഗിച്ചത് ദൈവമായിരുന്നു. യഹോവ തന്നെ അവർക്കുവേണ്ടി യുദ്ധം ചെയ്തു. പിന്നീട് സീനായ് മരുഭൂമിയിൽ അവർ പ്രവേശിക്കുന്നു.

യുദ്ധം ചെയ്തു പരിചയം ഇല്ലാതിരുന്ന ഇസ്രായേലിനെ യുദ്ധം അഭ്യസിപ്പിക്കാൻ ദൈവം അമാലേക്കിനെ അവർക്കെതിരെ വരുത്തുന്നു. “നക്കിതുടയ്ക്കുന്നവൻ” എന്നാണ് “അമാലേക്ക്” എന്ന പദത്തിന് ഡിക്ഷ്ണറി നൽകുന്ന അർത്ഥം. വാളുമായി സംഹാരതാണ്ഡവമാടാൻ അമാലേക്ക് വരുമ്പോൾ താഴ്വരയിൽ ഒരു പോരാട്ടത്തിന്റെ കനലുകൾ കത്തി തുടങ്ങുകയായിരുന്നു.

യുദ്ധം മുറുകുമ്പോൾ പരിചയമില്ലാതിരുന്ന ഇസ്രായേൽ ഒരു വശത്ത് കിതക്കാൻ തുടങ്ങുന്നു. മരുഭൂമിയിലെ കൊള്ള സംഘങ്ങളായ അമാലേക്യർ പൊരുതി മുന്നേറുന്നു. അപ്പോൾ ദൈവം മോശയോട് മലയിൽ കയറി കൈ ഉയർത്തി നിൽക്കാൻ ആവശ്യപ്പെടുന്നു. രാവിലെ മുതൽ സന്ധ്യ വരെ മോശ മലയിൽ കൈ ഉയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്നു.

യോശുവ താഴ്വരയിൽ പോരാട്ടത്തിന് നേതൃത്വം നൽകുന്നു. മോശയുടെ കൈകൾ ഉയർന്നിരിക്കുമ്പോൾ താഴ്‌വരയിൽ യിസ്രായേൽ വിജയിക്കും. മോശയുടെ കരങ്ങൾ പതുക്കെ താഴുമ്പോൾ അമലേക്കിന് യുദ്ധത്തിൽ മേൽകൈയുണ്ടാകുന്നു. പിന്നീട് അമലേക്കിനെ ഭൂമിയിൽ നിന്നും “തുടച്ചു നീക്കാൻ” ദൈവം പറയുന്നു.

മോശയും, അമാലേക്കും,പഴയ ഇസ്രായേൽ പോരാളികളുമെല്ലാം കാലയവനികക്കകത്ത് പോയി മറഞ്ഞെങ്കിലും ഈ പോരാട്ടം എന്നും നിർബാതം തുടരുന്നു. എങ്ങനെ? ആത്മീയ ജീവിതത്തിൽ അമാലേക്ക് ജഡത്തെ കുറിക്കുന്നു. പ്രാർത്ഥനയുടെ ഉയർത്തിപ്പിടിച്ച കരങ്ങൾ വിശുദ്ധ ജനത്തിന് ജഡത്തെ തോൽപ്പിക്കാനുള്ള ആയുധങ്ങളാണ്.

പ്രാർത്ഥനയാകുന്ന കരം ഉയർന്നുനിൽക്കുമ്പോൾ ജഡം പരാജയപ്പെടുന്നു. പ്രാർത്ഥനാജീവിതം കുറയുമ്പോൾ നാം ജഡത്തോട് തോൽക്കുന്നു. ആത്മീക നന്മയെ മുഴുവനായും “നക്കി തുടയ്ക്കുന്ന” ജഡീക സ്വഭാവത്തെ തോൽപ്പിക്കാൻ പ്രാർത്ഥനയുടെ കരം നമ്മുടെ ജീവിതത്തിൽ ഉയർന്നു നിൽക്കേണ്ടതുണ്ട്.

മോശ മലമുകളിൽ കൈ ഉയർത്തിപ്പിടിക്കുമ്പോൾ താഴ്വരയിൽ യോശുവയ്ക്ക് ഒരു വിജയമുണ്ട്. സാധാരണ പറയും പോലെ ‘നാമൊരു യുദ്ധക്കളത്തിലാണ്’. സർവ്വായുധങ്ങൾ ധരിച്ച്, വചനമാകുന്ന വാൾ ഉയർത്തിപ്പിടിച്ച്, ജഡത്തോടും പിശാചിനോടും നിരന്തര പോരാട്ടത്തിൽ ഏർപ്പെടാം. പ്രാർത്ഥനയുടെ കരങ്ങൾ ഉയർന്നു തന്നെ നിൽക്കട്ടെ.. ജഡം തോൽക്കട്ടെ.. ആത്മ മനുഷ്യൻ ശക്തി പ്രാപിക്കട്ടെ..

ബിജോ മാത്യു പാണത്തൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.